24 April Wednesday

പത്തനംതിട്ടയുടെ ആരോഗ്യ തലസ്ഥാനം

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

 പത്തനംതിട്ട 

മലയോര ജില്ലയിൽ മെഡിക്കൽ കോളേജ്‌ വന്നത്‌ അതിവേഗമായിരുന്നു. അരുവാപ്പുലം പഞ്ചായത്തിൽ, പ്രകൃതിയോട്‌ ഇഴുകിച്ചേർന്ന പ്രദേശത്ത്‌ ഒരു ആരോഗ്യകേന്ദ്രം. എൽഡിഎഫ്‌ സർക്കാരിന്റെ വികസനവേഗത്തിന്‌ തെളിവാണ്‌ ഇത്രവേഗത്തിൽ കോന്നി മെഡിക്കൽ കോളേജ്‌ യാഥാർഥ്യമാക്കിയത്‌. സെപ്‌തംബറിൽ‌ ഒപി പ്രവർത്തനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. 
ആകെ 50-0 കോടി രൂപ ചെലവുള്ള മെഡിക്കൽ കോളേജിന്റെ ആദ്യഘട്ട നിർമാണമാണ്‌ സെപ്‌തംബറിൽ പൂർത്തിയായത്‌. ആശുപത്രി കെട്ടിടവും (32,900 സ്‌ക്വയർ മീറ്റർ) അക്കാദമിക്‌‌ ബ്ലോക്കും (16,300 സ്‌ക്വയർ മീറ്റർ)‌ ഒരുങ്ങി.‌ 2015ൽ നിർമാണമാരംഭിച്ച മെഡിക്കൽ കോളേജിന്റെ ഭൂരിപക്ഷ നിർമാണവും നടത്തിയത്‌ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌. രണ്ട്‌ പ്രളയവും കോവിഡുമെല്ലാം അതിജീവിച്ച്‌ ആദ്യഘട്ടം പൂർത്തിയാക്കി. ഇതുവരെ ചെലവഴിച്ച 110 കോടി രൂപയിൽ 74 കോടിയും വിനിയോഗിച്ചത് ഈ സർക്കാരിന്റെ കാലത്താണ്. ഇനി ആധുനിക ചികിത്സാ ഉപകരണങ്ങൾ കൂടി എത്തുന്നതോടെ പ്രവർത്തനം പൂർണ തോതിലാകും. 2022–-23 അധ്യയന വർഷത്തിൽ എംബിബിഎസ്‌ അഡ്‌മിഷൻ ആരംഭിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.‌
ഇഴഞ്ഞു നീങ്ങിയ പ്രവൃത്തി‌ എൽഡിഎഫ‌് വന്ന ശേഷം വേഗംവച്ചു. പ്രതീക്ഷിച്ച സമയത്ത്‌ ഒന്നാംഘട്ടം പൂർത്തിയാക്കി. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും സജീവമായി ഇടപെട്ട്‌ മുന്നിൽ നിന്നത്‌ അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ ആയിരുന്നു.
കോന്നി നിയോജക മണ്ഡലത്തിലെ അരുവാപ്പുലം പഞ്ചായത്തിലെ അമ്പതേക്കറിലാണ്‌ ആശുപത്രിയും കോളേജും നിർമിച്ചത്‌‌.   അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ക്യാന്റീൻ, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്‌സുകൾ, ലോൺട്രി, അനിമൽ ഹൗസ്, ഓഡിറ്റോറിയം, മോർച്ചറി തുടങ്ങിയവ രണ്ടാംഘട്ടമായി നിർമിക്കും. ഇത് കിഫ്ബി മുഖേന നടപ്പാക്കുന്നതിനായി 351.72 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ 800 പേർക്ക്‌ താമസിക്കാൻ കഴിയുന്ന ഹോസ്‌റ്റലാണ്‌ പണിയുന്നത്‌. പത്ത്‌ നിലയുള്ള നാല്‌ ടവറുകളായാണ്‌ സ്‌റ്റാഫ്‌ ക്വാർട്ടേഴ്‌സ്‌ പണിയുക‌. ഇരുനൂറ്‌ കിടക്കകൾക്ക്‌ സൗകര്യമുള്ള കെട്ടിടം കൂടി വരുന്നതോടെ ആകെ കിടക്കകൾ 500 ആകും. രണ്ടാം ഘട്ടത്തിന്റെ മാത്രം ചെലവ്‌ 353 കോടി  രൂപ. 
പത്തനംതിട്ട ജില്ലക്കാർക്ക്‌ സർക്കാർ മേഖലയിൽ വിദഗ്‌ധ ചികിത്സ ലഭിക്കാൻ‌ ഇതുവരെ കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളായിരുന്നു ആശ്രയം. ഇനി ആ ബുദ്ധിമുട്ട്‌ ഇല്ല. മെഡിക്കൽ കോളേജിലേക്ക്‌ എത്താൻ വിശാലമായ പുതിയ റോഡും പണിതീർത്തു. കെഎസ്‌ആർടിസി ബസ്‌ സർവീസുകൾ തുടങ്ങി.   
രണ്ടാംഘട്ട നിർമാണത്തിനായി 241 കോടി രൂപ കിഫ്‌ബി അനുവദിച്ചിട്ടുണ്ട്‌. മെഡിക്കൽ കോളേജിലേക്ക്‌ 286 പുതിയ തസ്‌തികകൾ സൃഷ്ടിച്ചതോടെ കാര്യങ്ങൾ അതിവേഗം മുന്നേറുകയാണ്‌. കിടത്തി ചികിത്സക്ക് വേണ്ട ഉപകരണങ്ങൾക്കും മറ്റുമായി‌ 102 കോടിയുടെ പദ്ധതി എച്ച്‌എൽഎൽ സമർപ്പിച്ചിട്ടുണ്ട്‌. 
ശബരിമല തീർഥാടകർക്ക‌് ഏറ്റവുമടുത്ത‌് അത്യാധുനിക ചികിത്സ ലഭ്യമാക്കാൻ മെഡിക്കൽ കോളേജ‌് സഹായകമാകും. അടിയന്തര സാഹചര്യങ്ങളിൽ ഹെലികോപ‌്ടറിൽ രോഗികളെ എത്തിക്കാൻ ഹെലിപാഡ‌് നിർമിക്കുന്നുണ്ട‌്. മുമ്പ‌് തീർഥാടകർക്ക‌് പത്തനംതിട്ട ജനറൽ ആശുപത്രി മാത്രമായിരുന്നു ആശ്രയം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top