25 April Thursday

പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ എൻഐഎ കണ്ടുകെട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

പിഎഫ്ഐയുടെ പന്തളം ഏരിയ കമ്മിറ്റി ഓഫീസ് കണ്ടുകെട്ടിയ എൻഐഎ ഉദ്യോഗസ്ഥർ കെട്ടിട ഉടമയെയും നാട്ടുകാരെയും കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നു

പന്തളം/അടൂർ
പോപ്പുലർ ഫ്രണ്ടിന്റെ അടൂർ പറക്കോട്ടെ ജില്ലാ കമ്മിറ്റി ഓഫീസും പന്തളത്തെ ഏരിയ കമ്മിറ്റി ഓഫീസും എൻഐഎ ഉദ്യോഗസ്ഥർ പൂട്ടി സീൽ വച്ചു. കുരമ്പാല തോന്നല്ലൂർ ഉളമയിൽ ഭാഗത്തെ കെട്ടിടത്തിലാണ്‌  പന്തളത്തെ ഏരിയ കമ്മിറ്റി ഓഫീസ്‌ പ്രവർത്തിച്ചത്‌. വെള്ളിയാഴ്ച മൂന്നരയോടെ കൊച്ചിയിൽ നിന്നും പന്തളം പൊലീസ് സ്‌റ്റേഷനിലെത്തിയ ഉദ്യോഗസ്ഥർ  പന്തളം ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള  സംഘത്തിന്റെ സഹായത്തോടെയാണ്‌ എത്തിയത്. 
അടൂർ തഹസീൽദാർ ജി കെ പ്രദീപ്, ഡെപ്യൂട്ടി തഹസീൽദാർ ഹരീന്ദ്രനാഥ് എന്നിവരുടെ സാന്നിധ്യത്തിലാണ് കെട്ടിടത്തിന്റെ ഭിത്തിയിൽ നോട്ടീസ് പതിച്ചത്. എൻഐഎയുടെയോ നിയുക്ത അതോറിറ്റിയുടെയോ മുൻകൂർ അനുമതിയല്ലാതെ ഏതെങ്കിലും തരത്തിൽ കെട്ടിടം പാട്ടത്തിനു കൊടുക്കുക, വിൽപ്പന നടത്തുക, പണികൾ നടത്തുക അടക്കം ഒരു നടപടികളും പാടില്ലെന്ന് ഉടമകൾക്ക് നിർദ്ദേശം നൽകിയാണ് നോട്ടീസ് പതിച്ചത്.
തുടക്കത്തിൽ അടൂർ ഏരിയ കമ്മിറ്റിയുടെയും പിന്നീട് ജില്ലാ കമ്മിറ്റിയുടെയും പറക്കോട്ടെ ഓഫീസാണ് അഞ്ചുമണിയോടെ എൻഐഎ സംഘം സീൽ ചെയ്തത്. നടപടിയുടെ ഭാഗമായി കെട്ടിടം ഉടമയോട് കാര്യങ്ങൾ വിശദീകരിച്ചു. അടൂർ സിഐ ടി ഡി പ്രജീഷ്, തഹസീൽദാർ ജി കെ പ്രദീപ്‌  എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടി പൂർത്തീകരിച്ചത്. വൻ പൊലീസ് സംഘത്തിന്റെ സുരക്ഷയും ഉണ്ടായിരുന്നു.
പത്തനംതിട്ടയിൽ പ്രവർത്തിച്ച  ഓഫീസും വെള്ളിയാഴ്ച  പൊലീസ് സീൽ ചെയ്തു.  ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലാണ് പൂട്ടിയത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top