29 March Friday

കരുത്തായി വനിതാ പൊലീസ്‌ സ്‌റ്റേഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020

 പത്തനംതിട്ട

ഈ വർഷത്തെ വിഷുദിനത്തിൽ ജില്ലക്ക്‌ കൈനീട്ടമായി കിട്ടിയത്‌ വനിതാ പൊലീസ്‌ സ്‌റ്റേഷൻ. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ പുതുതായി അനുമതി നൽകിയ നാല്‌ വനിതാ പൊലീസ് സ്റ്റേഷനുകളിൽ ഒന്നാണ്‌ വീണാ ജോർജ്‌ എംഎൽഎയുടെ ശ്രമഫലമായി പത്തനംതിട്ടക്ക്‌ ലഭിച്ചത്‌. വനിതാ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എ ആർ ലീലാമ്മയുടെ നേതൃത്വത്തിൽ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾക്കായി ഈ സ്‌റ്റേഷൻ പ്രവർത്തിക്കുന്നു. 
ജില്ല മുഴുവൻ പുതിയ വനിതാ സ്റ്റേഷന്റെ അധികാര പരിധിയായി നിർണയിച്ചു നൽകിയിട്ടുണ്ട്. പരാതികളുടെ അന്വേഷണം, കേസുകൾ രജിസ്റ്റർ ചെയ്യൽ, കേസ് അന്വേഷണം, അറസ്റ്റ് തുടങ്ങിയ എല്ലാ നടപടിക്രമങ്ങളും അധികാരപ്പെടുത്തി നൽകിയിരിക്കുന്നു. പൊതുജനങ്ങൾക്ക് നേരിട്ട് പരാതികൾ സമർപ്പിക്കാം.  ഇമെയിലിലും അയയ്ക്കാം. മെയിൽ ഐഡി showpspta.pol@kerala.gov.in. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾക്ക് മുന്തിയ പരിഗണന നൽകും. എത്രയും വേഗം നീതി ലഭ്യമാക്കാൻ തക്കവിധം പ്രവർത്തനം കാര്യക്ഷമമായി നടപ്പാക്കും.
താഴെ വെട്ടിപ്പുറത്ത് കലക്ടറുടെ പഴയ ഔദ്യോഗിക വസതിയിലാണ് നിലവിൽ ഇതിന്റെ പ്രവർത്തനം. ഒരു ഇൻസ്പെക്ടർ, മൂന്ന് സബ് ഇൻസ്പെക്ടർമാർ, നാല് സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ, മൂന്ന് സിവിൽ പൊലീസ് ഓഫീസർമാർ എന്നിവരെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി നിയമിച്ചിട്ടുണ്ട്‌. വനിതാ ഹെൽപ്പ് ലൈനെ പുതിയ സ്റ്റേഷനിലേക്ക് ചേർത്തു. അവിടുത്തെ ടോൾഫ്രീ നമ്പർ ആയ 1091 ലേക്കും ടോൾ ഫ്രീ നമ്പറായ 112, ക്രൈം സ്റ്റോപ്പർ നമ്പറായ 1090 എന്നിവയിലേക്കും പൊതുജനങ്ങൾക്ക് വിളിച്ച് വനിതാ പോലീസ് സ്റ്റേഷനിൽ നിന്നുള്ള സേവനം തേടാം. ബന്ധപ്പെടാവുന്ന നമ്പറുകൾ: സ്റ്റേഷൻ - 04682272100. വനിതാ പൊലീസ് ഇൻസ്പെക്ടർ 9497908530.
എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തുമ്പോൾ സ്‌ത്രീസുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന്‌ ഉറപ്പുനൽകിയിരുന്നു. വനിതാ പൊലീസ്‌ സ്‌റ്റേഷൻ അത്തരം നീക്കങ്ങൾക്ക്‌ ഊർജമാകുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top