25 April Thursday
രാജ്യാന്തര നിലവാരത്തിൽ 22 പ്രീ പ്രൈമറി സ്‌കൂള്‍

കണ്ടും അറിഞ്ഞും പഠിക്കാം

ജയകൃഷ്ണന്‍ ഓമല്ലൂര്‍Updated: Thursday Jun 1, 2023

രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച വെട്ടിപ്പുറം ഗവ. പ്രീ പ്രൈമറി സ്‌കൂൾ

 

പത്തനംതിട്ട -
ആദ്യമായി സ്‌കൂളിലേക്ക് എത്തുന്ന കുരുന്നുകൾക്ക്  രാജ്യാന്തര നിലവാരത്തിലുള്ള പഠനം ഒരുക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.  ജില്ലയിൽ 22 സ്‌കൂളുകളാണ് നവീകരിച്ച് രാജ്യാന്തര  നിലവാരത്തിലേക്ക് ഉയർത്തിയത്. പഠനത്തോടൊപ്പം കുട്ടികളുടെ  സർഗ്ഗശേഷി പരിപോഷിപ്പാക്കാനും പ്രകൃതിയെ  അടുത്തറിയാനും തുടങ്ങി 13  ഇടങ്ങളാണ് സ്‌കൂളിൽ ഒരുക്കിയിട്ടുള്ളത്. വെട്ടിപ്പുറം ഗവ. പ്രീ പ്രൈമറി  സ്‌കൂളിന്റെ  മുറ്റത്ത്  നിർമിച്ച  റോഡിലൂടെ വേണം കുട്ടികൾക്ക് വരാന്തയിലെത്താൻ. ഗതാഗത നിയമത്തിന്റെ  ഭാഗമായ സിഗ്നൽ ലൈറ്റുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അതിനോട് ചേർന്ന് കൗതുകമുളവാക്കുന്ന പാറക്കെട്ടും വെള്ളച്ചാട്ടവും. ക്ലാസ് മുറിയുടെ ഭിത്തിയിൽ  റെയിൽവെ സ്റ്റേഷനും പോസ്റ്റോഫീസും. വിശാലമായ ക്ലാസ് മുറികളിൽ കുട്ടികളുടെ ലോകമാണ് ഒരുക്കിയിരിക്കുന്നത്.  നൃത്തം കളിക്കാൻ ഇഷ്ടമുള്ളവർക്ക് പാട്ടും പലവർണ്ണത്തിൽ മിന്നിത്തിളങ്ങുന്ന ലൈറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. വായിക്കാനൊരിടം, പാട്ട് പാടാനൊരിടം,  കഥപറയാനും കഥ എഴുതാനും ഇങ്ങനെ  13  ഇടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പഠനത്തിന്  മനോഹരമായ ബെഞ്ചും ഡെസ്കും  പ്രൊജക്ടറും അത് കൂടാതെ വിവിധ തരത്തിലുള്ള സൈക്കിളും  കളിപ്പാട്ടങ്ങളുമുണ്ട്.  പ്രീ സ്‌കൂളും പൊതുവിദ്യാഭ്യാസ മേഖലയുടെ ഭാഗമായതിനാൽ സമഗ്രശിക്ഷ കേരളം  ഇവയുടെ  നവീകരണത്തിലും പാഠ്യപദ്ധതി രൂപീകരിക്കുന്നതിലും മാതൃകാപരമായ  പ്രവർത്തനങ്ങളാണ് നടത്തിയത്.  സ്റ്റാർസ് പ്രീ സ്‌കൂൾ പദ്ധതിയുടെ ഭാഗമായി പ്രീ സ്‌കൂളുകളിൽ പ്രവർത്തന ഇടങ്ങൾ ഒരുക്കാൻ പത്ത് ലക്ഷം രൂപ വീതമാണ് സർക്കാർ  അനുവദിച്ചത്. 2022 , -2023 വർഷത്തിൽ 22 പ്രീ സ്കുളുകളാണ്  ജില്ലയിൽ   ഉൾപ്പെടുത്തിയത്.  13 പ്രവർത്തന ഇടങ്ങളാണ് ഒരു പ്രീ സ്‌കൂളിൽ കുട്ടികൾക്ക് വേണ്ടി ഒരുക്കേണ്ടത്.   ഇവിടുത്തെ  പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ എല്ലാ ശേഷികളുടെയും വികസനം ഉറപ്പാക്കുകയാണ് ഉദ്ദേശം.  
കളിച്ചു പഠിക്കാനും പ്രകൃതിയുമായി ഇടപഴകി പ്രകൃതിയെ അറിഞ്ഞ് ജീവിക്കാനുള്ള ശീലം ഉറപ്പിക്കാനും  ഇതിലൂടെ  സാധിക്കും.  പ്രീസ്‌കൂൾ അധ്യാപകർക്കും പ്രത്യേക  പരിശീലനം  നൽകിയിട്ടുണ്ട്
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top