26 April Friday
കേരളത്തിനായി സ്വർണമണിഞ്ഞ്‌ പത്തനംതിട്ട സ്വദേശി

മിന്നലായി അഭിജിത്ത്‌

സ്വന്തം ലേഖകൻUpdated: Saturday Oct 1, 2022

അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തിനായി ആർട്ടിസ്റ്റിക്കിലെ ഫ്രീ സ്കേറ്റിങ് വിഭാഗത്തിൽ സ്വർണം നേടിയ അഭിജിത്ത് അമൽ രാജിന്റെ ബട്ടർ ഫ്ലൈ സ്റ്റൈൽ പ്രകടനം. കേരളത്തിന്റെ ആദ്യ സ്വർണമാണിത്. ഫോട്ടോ: പി വി സുജിത്

പ്രമാടം
അഭിജിത്തിന്‌ ചാമ്പ്യൻ പട്ടം കൈമോശം വരാറില്ല. പതിനൊന്ന്‌ വർഷമായി സ്‌കേറ്റിങിൽ ദേശീയ ചാമ്പ്യനാണ്‌ അഭിജിത്ത്‌. നിലവിൽ ജൂനിയർ തലത്തിൽ ലോക ചാമ്പ്യൻ പട്ടവും അഭിജിത്തിന്റെ പക്കൽ സുരക്ഷിതം. അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തിനായി ആർട്ടിസ്റ്റിക്കിലെ ഫ്രീ സ്കേറ്റിംഗ് വിഭാഗത്തിൽ സ്വർണ്ണം നേടിയ അഭിജിത്ത് അമൽ പത്തനംതിട്ടയുടെ സ്വകാര്യ അഹങ്കാരമാണ്‌ ഇന്ന്‌. പ്രമാടം അഭിനന്ദനിൽ  ബിജുരാജന്റെയും സുജ സുകുമാരന്റെയും മകനാണ്‌ ഈ കൊച്ചുമിടുക്കൻ.
മാറമ്പള്ളി എംഇഎസ്‌ കോളേജ്‌ ബികോം അവസാന വർഷ വിദ്യാർഥിയാണ്‌.  
ഒക്ടോബറിൽ ലോക സ്കേറ്റിങ് മത്സരത്തിൽ പങ്കെടുക്കാൻ പോകുന്ന അഭിജിത്തിന് ദേശീയ ഗെയിംസിലെ  സ്വർണത്തിളക്കം  നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്‌. ആദ്യമായാണ് സീനിയർ തലത്തിൽ മത്സരിക്കുന്നത്‌. ഒക്ടോബർ 24ന് അർജന്റീനയിലാണ്‌ മത്സരം. ദേശീയ ​ഗെയിംസിന് ഒരു മാസത്തോളം പത്തനംതിട്ടയിൽ നീണ്ട സംസ്ഥാന  പരിശീലനത്തിൽ പങ്കെടുത്തപ്പോൾ തന്നെ ദേശീയ ഗെയിംസിലെ  സ്വർണനേട്ടത്തിൽ കുറച്ചൊന്നും ചിന്തിച്ചിരുന്നില്ല. ആർടിസ്റ്ററി സ്കേറ്റിങ് വിഭാഗത്തിൽ പരിശീലനം നേടുക പ്രയാസകരമാണ്. സംസ്ഥാനത്തെ പരിശീലനത്തോടൊപ്പം  ഇറ്റലിയിൽ നിന്നും  സ്വന്തംചെലവിൽ പരിശീലനം നേടിയാണ് അഭിജിത്ത് ഈ രംഗത്ത് പുരസ്കാരങ്ങളും അംഗീകാരങ്ങളും വാങ്ങിക്കൂട്ടുന്നത്.  കഴിഞ്ഞ ഏപ്രലിൽ ഒരു മാസത്തോളം ഇറ്റലിയിലായിരുന്നു പരീശീലനം.  രണ്ടായിരത്തി രണ്ടിൽ ആന്ധ്രയിൽ വിശാഖപ്പട്ടണത്ത്  നടന്ന ദേശീയ ഗെയിംസിൽ സ്കേറ്റിങ് പ്രദർശന ഇനത്തിൽ മാത്രമായിരുന്നു ഉൾപ്പെടുത്തിയത്. മത്സരവിഭാഗത്തിൽ ആദ്യമായാണ്  ഈ വർഷം ദേശീയ ഗെയിംസിൽ സ്കേറ്റിങ് മത്സരയിനത്തിൽ ഉൾപ്പെടുത്തിയത്. അതിൽ ആദ്യതവണ തന്നെ അഭിജിത്ത്  സ്വർണ്ണവുമണിഞ്ഞു. വാഴമുട്ടം നാഷണൽ സ്‌പോർട്‌സ്‌ വില്ലേജിലാണ്  പരിശീലനം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top