19 April Friday
കോന്നി മെഡിക്കൽ കോളേജ്

പഠനം അടുത്ത വർഷം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

കോന്നി ഗവ. മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നിർമാണത്തിന് യന്ത്ര സാമഗ്രികൾ എത്തിച്ചപ്പോൾ

 കോന്നി

ഗവ. മെഡിക്കൽ കോളേജിൽ 2022–-23 അധ്യയന വർഷത്തിൽ ക്ലാസ് ആരംഭിക്കാനുള്ള പ്രവർത്തനം ദ്രുതഗതിയിൽ മുന്നോട്ട്‌. കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചതും അക്കാദമിക്ക് ബ്ലോക്കിൻ്റെ നിർമ്മാണം വേഗത്തിലാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതുമെല്ലാം ഇതിന്റെ ഭാഗമായാണ്. ആരോഗ്യ മന്ത്രി വീണാ ജോർജ്‌ തന്നെ ഈ പ്രവർത്തനങ്ങൾക്ക് നേരിട്ടു നേതൃത്വം നൽകുന്നതിനാൽ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ മുന്നോട്ടു പോവുകയാണ്. നൂറ് വിദ്യാർഥികളുടെപ്രവേശനം നടത്താനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇതിനായി ആവശ്യമായിരുന്ന വിവിധ ഡിപ്പാർട്ടുമെന്റുകളിലെ 19 മുതിർന്ന ഡോക്ടർമാരുടെ നിയമനവും നടത്തിക്കഴിഞ്ഞു. പ്രൊഫസർമാർ, അസോസിയേറ്റ് പ്രൊഫസർമാർ, അസിസ്റ്റന്റ്‌ പ്രൊഫസർമാർ, അഡീഷണൽ പ്രൊഫസർമാർ തുടങ്ങിയവരെ നിയമിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. 
അസ്ഥിരോഗം, ശിശുരോഗം, പൾമണോളജി, സൈക്യാട്രി, അനസ്തേഷ്യോളജി, ബയോ കെമിസ്ട്രി, അനാട്ടമി, ഫിസിയോളജി, ഫാർമക്കോളജി, ഫോറൻസിക്‌ മെഡിസിൻ, കമ്മ്യൂണിറ്റി മെഡിസിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി, റേഡിയോ ഡയഗ്‌നോസിസ് തുടങ്ങിയ വിഭാഗങ്ങളിലായാണ് പുതിയ ഡോക്ടർമാരെ നിയമിച്ചിട്ടുള്ളത്.
നിലവിലുള്ള ക്രമീകരണങ്ങൾ വിലയിരുത്താനും കൂടുതലായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ  തീരുമാനിക്കാനുമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ റംലാബീവി മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തി. ആശുപത്രിയിൽ പുതിയതായി ആരംഭിച്ച അത്യാഹിത വിഭാഗം, അക്കാദമിക്ക് ബ്ലോക്ക്, പത്തനംതിട്ട ജനറൽ ആശുപത്രി തുടങ്ങിയവയും ഡിഎംഇ സന്ദർശിച്ചു. പ്രിൻസിപ്പാൾ ഡോ. മിന്നി മേരി മാമ്മൻ, സൂപ്രണ്ട് ഡോ. സി വി രാജേന്ദ്രൻ എന്നിവരുമായി കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതു സംബന്ധിച്ച് ചർച്ചയും നടത്തി.
    2022 ജൂലൈ മാസത്തോടെ ക്ലാസുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളാണ് ഊർജ്ജിതമായി നടക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.ആരോഗ്യ മന്ത്രി നടത്തുന്ന ഇടപെടീലാണ് പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായിക്കുന്നത്. കേരളത്തിലെ മികച്ച മെഡിക്കൽ കോളേജുകളിലൊന്നായി കോന്നിയെ മാറ്റാനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും എംഎൽഎ പറഞ്ഞു.
നിലവിലെ പരിമിതികൾക്കുള്ളിലും ചികിത്സ തേടി എത്തുന്നവർ ആശുപത്രി സേവനം സംബന്ധിച്ച് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തുന്നതെന്്ന സൂപ്രണ്ട്‌ അറിയിച്ചു. ഒപിയിലെത്തുന്നവരുടെ എണ്ണം 800 ആയി ഉയർന്നിട്ടുണ്ട്. കോടതിയിൽ നിലവിലുണ്ടായിരുന്ന തർക്കങ്ങൾ പരിഹരിച്ച് രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ മുന്നോട്ടു പോകുകയാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top