25 April Thursday
പദ്ധതി റീബിൽഡ് കേരളയുടെ ഭാഗം

പ്ലാസ്റ്റിക്ക് സംസ്കരണ കേന്ദ്രം നവംബറിൽ കമീഷൻ ചെയ്യും

സ്വന്തം ലേഖകൻUpdated: Thursday Jun 1, 2023

കുന്നന്താനം കിൻഫ്രാ പാർക്കിലെ ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക്ക് പുനർ ചക്രമണ ഫാക്ടറി നിർമാണം ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു

 
മല്ലപ്പള്ളി
കുന്നന്താനം  കിൻഫ്രാ പാർക്കിൽ ജില്ലാ പഞ്ചായത്തും ക്ലീൻ കേരളാ കമ്പനിയും സംയുക്തമായി നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക്ക് പുനർ ചക്രമണ ഫാക്ടറി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പ്രവർത്തനക്ഷമമാക്കും. ഈ വർഷം നവംബറിൽ പദ്ധതി കമ്മീഷൻ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. റീബിൽഡ് കേരളാ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 
ജില്ലാ പഞ്ചായത്തിന്റെ നിർമ്മല ഗ്രാമം - നിർമ്മല നഗരം - നിർമ്മല ജില്ല എന്ന പദ്ധതിയുടെ ഭാഗമായി അടിയന്തിരമായി പദ്ധതി പൂർത്തിക്കരിക്കണമെന്ന നിർദ്ദേശം പരിഗണിച്ച് കിൻഫ്രാ പാർക്കിൽ ക്ലീൻ കേരളാ കമ്പനി പ്രതിനിധികൾ, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ, പദ്ധതി നിർമാണം ഏറ്റെടുത്തിരിക്കുന്ന കേരളാ ഇലക്ടിക്കൽസ് ഉദ്യോഗസ്ഥർ എന്നിവർ എത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. തദ്ദേശസ്ഥാപനങ്ങൾ ഹരിത കർമ്മസേന വഴി ശേഖരിക്കുന്ന തരം തിരിച്ച വൃത്തിയുള്ള പ്ലാസ്റ്റിക്ക് പാഴ് വസ്തുക്കൾ പുന:ചക്രമണം ചെയ്ത് പ്ലാസ്റ്റിക്ക് തരികളാക്കി പ്ലാസ്റ്റിക്ക് നിർമാതാക്കൾക്ക് നൽകാനാണ് നിലവിൽ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ നിർമിക്കുന്നതിനെ കുറിച്ചും പഠനം നടക്കുകയാണ്. ഒരു ദിവസം അഞ്ച് ടൺ പാഴ് വസ്തുക്കൾ സംസ്കരിക്കാനാവശ്യമായ  യന്ത്ര സംവിധാനങ്ങളും ഏർപ്പെടുത്തുന്നുണ്ട്. നിലവിൽ 6 കോടി രൂപാ മുതൽ മുടക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. വൈവിധ്യവൽക്കരണത്തിന് കൂടുതൽ തുക നീക്കിവെക്കാനും ജില്ലാ പഞ്ചായത്ത് തയ്യാറാണ്.
ജില്ലാ പബായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ  ജിജി മാത്യു, ജില്ലാ പഞ്ചായത്തംഗം സി കെ ലതാകുമാരി, കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് , ക്ലീൻ കേരളാ കമ്പനി മാനേജിങ് ഡയറക്ടർ ജി കെ സുരേഷ് കുമാർ , പ്രോജക്റ്റ് ഓഫീസർ ശ്രീജിത്ത്, ജില്ലാ മാനേജർ എം ബി ദിലീപ് കുമാർ , കെൽ എൻജിനീയർ സജിത്ത്കുമാർ , കരാറുകാരൻ  മൂസ എന്നിവർ പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top