24 April Wednesday
ആറന്മുള പഞ്ചായത്തിന്റേത്‌ കുറ്റകരമായ അനാസ്ഥ

തുരുമ്പെടുക്കുന്നത്‌ 
ലക്ഷങ്ങളുടെ പദ്ധതികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
കിടങ്ങന്നൂർ
ആറന്മുള പഞ്ചായത്തിന്റെ കുറ്റകരമായ അനാസ്ഥമൂലം ലക്ഷങ്ങൾ മുടക്കി നിർമിച്ച പദ്ധതികൾ തുരുമ്പെടുക്കുന്നു. ശൗചാലയവും തുമ്പൂർമൂഴി മാതൃകയിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റും മൂന്നു വർഷമായിട്ടും തുറന്നുകൊടുക്കുന്നില്ല. ആറന്മുള പഞ്ചായത്ത് പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നാട്ടുകാർ പറയുന്നു.
പഞ്ചായത്തിലെ പ്രധാന വിപണനകേന്ദ്രമാണ് കിടങ്ങന്നൂർ ചന്ത. ഒരു നൂറ്റാണ്ടിലധികം പഴക്കം ഈ ചന്തയ്‌ക്കുണ്ട്‌. നൂറുകണക്കിനാളുകൾ എത്തുന്ന ഇവിടെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ സംവിധാനം ഉണ്ടായിരുന്നില്ല. നാലുലക്ഷം രൂപ മുടക്കി ഇവിടെ ടോയ് ലെറ്റ് കോംപ്ലക്‌സ് നിർമിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ടു വീതം കക്കൂസുകളാണ് കോംപ്ലക്സിൽ ഉണ്ടായിരുന്നത്.
ചന്തയ്ക്കുള്ളിൽ തന്നെയാണ് തുമ്പൂർമൂഴി മാതൃകയിലുള്ള മാലിന്യസംസ്‌കരണ പ്ലാന്റും പണിതത്. ശൗചാലയത്തോടു ചേർന്ന് 4.5  ലക്ഷം രൂപ മുടക്കിയാണിത് നിർമിച്ചത്. രണ്ടു നിർമാണവും 2019ൽ പൂർത്തിയായി.
പൈപ്പും പമ്പുസെറ്റും സ്ഥാപിച്ചതോടെ കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി തീർന്നു. എൽഡിഎഫ് കാലത്ത് നിർമിച്ചതാണെന്ന കാരണത്തിലാകാം പിന്നീട് അധികാരത്തിൽ വന്ന യുഡിഎഫ് ഭരണസമിതി ഇവ നാട്ടുകാർക്ക്‌ തുറന്നുകൊടുക്കാൻ തയാറാകാത്തതെന്ന്‌ നാട്ടുകാർ പറയുന്നു. 
പഞ്ചായത്ത് പ്രസിഡന്റിന്‌ തൊട്ടടുത്താണ്‌ ഈ സ്ഥാപനങ്ങൾ. കിടങ്ങന്നൂർ ജങ്‌ഷനിൽ തന്നെയാണ് മാർക്കറ്റും എന്നതുകൊണ്ട് വഴിയാത്രക്കാർക്കും ഇത് ആശ്വാസമാകുമായിരുന്നു. ഇപ്പോൾ ഇവിടെയത്തുന്നവർ പരിസര വീടുകളെയാണ് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ആശ്രയിക്കുന്നത്. ഏതു രാഷ്ടീയത്തിന്റെ പേരിലായാലും സർക്കാർ ഫണ്ട് അന്യാധീനപ്പെടുത്തുന്നത് പ്രതിഷേധാർഹവുമാണ്. ഈ സാഹചര്യത്തിൽ നാട്ടുകാർ സർക്കാരിനേയും കോടതിയേയും സമീപിക്കാൻ ഒരുങ്ങുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top