പത്തനംതിട്ട
ജില്ലയുടെ ടൂറിസം ഭൂപടത്തിൽ വലിയ നേട്ടമാകുന്ന വലഞ്ചുഴി ടൂറിസം പദ്ധതിക്കായി ആറ് കോടി 98 ലക്ഷം രൂപയുടെ ഭരണാനുമതി. പദ്ധതി ഡിസംബറിൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൈപ്പിടലിനെ തുടർന്ന് കരാറുകാരന്റെ അനാസ്ഥ മൂലം താറുമാറായ റോഡ് എത്രയും വേഗത്തിൽ സഞ്ചാരയോഗ്യമാക്കണം. സെന്റ് പീറ്റേഴ്സ് ജങ്‌ഷൻ മുതൽ അബാൻ വരെ പൂർത്തീകരിച്ചതായി വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചിട്ടുണ്ടെന്നും റോഡിന്റെ ആധുനികവൽക്കരണം സാധ്യമാക്കാൻ ശേഷിക്കുന്ന ഭാഗം അടിയന്തിരമായി പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു. കരാറുകാർ സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കണം. പൈപ്പ്‌ലൈനിന് വേണ്ടി റോഡ് കുഴിച്ചാൽ 24 മണിക്കൂറിനുള്ളിൽ അത് പൂർവസ്ഥിതിയിലാക്കണമെന്നതിൽ വിട്ടുവീഴ്ച പാടില്ല.
സെന്റ് പീറ്റേഴ്സ് ജങ്‌ഷൻ മുതൽ അഴൂർ ജങ്‌ഷൻ വരെയുള്ള റോഡിന്റെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം. പകർച്ചപ്പനി പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമായി തുടരണം. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനം ശക്തിപ്പെടുത്തണം. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സ്‌കൂളുകൾ, സ്ഥാപനങ്ങൾ, വീടുകൾ എന്ന ക്രമത്തിൽ ഡ്രൈഡേ ആചരിക്കണം. സ്ഥിരമായ ഹോട്ട്‌സ്‌പോട്ടുകളിൽ നിതാന്ത ജാഗ്രത പുലർത്തണമെന്നും ഒക്ടോബർ 1, 2 തീയതികൾ സർക്കാർ നിർദ്ദേശം അനുസരിച്ചുള്ള ശുചീകരണപ്രവർത്തനങ്ങൾ ജില്ലയിൽ നടത്തണമെന്നും മന്ത്രി പറഞ്ഞു.
പുളിക്കീഴ് ജങ്‌ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. ജില്ലയിലെ പ്രധാനറോഡുകളിൽ പൈപ്പ് ലൈൻ ഇടുന്ന പ്രവൃത്തികൾ നടത്തിയാൽ റോഡിലെ കുഴി വേഗത്തിൽ അടയ്ക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു.
പ്രകൃതിക്ഷോഭം മൂലവും വിള ഇൻഷുറൻസിലൂടെയും കർഷകർക്ക് ലഭിക്കേണ്ട കുടിശിക തുക വേഗം ലഭ്യമാക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ ജയവർമ പറഞ്ഞു.
യോഗത്തിൽ എഡിഎം ബി രാധാകൃഷ്ണൻ, തിരുവല്ല സബ്കലക്ടർ സഫ്‌ന നസറുദ്ദീൻ, ഡെപ്യുട്ടി പ്ലാനിങ് ഓഫീസർ ജി ഉല്ലാസ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..