27 April Saturday
ആവേശത്തിമിർപ്പില്‍ കുട്ടികള്‍

"അരിക്കൊമ്പന്‍' വെച്ചൂച്ചിറയിലും

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023
റാന്നി
അങ്ങനെ അരിക്കൊമ്പൻ വെച്ചൂച്ചിറയില്‍ കുട്ടികളുടെ ഓമനയായി.  എണ്ണൂറാം വയൽ സിഎംഎസ് എൽ പി സ്‌കൂളിലാണ് അരിക്കൊമ്പൻ എന്ന പേര് നൽകിയ റോബോട്ടിക് ആന കുട്ടികളെ  പ്രവേശനോത്സവത്തിൽ വരവേൽക്കാനെത്തിയത്. രാവിലെ മുതൽ   ആനയെ  കാണുന്നതിന് കുട്ടികൾ ഉൾപ്പെടെ  വലിയ ജനക്കൂട്ടമാണ് വിദ്യാലയത്തിലെത്തിയത്. കുട്ടികളെ വരവേറ്റും അവർക്ക് സല്യൂട്ട് നൽകിയും സൗഹൃദ ഭാവത്തിൽ നിൽക്കുന്ന കൊമ്പനെ കണ്ടപ്പോൾ കുരുന്നുകൾക്ക് അത്ഭുതം. 
ചിന്നക്കനാലിലും ഇപ്പോൾ തമിഴ്നാട്ടിലെ കമ്പത്തും ജനങ്ങളുടെ പേടി സ്വപ്നമായ അരിക്കൊമ്പൻ ഇത്ര പാവമായോ? പുതിയ അധ്യയന വർഷം  വെച്ചൂച്ചിറ എണ്ണൂറാം വയൽ സി എം എസ് എൽ പി സ്കൂളിലാണ് അരിക്കൊമ്പന്റെ അപരനെ എത്തിച്ച് കുട്ടികളുടെ  വരവേല്പ് ഗംഭീരമാക്കിയത്. ആനയെ തൊട്ടും തലോടിയും കിന്നാരം പറഞ്ഞും കുരുന്നുകൾ സൗഹൃദം പങ്കു വെച്ചു. എല്ലാ വർഷവും ഏറെ വ്യത്യസ്തമായി പ്രവേശനോത്സവം സംഘടിപ്പിക്കുന്ന സ്‌കൂളാണ്‌ എണ്ണൂറാംവയൽ.  പ്രവേശനോത്സവ ദിനത്തിൽ അരിക്കൊമ്പനെ എത്തിക്കുമെന്ന് കുട്ടികൾക്ക് ഉറപ്പ് നൽകിയ പ്രധാനാധ്യാപകനും സഹ അധ്യാപകരും തങ്ങളുടെ വാക്ക് പാലിച്ചു . 
കുതിര വണ്ടിയിൽ നവാഗതരെ ആനയിച്ചും കുട്ടികളെ സ്വീകരിക്കാൻ റോബോട്ടിനെ എത്തിച്ചും ക്ലാസ്സ്‌ മുറി കെട്ടു വള്ളമാക്കി കുട്ടികൾക്ക് സ്‌കൂൾ നേരത്തെ കൗതുകം പകർന്നിരുന്നു.  പ്രവേശനോത്സവം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ ജെയിംസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ  സോജി വർഗീസ് ജോൺ അധ്യക്ഷനായി.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പൊന്നമ്മ ചാക്കോ,  ബൈജു ഈപ്പൻ, പഞ്ചായത്ത്‌ അംഗങ്ങളായ എസ് രമാദേവി, ടി കെ രാജൻ, ഷാജി കൈപ്പുഴ, പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, പി ടി എ പ്രസിഡന്റ്‌ ഷൈനു ചാക്കോ, ജോജി തോമസ് വർക്കി, പി ടി മാത്യു, സാം സി മാത്യു, എം  ജെ ബിബിൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top