25 April Thursday

ഇളമണ്ണൂരിൽ ടാറുമായി വന്ന 
ടോറസിന് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

ടാറുമായി വന്ന ടോറസ് ലോറിയിൽ തീ പടർന്നപ്പോൾ

അടൂർ 
ഇളമണ്ണൂരിൽ ടാറുമായി വന്ന ടോറസ് ലോറി കത്തി.  വാഹനത്തിന്റെ ഹൈഡ്രോളിക് ഓയിൽ ടാങ്ക് പൊട്ടി ഹൈഡ്രോളിക് ഓയിൽ ചോരുകയും ടാർ മിശ്രിതത്തിന്റെ ചൂട് മൂലം ഓയിലിന് തീ പിടിക്കുകയുമായിരുന്നു.  തുടർന്ന് ഡീസൽ ടാങ്കിന്റെ മർദ്ദം കൂടി അടപ്പ് ഊരി തെറിക്കുകയും തീ ആളി പടരുകയും ചെയ്തു. വാഹനത്തിന്റെ ഹൈഡ്രോളിക് ഓയിൽ ടാങ്ക് പൊട്ടി ഓയിൽ റോഡിൽ പറന്നതും പരിഭ്രാന്തി പരത്തി. ബുധൻ രാവിലെ എട്ടോടെ ആയിരുന്നു സംഭവം. അടൂർ നിന്നും സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള 2 യൂണിറ്റ് ഫയർ ഫോഴ്സ് സംഘം ഉടൻ തന്നെ സ്ഥലത്ത് എത്തി. തുടർന്ന്‌  ഫോം (പ്രത്യേക തരം പത) പമ്പ് ചെയ്ത് തീ പൂർണ്ണമായും അണച്ചു.  പത്തനാപുരത്ത് നിന്ന് ഒരു യൂണിറ്റും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ചവറ പുത്തൻചന്ത സ്വദേശി അൻസാറിന്റെ (ചേമത്ത് ഗ്രൂപ്പ്) ഉടമസ്ഥതയിൽ ഉള്ളതാണ് ടിപ്പർ. ചാത്തന്നൂർ സ്വദേശി രതീഷ് ആണ് വാഹനം ഓടിച്ചിരുന്നത്. രതീഷിന്റെ മനസ്സന്നിധ്യം ആണ്  ജനവാസ മേഖലയിൽ ആൾ തിരക്ക് കുറഞ്ഞ ഭാഗത്ത് വാഹനം നിർത്തിയതും വലിയ അപകടം ഉണ്ടാകാതിരുന്നതും.  വാഹനത്തിൽ ഉണ്ടാകേണ്ടിയിരുന്ന പ്രവർത്തനക്ഷമമായ അഗ്നിശമന സംവിധാനങ്ങൾ ഇല്ലാതിരുന്നത് മൂലമാണ്  ആരംഭഘട്ടത്തിൽ തന്നെ തീ അണയ്ക്കാൻ സാധിക്കാതെ വന്നത്. ഡ്രൈവറും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ഡീസൽ ടാങ്കിന്റെ ഭാഗത്തേക്ക് വെള്ളം കൊരി ഒഴിച്ചത് മൂലം തീ കൂടുതൽ ആളിപടർന്നു. റോഡിൽ നൂറ് മീറ്ററോളം ദൂരത്തിൽ പരന്ന ഓയിലിൽ തെന്നി പിന്നാലെ വന്ന വാഹനങ്ങളും അപകടത്തിൽപെട്ടു.  ഒരു പിക്കപ്പ് വാഹനവും രണ്ട് ഇരുചക്ര വാഹനവും വശത്തെ ഓടയിലേക്ക് തെന്നി മാറുകയായിരുന്നു. തീ പൂർണമായും നിയന്ത്രണ വിധേയമായ ശേഷം നാട്ടുകാർ അറക്കപ്പൊടി വിതറി റോഡിലെ തെന്നൽ ഒഴിവാക്കി. കിൻഫ്ര പാർക്കിലെ ടാർ മിക്സിങ് പ്ലാന്റിൽ നിന്നും ടാർ മിശ്രതം കയറ്റി വരവെയാണ് അപകടം. അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ റെജി കുമാർ,  ഗ്രേഡ് അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ നിയാസുദ്ദീൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺജിത്ത്, പ്രദീപ് , ലിജി കുമാർ, സൂരജ്, അഭിലാഷ്, സജാദ്, ഹോം ഗാർഡുമാരായ അനിൽ കുമാർ, ശ്രീകുമാർ, വേണു ഗോപാൽ എന്നിവർ അഗ്നിരക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ചവറ പന്മന പുത്തൻചന്ത ആറുമുറിക്കട ചേമത്ത് വീട്ടിൽ അൻസാരിയുടേതാണ് ലോറി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top