24 April Wednesday

കളിചിരിയോടെ അക്ഷരദീപം തെളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

കടമ്മനിട്ട ഗവ. -ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാ പ്രവേശനോത്സവം ഉദ്‌ഘാടന വേദയിലേക്ക് എത്തിയ കുരുന്നിനെ മന്ത്രി വീണാ ജോർജ് ലാളിക്കുന്നു

 പത്തനംതിട്ട

രണ്ട് മാസത്തെ മധ്യവേനൽ അവധിക്ക്ശേഷം കളിയും ചിരിയുമായി കുട്ടികൾ സ്‌കൂളുകളിലെത്തി. ആദ്യമായി അക്ഷരമുറ്റത്തേക്ക്‌ കടന്ന്‌ വന്ന കുരുന്നുകളെയും അവധിക്ക്‌ ശേഷം എത്തുന്ന കുട്ടികളേയും സ്‌കൂളുകൾ ആഘോഷമായി വരവേറ്റു. സ്‌കൂളിന്റെ ആദ്യ പടി ചവിട്ടുന്ന കുരുന്നോമനകൾക്കായി വിപുലമായ ഒരുക്കങ്ങളാണ് ജില്ലയിൽ നടത്തിയത്‌. 
 പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾ വ്യാഴാഴ്‌ച സ്‌കൂളുകളിലെത്തി. വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ്‌ പ്രവേശനോത്സവം സംഘടിപ്പിച്ചത്.
   മനോഹര ചിത്രങ്ങളാലും തോരണങ്ങളാലും നിറച്ചാർത്തണിഞ്ഞ കലാലയങ്ങളാണ്‌ കുട്ടികളെ വരവേറ്റത്‌. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉത്സവ പ്രതീതിയിലായിരുന്ന ജില്ലയിലെ പ്രവേശനോത്സവങ്ങൾ. ആദ്യമായി എത്തുന്ന കുട്ടികൾക്ക്‌ സ്‌കൂളിനോടുള്ള അപരിചിതത്വം ഒഴിവാക്കാൻ സ്‌കൂളുകൾ പ്രത്യേകമായി അലങ്കരിച്ചു.
 സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാ തല ഉദ്‌ഘാടനം കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. 6.54 കോടി രൂപ ചെലവിട്ട്‌ നിർമിച്ച പുതിയ സ്‌കൂൾ കെട്ടിടവും ജില്ലാ പ്രവേശനോത്സവവും ആരോഗ്യ മന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ അധ്യക്ഷനായി. 15 കുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടി. ജില്ലാ കലക്‌ടർ ഡോ. ദിവ്യ എസ് അയ്യർ പുതിയ കെട്ടിടത്തിന്റെ താക്കോൽ കൈമാറി. ഹയർസെക്കൻഡറി വിഭാഗം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ വി കെ അശോക് കുമാർ  പ്രതിഭകളെ ആദരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീലാ കുമാരിയമ്മ നവാഗതരെ സ്വീകരിച്ചു. 
എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. ലെജു പി തോമസ്, ജില്ലാപഞ്ചായത്തംഗം ജോർജ് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ, പ്രകാശ് കുമാർ തടത്തിൽ, വിപി ഏബ്രഹാം, കടമ്മനിട്ട കരുണാകരൻ, വി കെ പുരുഷോത്തമൻപിള്ള,അഡ്വ. കെ ഹരിദാസ്‌, പി ദീപ, എ പി ജയലക്ഷമി, ഡോ. ഷീജ, ആർ ശ്രീലത, രജനി വർഗീസ്‌, പി കെ ശ്യാമള, പി വി ഗീതാകുമാരി, ഒ പി ഷിബു എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top