തിരുവല്ല
അവേശക്കടൽ അലയടിച്ച് തൊഴിലുറപ്പ് തൊഴിലാളികളുടെ മഹാ മുന്നേറ്റം തിരുവല്ലയിൽ. എൻആർഇജി വർക്കേഴ്സ് യൂണിയൻ രണ്ടാം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് വൈകിട്ട് നടന്ന പ്രകടനം സമാനതകളില്ലാത്ത തൊഴിലാളി പ്രകടനത്തിന്റെ നേർക്കാഴ്ചയായി. വൈകിട്ട് മൂന്നോടെ പ്രതിനിധിസമ്മേളന നഗരിയായ മുത്തൂർ ശ്രീഭദ്രാ ഓഡിറ്റോറിയത്തിൽ നിന്നും റാലി ആരംഭിച്ചു.
സംസ്ഥാന നേതാക്കളും സംഘാടകസമിതി ഭാരവാഹികളും റാലിയെ നയിച്ചു. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രവർത്തകരാണ് റാലിയിൽ ചുവപ്പ് പതാകയേന്തി അണിനിരന്നത്. മൂന്ന് കേന്ദ്രങ്ങളിൽനിന്നാണ് റാലി ആരംഭിച്ചത്.
മുത്തൂരിൽ നിന്നും ആരംഭിച്ച പ്രതിനിധികളടങ്ങിയ റാലിയോടൊപ്പം തിരുവല്ല ഏരിയയിലെയും കോട്ടയം ജില്ലയിലെയും തൊഴിലാളികൾ അണിനിരന്നു. മല്ലപ്പള്ളി, റാന്നി പ്രദേശങ്ങളിൽ നിന്നുള്ളവർ രാമൻചിറ ബൈപാസിൽ നിന്നും, അടൂർ കൊടുമൺ, പന്തളം ഏരിയാകളിൽ നിന്നും എത്തിയവർ മഴുവക്കാട് ബൈപാസിൽ നിന്നും ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നുള്ളവർ ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ നിന്നും റാലിയിൽ അണി ചേർന്നു.
നഗരം ചുറ്റി റാലി പൊതു സമ്മേളന വേദിയായ മുൻസിപ്പൽ മൈതാനിയിലേക്ക് കടക്കുമ്പോഴേക്കും മുഖ്യമന്ത്രിയെത്തി.
തുടർന്ന് ചേർന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഗിരിജാ സുരേന്ദ്രൻ അധ്യക്ഷയായി. മന്ത്രിമാരായ എം ബി രാജേഷ്, വീണാ ജോർജ്, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപൻ, അഡ്വ. കെ യു ജെനീഷ് കുമാർ എംഎൽഎ, സി കെ ഹരീന്ദ്രൻ എംഎൽഎ, സേവ്യർ ചിറ്റിലപ്പള്ളി, യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ, ജനറൽ കൺവീനർ ആർ സനൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ പത്മകുമാർ, പി ആർ പ്രസാദ്, സിപിഐ എം തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..