18 December Thursday

മണിയാർ ഡാമിന്റെ 
അറ്റകുറ്റപ്പണികൾ ഉടൻ തുടങ്ങും

പി അനൂപ്‌Updated: Monday Oct 2, 2023
റാന്നി
മണിയാർ ഡാമിന്റെ അറ്റകുറ്റപ്പണികൾ ഉടൻ തുടങ്ങും. ഡാമിന്റെ 5 ഷട്ടറുകൾ ഉൾപ്പെടെ മാറുന്ന പ്രവർത്തികൾക്ക് 8 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൽക്കട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർ എം സിൻഹ എന്ന കമ്പനിക്കാണ് നിർമാണച്ചുമതല. ഇതിന്റെ ഭാഗമായി ഡാമിന്റെ ഷട്ടറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൽക്കട്ടയിൽ നിന്നും എത്തിച്ചുതുടങ്ങി. 
ഓരോ ഷട്ടറിനും 21 ടണ്ണോളം ഭാരം വരും.  45 വർഷം പിന്നിട്ട മണിയാർ ഡാമിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നത്.  ഇതോടൊപ്പം ഡാമിന്റെ ഏറ്റവും അടിയിലുള്ള 2 സ്ലൂയിസ് ഷട്ടറുകളും മാറ്റും.  
അടിക്കടി ഉണ്ടാകുന്ന കനത്ത മഴയും പ്രളയ സാധ്യതകളും കണക്കിലെടുത്താണ് അടിയന്തരമായി ഷട്ടറുകൾ മാറ്റാൻ അധികൃതർ നടപടി എടുത്തത്.  -കൃഷിഭൂമികളിൽ വെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 45 വർഷം മുമ്പ് പമ്പ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി കക്കാട്ടാറിന് കുറുകെ മണിയാർ ഡാം  നിർമിച്ചത്. ഇവിടെ ശേഖരിക്കുന്ന വെള്ളം ഭൂഗർഭ കനാലിലൂടെ പത്തനംതിട്ട , ആലപ്പുഴ ജില്ലയുടെ വിവിധ മേഖലകളിൽ എത്തിച്ച് കൃഷിക്ക് ജനസേചന സൗകര്യ ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം.  പിന്നീട് ഈ ഡാമിൽ നിന്നും മറ്റൊരു ഭൂഗർഭ കനാൽ നിർമിച്ച് വെള്ളം ഡാമിന് തൊട്ടുതാഴെ എത്തിച്ച് ഇവിടെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മണിയാർ കാർബോറാണ്ടം ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട്‌ പദ്ധതിയിൽ വൈദ്യുതോൽപ്പാദനത്തിനായി  ഉപയോഗിക്കുന്നുണ്ട്.  
ജലസേചന പദ്ധതിയിലേക്ക് വെള്ളം ആവശ്യമുള്ളതിനാൽ ഘട്ടം ഘട്ടമായായിരിക്കും ഓരോ ഷട്ടറും മാറ്റി സ്ഥാപിക്കുക. ഇതിനുമുമ്പ് അതത് ഷർട്ടറുകൾ മുറിച്ച്‌ മാറ്റേണ്ടതുണ്ട്. ഈ സമയത്ത് ഡാമിന്റെ ഭാഗത്തേക്ക് വെള്ളം എത്തിക്കാതിരിക്കാൻ ഡാമിനുള്ളിൽ തന്നെ ബണ്ട് നിർമാണത്തിനും പദ്ധതി ഇട്ടിട്ടുണ്ട്. നേരത്തെ തന്നെ തകരാറിലായിരുന്ന ഡാമിന്റെ ഇലക്ട്രിഫിക്കേഷൻ പ്രവർത്തികളും ഇതോടൊപ്പം തന്നെ ചെയ്തു തീർക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top