24 April Wednesday
പനി കൂടുന്നു

പനി ക്ലിനിക്കുകൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
പത്തനംതിട്ട
ജില്ലയിൽ പനി ബാധിതർ കൂടുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പനി ബാധിച്ച്‌ ആശുപത്രികളിൽ എത്തുന്നവുടെ എണ്ണം വർധിച്ചിരിക്കുകയാണ്‌. പനി ബാധിച്ച്‌ ആശുപത്രികളിൽ എത്തുന്ന രോഗികളുടെ ദിനംപ്രതി എണ്ണം 300 അടുത്തു. മഴക്കാലമാകുന്നതോടെ പനി ബാധിതരുടെ എണ്ണം ഇനിയും ഉയരും. ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും കൂടുകയാണ്‌. ഡെങ്കിപ്പനിയും എലിപ്പനിയും വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. പനിയുള്ളവർ സ്വയം ചികിത്സ ഒഴിവാക്കി ഡോക്‌ടറുടെ സേവനം തേടണം.  മഴക്കാല രോഗവ്യാപനം മുന്നിൽ കണ്ട്‌ സംസ്ഥാനത്ത്‌ പനി ക്ലിനിക്കുകളും വെള്ളിയാഴ്‌ച മുതൽ ആരംഭിച്ചിട്ടുണ്ട്‌. 
    പനി ബാധിതരുടെ എണ്ണം കഴിഞ്ഞ വർഷം ഈ സമയത്തെ അപേക്ഷിച്ച്‌ 10,000ൽ അധികമാണ്‌ വർധിച്ചത്‌.   ജൂൺ രണ്ട്‌ വരെ ആകെ പനി ബാധിതരുടെ എണ്ണം 33,097 ആയി. കഴിഞ്ഞ വർഷം ജൂൺ ഒന്ന്‌ വരെ രോഗികളുടെ എണ്ണം 22,871 മാത്രമായിരുന്നു. വെള്ളിയാഴ്‌ച മാത്രം 288 പേർ ജില്ലയിലെ വിവധ ആശുപത്രികളിലായി പനി മൂലം ചികിത്സ തേടി. ഈ ആഴ്‌ച ആശുപത്രിയിൽ എത്തുന്ന ശരാശരി രോഗികളുടെ എണ്ണം 250നോട്‌ അടുത്തു. മെയ് മാസത്തിൽ 5,902 പേരാണ്‌ പനിക്കായി ചികിത്സ തേടിയത്‌. കഴിഞ്ഞ വർഷം ഇത്‌ 3,814 ആയിരുന്നു. 
 ഡെങ്കിപ്പനിയും ജില്ലയിൽ പടരുന്നു. ഈ വർഷം ഇതുവരെ 59 പേർക്ക്‌ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മെയ്‌ മാസം 33 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഈ മാസം ഇതുവരെ അഞ്ച്‌ പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്‌ച ഒരാൾക്കും വെള്ളിയാഴ്‌ച നാലാൾക്കും.  ഈ വർഷം ഇതുവരെ 14 പേർക്ക്‌ എലിപ്പനിയും സ്ഥിരീകരിച്ചു.
   പനി ബാധിച്ച്‌ എത്തുന്ന രോഗികൾ മറ്റ്‌ രോഗികളുമായി അടുത്ത്‌ ഇടപഴകുന്നത്‌ ഒഴിവാക്കാനായാണ്‌ പ്രത്യേക ക്ലിനിക്‌ ആരംഭിച്ചിരിക്കുന്നത്‌. പനിയുമായി എത്തുന്നവർക്ക്‌ നേരിട്ട്‌ ഡോക്‌ടറെ കാണാൻ സാധിക്കും. താലൂക്ക്‌ ആശുപത്രി മുതലുള്ള പ്രധാന ആശുപത്രികളിലാണ്‌ ക്ലിനിക്‌ ആരംഭിച്ചിരിക്കുന്നത്‌. റാന്നി, കോന്നി, തിരുവല്ല, മല്ലപ്പള്ളി താലൂക്ക്‌ ആശുപത്രികളിലും പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികളിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലുമാണ്‌ ജില്ലയിലെ ക്ലിനിക്‌ പ്രവർത്തിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top