25 April Thursday
കൗതുകമായി നാഗശലഭം

പേടിക്കേണ്ട; 
പാമ്പിന്റെ ലുക്കേ ഉള്ളൂ

തോപ്പിൽ രജിUpdated: Tuesday Aug 3, 2021

കരിമാൻതോട് തൂമ്പാക്കുളം രാധാപുരത്ത് എം ആർ വാസുദേവന്റെ 
വീട്ടുമുറ്റത്ത് എത്തിയ നാഗശലഭം

ചിറ്റാർ
അതിഥിയായെത്തിയ നാഗശലഭം വീട്ടുകാർക്ക് കൗതുകക്കാഴ്ചയായി. ഒറ്റനോട്ടത്തില്‍ ചിത്രശലഭമാണ്. സൂക്ഷിച്ചുനോക്കിയാല്‍ പേടിയാകും. ചിറകുകളുടെ അറ്റം പാമ്പിന്റെ വായപോലെ. രൂപത്തിലേയുള്ളൂ ഈ ഭീകരത. അറ്റാക്കസ് ടാപ്രോബനിസ് എന്നതാണ് ശാസ്ത്രീയ നാമം. അറ്റ്‌ലസ് ശലഭത്തി​ൻെറ ഉപവർഗമായി കണക്കാക്കുന്ന ഇവ ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും ധാരാളമായി കാണുന്നു. ഭൂപടത്തിന്റെ രൂപത്തിലായതിനാല്‍ ഇത് അറിയപ്പെടുന്നത് അറ്റ്‌ലസ് കോബ്ര മോത്ത് എന്നാണ്. മൂര്‍ഖന്റെ മുഖമുള്ള ചിറകായതിനാല്‍ മലയാളത്തില്‍ ഇതിനെ വിളിക്കുന്നത് നാഗശലഭം എന്നും. 
കരിമാൻതോട് തൂമ്പാക്കുളം രാധാപുരത്ത് എം ആർ വാസുദേവന്റെ വീട്ടുമുറ്റത്താണ് നാഗശലഭം വിരുന്നെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട്‌ അഞ്ചു മണിയോടെ വീട്ടുമുറ്റത്ത് അസാമാന്യ വലിപ്പമുള്ള ശലഭത്തെ കാണുകയായിരുന്നു. അപൂര്‍വ ഇനമെന്നറിഞ്ഞ്‌ നാട്ടുകാരും കാണാനെത്തി. നിശാശലഭമായതിനാല്‍ രാത്രിയാണ് സ‍ഞ്ചാരം. പകല്‍സമയത്ത് വീട്ടുപരിസരത്ത് ഇവ അപൂര്‍വമായി മാത്രമേ എത്താറുളളൂ. 
നിശാശലഭങ്ങളിലെ രാജാവാണ് നാഗശലഭം. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഈ നിശാശലഭം തെക്കുകിഴക്കൻ ഏഷ്യയിലെ വനമേഖലകളിൽ ഈർപ്പമുള്ള പ്രദേശങ്ങളിൽ കൂടുതലായി കണ്ടുവരുന്നു. സാധാരണഗതിയിൽ 10 മുതൽ 12 ഇഞ്ചുവരെയാണ് വിടർത്തിയ ചിറകുകളുടെ നീളം. ചുവപ്പ് കലർന്ന തവിട്ടുനിറമാണ് ഇതിന്. മുൻചിറകുകളിൽ പാമ്പി​ന്റെ കണ്ണുകളെപ്പോലെ കറുത്ത പൊട്ടുകളുണ്ട്. ശത്രുക്കളിൽനിന്ന് രക്ഷനേടാൻ ഇതുപകരിക്കുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top