19 April Friday
കേന്ദ്ര അവ​ഗണനയ്ക്കും ആര്‍എസ്എസ് ഭീഷണിക്കുമെതിരെ

സിപിഐ എം ജാഥയ്‌ക്ക്‌ 
നാടൊരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

സിപിഐ എം സംസ്ഥാന ജാഥയുടെ പ്രചാരണത്തിന്റെ ഭാഗമായി ചെങ്ങറമുക്കിൽ പ്രവർത്തകർ ചുവരെഴുതുന്നു

 പത്തനംതിട്ട

സംസ്ഥാനത്തെ ഏതു വിധത്തിലും അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സമീപനത്തിനും ന്യൂനപക്ഷങ്ങൾക്കെതിരെ കേന്ദ്രവും ആർഎസ്എസും ഉയർത്തുന്ന കടുത്ത ഭീഷണിക്കുമെതിരെ സിപിഐ എം നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന ജാഥ മാർച്ചിൽ ജില്ലയിൽ രണ്ടു ദിവസം പര്യടനം നടത്തും. 
ഫെബ്രുവരി 20ന് കാസർകോട് നിന്ന് സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്റെ നേതൃത്വത്തിൽ തുടങ്ങുന്ന ജാഥ മാർച്ച് 13, 14 തീയതികളിലാണ് ജില്ലയിൽ പര്യടനം നടത്തുക. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ജാഥയ്ക്ക് ആവേശകരമായ വരവേൽപ്പിന് ഒരുക്കങ്ങൾ ആരംഭിച്ചു.  തൊഴിലുറപ്പടക്കം ​ഗ്രാമീണ മേഖലയെ ചലനാത്മകമാക്കിയ പദ്ധതികളെ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ജില്ലയിൽ ഇതിനെതിരെ ശക്തമായ ബഹുജനമുന്നേറ്റം ഉണ്ടായതാണ്. ഇത്തരത്തിൽ വികസന പ്രവർത്തനങ്ങൾ ഒന്നൊന്നായി അട്ടിമറിക്കാനും സാമ്പത്തികമായി സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കാനുമുള്ള കേന്ദ്രസർക്കാരിനെതിരെയുള്ള വൻ ബഹുജനരോഷമായി ഓരോ മണ്ഡലത്തിലെയും ജാഥാ സ്വീകരണം മാറും. 
13ന് വൈകിട്ട് നാലിന് തിരുവല്ലയിലാണ് ജില്ലയിലെ ആദ്യ സ്വീകരണം. വൈകിട്ട് അഞ്ചിന് റാന്നിയിലും. 14ന് രാവിലെ 10ന്  ആറന്മുള മണ്ഡലത്തിൽ (പത്തനംതിട്ട), 11ന് കോന്നിയിലും തുടർന്ന് പകൽ മൂന്നിന് അടൂരിലും സ്വീകരണം നൽകും. 
എല്ലാ മണ്ഡലങ്ങളിലും  അടൂത്തയാഴ്ച വിപുലമായ   സ്വാ​ഗതസംഘം  രൂപീകരിക്കും. ഫെബ്രുവരി രണ്ടിന് തിരുവല്ലയിലും ഏഴിന് അടൂർ , ആറന്മുള മണ്ഡലത്തിലും എട്ടിന് റാന്നി , കോന്നി മണ്ഡലത്തിലുമാണ് സ്വാ​ഗതസംഘം രൂപീകരിക്കുക. തിരുവല്ലയില്‍ രണ്ടിന് പകല്‍ മൂന്നിന് പി കെ ചന്ദ്രാനന്ദന്‍ സ്മാരക ഹാളിലാണ് (സിപിഐ എം ഏരിയാകമ്മിറ്റി ഓഫീസ്)  സ്വാ​ഗത സംഘ രൂപീകരണ യോ​ഗം.  അടൂരിൽ ഏഴിന് പകൽ മൂന്നിന് എസ്എൻഡിപി ഹാളിലും ആറന്മുള മണ്ഡലത്തിലേത്ത്  പത്തനംതിട്ട  കോ ഓപ്പറേറ്റീവ് കോളേജ്  ഹാളിൽ രാവിലെ 10നുമാണ് സ്വാ​ഗതസംഘം രൂപീകരണം. 
റാന്നിയിൽ എട്ടിന് പകൽ മൂന്നിന് റാന്നി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും കോന്നിയിൽ പകൽ മൂന്നിന് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പ്രിയദർശിനി ഓഡിറ്റോറിയത്തിലുമാണ്    യോ​ഗം. ചുവരെഴുത്തകുൾ അടക്കമുള്ള പ്രചാരണ പ്രവർത്തനം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഇതിനകം തുടങ്ങി. 
ജനപക്ഷ ബദൽ നയം നടപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ വികസന, ജനക്ഷേമ പദ്ധതികൾ കൂടുതൽ ആളുകളിലെത്തിക്കാനുള്ള പ്രചാരണ പ്രവർത്തനവും ഇതിന്റെ ഭാ​ഗമായി നടത്തും. 
പി കെ ബിജു മാനേജരായ ജാഥയിൽ എം സ്വരാജ്,  സി എസ് സുജാത, കെ ടി ജലീൽ, ജെയ്ക് സി തോമസ് എന്നിവർ സ്ഥിരാം​ഗങ്ങളാണ്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top