20 April Saturday

സേവനം വയനാട്ടിൽനിന്ന്‌ വള്ളംകുളം വരെ

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

 ഇരവിപേരൂർ

വയനാട് ജില്ലയിലെ നെന്മേനി പഞ്ചായത്ത് മുൻ പ്രസിഡന്റ് ഇരവിപേരൂർ 14ാം വാർഡിൽ മത്സരിക്കുന്നുവെന്ന വിവരം സാമൂഹ്യമാധ്യമങ്ങളിൽ കണ്ട പലരും നെറ്റി ചുളിച്ചു. അപൂർവമായ ഒരു തെരഞ്ഞെടുപ്പങ്കത്തിന്റെ കഥയിങ്ങനെ: വള്ളംകുളം രവിഭവനിൽ കെ എൻ രാജപ്പൻ ​സർക്കാർ സർവീസിൽ അധ്യാപകനായും ഭാര്യ കെ കെ വിജയമ്മ വയനാട്ടിലെ ചീരാൽ ജെയുപിഎസിൽ അധ്യാപികയായും ജോലിചെയ്തിരുന്നു. എയ്‌ഡഡ് സ്കൂൾ അധ്യാപകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നുള്ള ആനൂകൂല്യത്തിന്റെ ബലത്തിൽ വിജയമ്മ 1999ൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചു. ഭൂരിപക്ഷം ലഭിച്ച ഇടതുപക്ഷത്തിന് മുന്നോട്ടുവയ്ക്കാനുണ്ടായിരുന്നത് നേതൃപാടവമുള്ള കെ കെ വിജയമ്മയെയായിരുന്നു. അങ്ങനെ 1999 മുതൽ 2000 വരെ നെന്മേനി ​പഞ്ചായത്ത് പ്രസിഡന്റായി. 
വയനാട് ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്താണ് നെന്മേനി. 23 വാർഡുകളുണ്ട്.  ഇടയ്ക്ക് പഞ്ചായത്ത് വിഭജിച്ച് ചീരാൽ പഞ്ചായത്ത് രൂപീകരിച്ചെങ്കിലും കോടതി നടപടിയെതുടർന്ന് നടപ്പായില്ല. നിർദിഷ്ട ചീരാൽ പഞ്ചായത്തിനുള്ള ഓഫീസ് കെട്ടിടം, ആയുർവേദ ആശുപത്രി കെട്ടിടം തുടങ്ങിയ വലിയ വികസന പ്രവർത്തനങ്ങൾ കെ കെ വിജയമ്മ പ്രസിഡന്റായിരുന്നപ്പോഴാണ് പൂർത്തിയായത്. തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന പഞ്ചായത്തായതിനാൽ ഭാഷാപരമായ പ്രശ്നങ്ങളും അരലക്ഷത്തോളം ജനസംഖ്യയുള്ളതും ഭരണപരമായി ഏറെ വെല്ലുവിളി ഉയർത്തുന്നതായിരുന്നു. ഭൂമിശാസ്ത്രപരമായ പ്രതികൂലഘടകങ്ങളും ഏറെ. ജനകീയാസൂത്രണത്തിന്റെ ആദ്യ കാലഘട്ടമായതിനാൽ ജനകീയാസൂത്രണ മികവിന് അന്നത്തെ നായനാർ സർക്കാർ അവാർഡ് പ്രഖ്യാപിച്ചിരുന്നു. പ്രതികൂലഘടകങ്ങളെ അതിജീവിച്ച് നെന്മേനി പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാംസ്ഥാനം നേടി. ഭർത്താവ് കെ എൻ രാജപ്പൻ പിന്നീട് എഇഒ ആയി സർവീസിൽ നിന്ന് വിരമിച്ചശേഷവും വയനാട്ടിൽ തുടർന്നു. 2005ൽ വിജയമ്മയും വിരമിച്ചു. 2014ലാണ് വള്ളംകുളത്ത് തിരച്ചെത്തിയത്. അന്ന് മുതൽ രാഷ്ട്രീയരം​ഗത്തും സാമൂഹിക രം​ഗത്തും ഇരുവരും സജീവം. കാവുങ്കൽ ബ്രാഞ്ച് സെക്രട്ടറി, മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കെ എൻ രാജപ്പൻ സിപിഐ എം ഇരവിപേരൂർ ലോക്കൽ സെക്രട്ടറിയാണ്‌. 2015ൽ വയനാട്ടിലാണ് വോട്ട് ചെയ്‌തതെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ ഇരവിപേരൂർ പഞ്ചായത്തിലെ വോട്ടർമാരാണ് ഇരുവരും. മകൻ രവി എം ആർ അബുദാബിയിൽ ജോലിചെയ്യുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top