പത്തനംതിട്ട
വിദ്യാർഥികൾ ആരോഗ്യത്തിന്റെ അമ്പാസിഡർമാരാകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലാ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി കൈകോർത്ത് സ്‌കൂൾ ആരോഗ്യ പരിപാടി ആവിഷ്‌ക്കരിക്കുകയാണ്. സ്‌കൂളിൽ നിന്ന് വീട്ടിലേയ്‌ക്ക് ആരോഗ്യം എന്നതാണ് ലക്ഷ്യം. എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന ഉറപ്പാക്കും. ശാരീരിക മാനസിക വളർച്ച ഉറപ്പാക്കുന്നതിനോടൊപ്പം പഠന പരിമിതികൾ, കാഴ്ച പരിമിതികൾ എന്നിവ നേരത്തെ തന്നെ കണ്ടെത്തി ഇടപെടും. കടമ്മനിട്ട സ്‌കൂളിനെ സംബന്ധിച്ചിടത്തോളം പുതിയ കെട്ടിടമെന്നത് സ്വപ്ന സാക്ഷാത്ക്കാരമാണ്. മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റേയും നിലവിലെ മന്ത്രി വി ശിവൻകുട്ടിയുടേയും മികച്ച ഇടപെടലുകളാണ് സ്‌കൂളിന് ലഭിച്ചത്. പുതുതായി സ്‌കൂളിലെത്തിയ കുട്ടികൾക്ക് ജീവിതകാലയളവിൽ നന്നായി ചിന്തിക്കാനും പഠിക്കാനും നല്ല സൗഹൃദങ്ങൾ ഉണ്ടാക്കിയെടുക്കുവാനും വിദ്യാലയത്തിലെ അന്തരീക്ഷം അവസരമൊരുക്കണം. അതിനായി രക്ഷകർത്താക്കളും അധ്യാപകരും പങ്കാളികളാകണം. ഓരോ കുട്ടിയും വ്യത്യസ്തരാണെന്നും അവർക്ക് വ്യത്യസ്തമായ കഴിവുകളാണുള്ളതെന്നും തിരിച്ചറിഞ്ഞ് പിന്തുണ നൽകണമെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..