29 March Friday
ആരും അടുക്കണ്ട

അടികളിലേറ്റോം പവറാ...

സ്വന്തം ലേഖികUpdated: Thursday Feb 2, 2023

ജയ ജയ ഹേ... പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ സഹോദരനൊപ്പം പരിശീലനം നടത്തുന്ന ശിൽപ അന്ന എബ്രഹാം - ഫോട്ടോ: -ജയകൃഷ്ണൻ ഓമല്ലൂർ

പത്തനംതിട്ട
സൂക്ഷിച്ചടുത്തില്ലേൽ "കൊണ്ട അടികളിൽ ഏറ്റോം ഏറ്റോം പവറാ...' എന്നുപാടി ഓടേണ്ടിവരും. അല്ലെങ്കിൽ  "അപ്പുറത്തെ ഗീതേടെ പറമ്പിൽനിന്ന്‌ പെറുക്കി എടുത്ത്‌' കൊണ്ടുവരേണ്ടി വരും. അതുകൊണ്ടിത്തിരി മാറി നിൽക്കാം. 
ജില്ലാ സ്‌റ്റേഡിയത്തിലെ വൈകുന്നേരങ്ങളിൽ ക്രിക്കറ്റും ഫുട്‌ബോളും കളിക്കുന്നവരും നടത്തക്കാരും നിരവധി. അതിനിടയ്‌ക്കാണ്‌ ചാടിച്ചവിട്ടുന്ന ശിൽപയിലേക്ക്‌ കൗതുക കണ്ണുകൾ എത്തുക. സംഭവം തായ്‌ക്കൊണ്ടോ ആണ്‌. ഏഴാംക്ലാസിൽ കരാട്ടെ പഠിക്കാൻ തുടങ്ങിയതോടെ എന്തുവന്നാലും പ്രതിരോധിക്കാമെന്ന ധൈര്യമായി. ബ്ലാക്‌ ബെൽറ്റ്‌ നേടി. രണ്ടുവർഷമായി തായ്‌ക്കൊണ്ടോ അഭ്യസിക്കാൻ തുടങ്ങിയതോടെ എത്ര പേർ വന്നാലും ഇടിച്ചിടാമെന്നായി. 
പന്തളത്തെ അശ്വിൻ സോമനാണ്‌ തായ്‌ക്കൊണ്ടോ മാസ്‌റ്റർ. കഴിഞ്ഞ രണ്ടുവർഷവും പഠനം കൂടുതലും ഓൺലൈനിലായിരുന്നു. കരാട്ടെയിൽനിന്ന്‌ വ്യത്യസ്‌തമായി പവർഫുൾ പഞ്ചാണ്‌ തായ്‌ക്കൊണ്ടോയുടെ പ്രത്യേകത. ആവശ്യത്തിന്‌ തൂക്കമില്ലാത്ത കാരണം എൻസിസിയിൽ പോലും എടുക്കാതിരുന്ന കാലത്തുനിന്ന്‌ ചിട്ടയായ വ്യായാമത്തിലൂടെ മെയ്‌വഴക്കം നേടിയ കഥ ശിൽപ പറയും. മുമ്പുണ്ടായിരുന്ന ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇപ്പോഴില്ല. 
ചെറുപ്പത്തിൽ കരാട്ടെ പഠിച്ചെങ്കിലും 15 വയസ്‌ കഴിഞ്ഞാണ്‌ ചിട്ടയായ വ്യായാമ മുറകൾ തുടങ്ങുന്നത്‌. പ്ലസ്‌ടുവിൽ എൻസിസിയുടെ ഭാഗമായി. ഡിഗ്രിക്ക്‌ പ്രവേശനം സ്‌പോർട്‌സ്‌ ക്വാട്ടയിൽ. അക്കാലത്ത്‌ ഫെൻസിങ്ങിലും ഒരു കൈ നോക്കി. അബ്ദുൾ അസീസായിരുന്നു കോച്ച്. 2022ൽ എം ജി സർവകലാശാലയിൽ തായ്‌ക്കൊണ്ടോ മത്സരത്തിൽ രണ്ടാംസ്ഥാനം നേടി. സ്‌കൂൾ കാലത്ത്‌ സംസ്ഥാന കരാട്ടേ ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തി. 2022ൽ നടന്ന നാഷണൽ സ്‌പോർട്‌സ്‌ മിഷൻ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ രണ്ടാംസ്ഥാനവും നേടി. 
ചിട്ടയായ പഠനത്തിലൂടെ അടുത്ത മത്സരത്തിൽ നന്നായി മാറ്റുരക്കാനാവുമെന്നാണ്‌ പ്രതീക്ഷ. വീട്ടുകാരാണ്‌ മേക്കൊഴൂർ കുട്ടത്തോട്‌ സ്വദേശിയായ ശിൽപയ്‌ക്ക്‌ എല്ലാത്തിനും ഒപ്പം. തൂക്കനാൽ വീട്ടിൽ ഏബ്രഹാം സക്കറിയയുടെയും സിസിലിയുടെയും മകളാണ്‌. തന്റെ കഴിവുകൾ മനസിലാക്കി പലപ്പോഴും സൗജന്യമായും ഫീസിളവ് നൽകിയും കോച്ചിങ്‌ നടത്തിയ പരിശീലകരോടും ഈ ഇരുപത്തിനാലുകാരി നന്ദി പറയുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top