29 March Friday
മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല

എംപിയുടെ സത്യ​ഗ്രഹ നാടകം 
അപഹാസ്യം: -ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023
 
പത്തനംതിട്ട
നാല് വർഷം പത്തനംതിട്ട പാർലമെന്റ്  മണ്ഡലത്തെ  തിരിഞ്ഞു നോക്കാത്ത ആന്റോ  ആന്റണി എംപി  അടുത്ത തെരഞ്ഞെടുപ്പിന്   ജനങ്ങളെ വീണ്ടും  കബളിപ്പിക്കാനാണ്  റാന്നിയിൽ  സത്യഗ്രഹ നാടകം നടത്തിയതെന്ന് ഡിവൈഎഫ് ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.  വന നിയമങ്ങളും, വന്യ ജീവി സംരക്ഷണ നിയമവും കേന്ദ്ര  സര്‍ക്കാരിന്റെ  പരിധിയിലാണ്.
 കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവികളെ വെടിവച്ചുകൊല്ലാൻ ഒരു സംസ്ഥാനത്തിനും അധികാരമില്ല.  മനുഷ്യന്‌ ഉപദ്രവകരമാകുന്ന ജീവികളെ മയക്കുവെടിവച്ച്‌ ഉൾവനത്തിലോ, മറ്റ്‌ ആവാസ വ്യവസ്ഥയിലേക്കോ മാറ്റാനേ  സംസ്ഥാനത്തിന്‌ അധികാരമുള്ളൂ.  വനത്തിൽ കയറി ഒരു മൃഗത്തെയും  കൊല്ലാനും  അധികാരമില്ല. മയക്കുവെടിവച്ച്‌ മാറ്റി പാർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമേ വെടിവച്ചുകൊല്ലാവൂ. 
  മനുഷ്യന്‌ ഉപദ്രവകാരികളായ മൃഗങ്ങളെ ഒഴിവാക്കുന്നതിന്‌ സംസ്ഥാനത്തിന്‌ പരിമിതികളുണ്ട്‌.  ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡനും നിയമം നടപ്പാക്കുന്നതിൽ മാർഗനിർദേശം പാലിക്കണം. പുണെയിൽ ഏഴുപേരെ കടിച്ചുകൊന്ന   കടുവയെ വെടിവച്ചുകൊല്ലാൻ ഉത്തരവിട്ട വൈൽഡ്‌ ലൈഫ്‌ വാർഡന്‌ ഏഴുവർഷമാണ്‌ ഹൈക്കോടതി ശിക്ഷിച്ചത്‌.   
വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ വരുന്ന മൃഗങ്ങളാണ്‌ ആന, കടുവ, പുലി, കാട്ടുപോത്ത്‌ എന്നിവ. ഷെഡ്യൂൾ മൂന്നിൽ വരുന്ന കാട്ടുപന്നിയെ വെടിവയ്‌ക്കാൻ സംസ്ഥാനങ്ങൾക്ക്‌ അനുമതി നൽകിയത്‌ കേരളത്തിന്റെ സമ്മർദ ഫലമായാണ്‌.  
വന്യ ജീവികളെ കൊല്ലണമെങ്കിൽ കേന്ദ്ര സര്‍ക്കാരിന്റെ  അനുമതി ആവശ്യമാണന്നിരിക്കെ ഇതെല്ലാം അറിഞ്ഞിട്ടും എംപി ജനങ്ങളെ കബളിപ്പിക്കുകയാണ്.  വന്യ ജീവി ശല്യത്തിനെതിരെയോ, മലയോര, വനമേഖലകളിൽ താമസിക്കുന്നവർക്ക് വേണ്ടിയോ പത്തനംതിട്ട മണ്ഡലത്തിനു വേണ്ടിയോ പാർലമെന്റിൽ ഒരു പ്രമേയമോ, ചോദ്യമോ ഉന്നയിക്കാതെ റാന്നിയിൽ നടത്തിയ  തട്ടിപ്പ് സമരം ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്.
  ബഫർ സോൺ വിഷയത്തില്‍ എംപി  ജനങ്ങളെ   ആശങ്കയിലാഴ്ത്തിയത്    നാളുകൾക്കു മുമ്പാണ്.    സ്ഥാനാർഥിയായി മത്സരിക്കാൻ സ്വപ്നം കണ്ടു നടക്കുന്നവരെ  മറികടന്ന് എംപി സ്ഥാനം ഉറപ്പിക്കാന്‍   നടത്തുന്ന നാടകമാണ് ഇപ്പോഴത്തേത്. 
 പത്തനംതിട്ടയിൽ  ഒരു വികസനവും കൊണ്ടുവരാന്‍   ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.    പാർലമെന്റിലിരിക്കാൻ കഴിയുന്ന സമയം വരെയെക്കിലും മലയോര മേഖലയിലെ ജനങ്ങളുടെ പ്രശ്നം പാർലമെന്റിൽ ഉന്നയിക്കാന്‍   എംപി തയ്യാറാവണമെന്ന്‌ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനില്‍  ആവശ്യപ്പെട്ടു
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top