19 April Friday
നിർമാണം അവസാന ഘട്ടത്തിൽ

വന്യമൃഗങ്ങളെ തടയാൻ സൗരോർജവേലി

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

പത്തനംതിട്ട

കാട്‌ കടന്ന്‌ എത്തുന്ന വന്യമൃഗങ്ങളെ തടയാൻ വനംവകുപ്പ്‌ വനാതിർത്തിയിൽ നിർമിക്കുന്ന സൗരോർജവേലിയുടെ നിർമാണം ജില്ലയിൽ അവസാന ഘട്ടത്തിൽ. കോന്നി, റാന്നി ഡിവിഷന്‌ കീഴിലായി 210 കിലോമീറ്ററോളം ദൂരമാണ്‌ നിലവിൽ വേലിയുള്ളത്‌. 2022–-23 വർഷത്തെ പദ്ധതിയുടെ ഭാഗമായി 56 കിലോമീറ്റർ വേലിയാണ്‌ ഇരു ഡിവിഷനുകളിലായി നിർമിക്കുന്നത്‌. നിർമാണം അവസാന ഘട്ടത്തിലാണ്‌. മൂന്ന്‌ ലൈൻ വേലികൾക്ക്‌ പകരമായി അഞ്ച്‌ ലൈൻ വേലികളാണ്‌ കുറച്ച്‌ വർഷമായി നിർമിക്കുന്നത്‌. മൂന്ന്‌ ലൈൻ വേലിക്കിടയിലൂടെ പന്നിയും കുരങ്ങും ഉൾപ്പെടെയുള്ളവ ചാടി കടക്കുന്നതിനാലാണ്‌ അഞ്ച്‌ ലൈനാക്കിയത്‌. നിലവിലുള്ള സൗരവേലികൾ പൂർണമായി അഞ്ച്‌ ലൈനുള്ളവയാണ്‌. 2019–-20 വർഷം വരെ വന്യജീവികളെ തടയാൻ കിടങ്ങുകളും നിർമിച്ചിരുന്നു. എന്നാലിപ്പോൾ കിടങ്ങുനിർമാണം കുറവാണ്‌.

റാന്നി ഡിവിഷന്‌ കീഴിൽ റാന്നി, വടശേരിക്കര, ഗൂഡ്രിക്കൽ റേഞ്ച്‌ പരിധിയിലായി 94 കിലോമീറ്ററോളം വേലിയും ഒന്നര കിലോമീറ്ററോളം കിടങ്ങുമാണ്‌ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ നിർമിച്ചത്‌. 2022–-23 വർഷം 22 ലക്ഷം രൂപ ചെലവഴിച്ച്‌ 12 കിലോമീറ്റർ വേലി നിർമിച്ച്‌ കഴിഞ്ഞു. ബാക്കിയുള്ള 9 കിലോമീറ്ററിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്‌. 2021–-22 വർഷം 63.74 ലക്ഷം വിനിയോഗിച്ച്‌ 36.8 കിലോമീറ്ററും 2020–-21 വർഷം 30.76 ലക്ഷം വിനിയോഗിച്ച്‌ 23.5 കിലോമീറ്ററും സൗരവേലി സ്ഥാപിച്ചിരുന്നു. കോന്നി ഡിവിഷന്‌ കീഴിലെ കോന്നി, നടുവത്തുംമൂഴി, മണ്ണാറപ്പാറ റേഞ്ചിന്‌ കീഴിൽ 116 കിലോമീറ്ററും വേലി നിർമിച്ചിട്ടുണ്ട്‌. 2022–-23 വർഷം 63 ലക്ഷം രൂപ വിനിയോഗിച്ച്‌ നിർമിക്കുന്ന 44 കിലോമീറ്റർ വരുന്ന സൗരവേലി പൂർത്തികരണത്തിന്റെ ഘട്ടത്തിലാണ്‌. 14 കിലോമീറ്റർ നേരത്തെ പൂർത്തീകരിച്ചിരുന്നു. ബാക്കി വരുന്ന 30 കിലോമീറ്ററിന്റെ പണിയാണ്‌ അവസാനഘട്ടത്തിൽ.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top