പത്തനംതിട്ട
കുടുംബശ്രീ അംഗങ്ങൾക്ക് വിവിധ വിഷയങ്ങളിൽ ക്ലാസ് നൽകുന്നതിന് കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന തിരികെ സ്‌കൂളിലേക്ക് പദ്ധതി ജില്ലാ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. കുടുംബശ്രീ സംഘടന സംവിധാനം കൂടുതൽ മെച്ചപ്പെടുത്താനും, പുതിയ സാധ്യതകൾ പരമാവധി കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളെ പരിചയപ്പെടുത്തുവാനും കുടുംബശ്രീ സംസ്ഥാനമിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്നാണ് തിരികെ സ്‌കൂളിലേക്ക് എന്ന കാമ്പയിനു തുടക്കം കുറിക്കുന്നത്. അതിജീവനത്തിന്റെ ഏറ്റവും ഉദാത്ത മാതൃകയാണ് കുടുംബശ്രീ എന്ന് ഉദ്ഘാടനം നിർവഹിച്ച് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
രാവിലെ 9.30 മുതൽ 4.30 വരെയാണ് ക്ലാസ് സമയം. 9.30 മുതൽ 9.45 വരെ അസംബ്ലിയാണ്. ഇതിൽ കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. അതിനു ശേഷം ക്ലാസുകൾ ആരംഭിക്കും. സംഘാടന ശക്തി അനുഭവ പാഠങ്ങൾ, അയൽക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മ-ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം-ആശയങ്ങൾ പദ്ധതികൾ, ഡിജിറ്റൽ കാലം എന്നിവയാണ് പാഠ്യ വിഷയങ്ങൾ. ഇവയോരോന്നും അഞ്ചു പാഠങ്ങളായി തിരിച്ചാണ് പരിശീലനം നൽകുക. പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സൺമാരാണ് അധ്യാപകരായി എത്തുന്നത്.
കലക്ടർ ദിവ്യ എസ് അയ്യർ മുഖ്യാതിഥിയായി. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആദില, പള്ളിക്കൽ പഞ്ചായത്ത് സെക്രട്ടറി സജീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മനു, എ പി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..