23 January Saturday

റാന്നി ശരിക്കും റാണി

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

 റാന്നി

കഴിഞ്ഞ അഞ്ചുവർഷത്തെ എൽഡിഎഫ് ഭരണം കൊണ്ട് റാന്നിയിൽ സമാനതകളില്ലാത്ത വികസന നേട്ടമാണ് ഉണ്ടായത്‌. റാന്നി ശരിയായ അർഥത്തിൽ മലയോരറാണിയായി. അതിന്‌ ചുക്കാൻ പിടിച്ചത് രാജു ഏബ്രഹാം എംഎൽഎ. ഏതാണ്ട് 1700 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കിവരുന്നത്. 
റോഡുകളും പാലങ്ങളും
റാന്നിയുടെ ഹൃദയത്തിലൂടെ കടന്നുപോകുന്ന പുനലൂർ–-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ വികസനമാണ് അതിൽ ഏറ്റവും വലുത്. പ്ലാച്ചേരി മുതൽ കോന്നി വരെയുള്ള ഭാഗം 270 കോടി ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിൽ പുനരുദ്ധരിക്കുന്നത്. 
റാന്നിയുടെ പടിഞ്ഞാറൻ മേഖലയെ കിഴക്കൻ മേഖലയുമായി ബന്ധപ്പെടുത്തുന്ന പ്രധാന പദ്ധതിയാണ് മoത്തുംചാൽ –-വെച്ചൂച്ചിറ – -മുക്കൂട്ടുതറ റോഡ് വികസനം. 43 കോടിയാണ്‌ ചെലവഴിക്കുന്നത്. പമ്പാനദിക്ക്‌ കുറുകെ പുതിയപാലത്തിന്‌ കിഫ്ബി മുഖാന്തിരം  27 കോടി രൂപ വകയിരുത്തിയിരിക്കുന്നു. 
ശബരിമല പാതയിൽ വടശേരിക്കര പുതിയ പാലം (16 കോടി) ടെൻഡർ കഴിഞ്ഞു.  ചെത്തോംകര–-അത്തിക്കയം–-മടത്തും മൂഴി ,മടന്തമൺ-–-വെച്ചൂച്ചിറ , തിരുവല്ല–-റാന്നി , അറുവച്ചാൻ കുഴി–-ഐത്തല–-- ഇട്ടിയപ്പാറ തീരദേശപാത, റാന്നി–-വടശ്ശേരിക്കര, ജേക്കബ് റോഡ് ,തടിയൂർ-–-പേരുച്ചാൽ,പേരൂച്ചാൽ–-ഉതിമൂട് -–-കുമ്പളാംപൊയ്ക, കുമ്പളാംപൊയ്ക–-അട്ടച്ചാക്കൽ , ബാസ്റ്റോ വൺ, ബാസ്റ്റോ ടൂ, നരിക്കുഴി–-പാലച്ചുവട്,  തെള്ളിയൂർ–-വലിയ കാവ്, ചെറുകോൽപ്പുഴ–-മണിയാർ എന്നീ റോഡുകളുടെ ഉന്നത നിലവാരത്തിലുള്ള പുനരുദ്ധാരണവും നടക്കുന്നു. വർഷങ്ങളായി മുടങ്ങിക്കിടന്ന പേരുച്ചാൽ പാലം നിർമാണം പൂർത്തിയാക്കാനായി. 
ആശുപത്രികൾ 
മികച്ചവ
റാന്നി താലൂക്ക് ആശുപത്രി സ്പെഷ്യാലിറ്റിയായി ഉയർത്തി 35 ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി. പുതിയ സ്ഥലം വാങ്ങാനുള്ള നടപടികളും നടന്നുവരുന്നു. ഇവിടെ 30 കോടി രൂപ ചെലവിൽ 12 നില കെട്ടിടമാണ് നിർമിക്കുക. വെന്റിലേറ്ററുകൾ എംഎൽഎ ഫണ്ടിൽനിന്നും വാങ്ങി നൽകി. 14 ഡയാലിസിസ് യൂണിറ്റുകളും സ്ഥാപിച്ചു. മണ്ഡലത്തിലെ എല്ലാ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും നിലവാരം മെച്ചപ്പെടുത്തി. എഴുമറ്റൂർ സിഎച്ച്സിക്ക് പുതിയ കെട്ടിടം, വടശേരിക്കര പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി.  
സ്‌കൂളും കോളേജും സ്‌മാർട്ട്‌
സർക്കാർ സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമിച്ചുനൽകി. വെച്ചൂച്ചിറ, ഇടമുറി, എഴുമറ്റൂർ, കിസുമം എന്നീ ഗവ. ഹയർസെക്കൻഡറി സ്കൂളുകൾക്കും സർക്കാർ എൽപി, യുപി സ്കൂളുകൾക്കും കെട്ടിടങ്ങൾ നിർമിച്ചു. വനത്തിനുള്ളിലെ കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുന്ന അട്ടത്തോട് ഗവ. എൽപി സ്കൂളിന് കെട്ടിടം നിർമിക്കാൻ മൂന്നു കോടി രൂപ അനുവദിച്ചു. കിസുമം സ്കൂളിന് ഒരു കോടി രൂപ അനുവദിച്ചു. സ്‌കൂളുകൾ ഹൈടെക്‌ ആക്കി. എംഎൽഎ ഫണ്ടിൽ നിന്നും സ്‌കൂൾബസുകളും ലഭ്യമാക്കി. സ്മാർട്ട് ക്ലാസ്റൂം, കംപ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ എന്നിവയും നൽകിയിട്ടുണ്ട്. 
അയിരൂർ ഐഎച്ച്ആർഡിക്ക് കെട്ടിടം നിർമിക്കാൻ എംഎൽഎ ഫണ്ടിൽനിന്നും മൂന്നു കോടിയോളം അനുവദിച്ചുനൽകി. റാന്നി ഗവ. ഐടിഐക്ക് അഞ്ചുകോടി രൂപയുടെ പുതിയ കെട്ടിട നിർമാണം നടക്കുന്നു. വെച്ചൂച്ചിറ പോളിടെക്നിക്കിന് 15 കോടി രൂപ മുടക്കി കെട്ടിടവും ഹോസ്റ്റൽ സൗകര്യങ്ങളും ഏർപ്പെടുത്തി നൽകി. വൈദ്യുതോൽപാദന രംഗത്ത്‌ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. 
എല്ലാരംഗത്തും വികസനം
32 കോടിയുടെ റാന്നി മേജർ കുടിവെള്ള പദ്ധതി മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു. കൂടാതെ പെരുനാട് - അത്തിക്കയം കുടിവെള്ള പദ്ധതി 42 കോടി, കാഞ്ഞീറ്റുകര പദ്ധതി 45 കോടി, നിലയ്ക്കൽ കുടിവെള്ള പദ്ധതി 140 കോടി, കൊല്ലമുള കുടിവെള്ള പദ്ധതി, ആനിക്കാട് കുടിവെള്ള പദ്ധതി എന്നിവയും നടപ്പാക്കി. അങ്ങാടി കൊറ്റനാട്, ചെറുകോൽ നാരങ്ങാനം എന്നീ കുടിവെള്ള പദ്ധതികളുടെ നടപടികൾ അവസാനഘട്ടത്തിലാണ്.
ടൂറിസം രംഗത്ത്‌ അഞ്ച്‌ കോടിയോളം രൂപ ചെലവഴിച്ച് പെരുന്തേനരുവി ടൂറിസം പദ്ധതി രണ്ടാംഘട്ടം പൂർത്തീകരിച്ചു. റാന്നി കോർട്ട് കോംപ്ലക്സ്, ബൊട്ടാണിക്കൽ ഗാർഡൻ (അഞ്ച്‌ കോടി) എന്നിവയ്ക്കും അനുമതി ലഭിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റർ പ്ലാൻ പ്രകാരമുള്ള വികസന പ്രവർത്തനങ്ങൾക്ക് 140 കോടിയാണ് അനുവദിച്ചിട്ടുള്ളത്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top