18 April Thursday
അട്ടപ്പാടി ശിശുമരണം

മുടങ്ങിയത്‌ കേന്ദ്ര പദ്ധതി; പഴി സംസ്ഥാനത്തിന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
 
പാലക്കാട് 
അട്ടപ്പാടിയിലെ ശിശുമരണത്തെ തുടർന്ന് കേരള സർക്കാരിനും പട്ടികവർഗ വികസന വകുപ്പിനുമെതിരെ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമെന്ന് ഐടിഡിപി പ്രോജക്ട് ഓഫീസർ വി കെ സുരേഷ്‌കുമാർ. പട്ടികവർഗ വികസന വകുപ്പിന്റെ ‘ജനനീ ജന്മരക്ഷാ’പദ്ധതി മാർച്ച് മുതൽ മുടങ്ങിയെന്ന പ്രചാരണം തെറ്റാണ്‌. 2021-–-22 വർഷം പദ്ധതിക്കായി ആദ്യഗഡു 50ലക്ഷം രൂപ മേയിൽ ലഭിച്ചു. ഈ തുക വിനിയോഗിച്ച് അതുവരെയുള്ള ആനുകൂല്യം 661 ഗുണഭോക്താക്കൾക്ക് അനുവദിച്ചു. 20ന് ഒരുകോടി രൂപകൂടി ലഭിച്ചതോടെ കുടിശ്ശികയും നവംബറിലെ തുകയും ഉൾപ്പെടെ 693 ഗുണഭോക്താക്കൾക്ക്‌ 83,92,000 രൂപ നൽകി. ഈ വർഷം ഇതുവരെ 1,33,92,000 രൂപ ചെലവഴിച്ചു. 
ദേശീയ ആരോഗ്യദൗത്യം പദ്ധതിപ്രകാരം നടപ്പാക്കുന്ന ജനനി ശിശുസുരക്ഷാ കാര്യക്രം(ജെഎസ്എസ്‌കെ)പദ്ധതിയാണ്‌ മുടങ്ങിയത്. എന്നാൽ, പട്ടികവർഗ വികസന വകുപ്പിന്റെ ‘ജനനീ ജന്മരക്ഷാ’പദ്ധതി മുടങ്ങിയതായാണ് വാർത്ത പ്രചരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പദ്ധതിപ്രകാരം ഒരു സ്ത്രീ ഗർഭിണിയായി മൂന്നുമാസം മുതൽ കുട്ടി ജനിച്ച്‌ ഒരു വയസ്സാകുന്നതു വരെയുള്ള 18 മാസം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസംരക്ഷണാർഥം പോഷകാഹാരം ലഭ്യമാക്കുന്നതിന് പ്രതിമാസം 2,000 രൂപ വീതം ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നൽകും. ഇത്തരത്തിൽ ഒരു ഗുണഭോക്താവിന് 36,000 രൂപ നൽകുന്നുണ്ട്‌. 
പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിക്ക് സർക്കാർ ട്രൈബൽ സബ് പ്ലാൻ(ടിഎസ്‌പി)ഫണ്ട് നൽകുന്നു എന്ന പ്രചാരണവും തെറ്റാണ്‌. സഹകരണ വകുപ്പ് നൽകുന്ന ഫണ്ടിനെ ടിഎസ്‌പി ഫണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് വാർത്ത പ്രചരിക്കുന്നത്‌. 
കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ദിവസവേതന ജീവനക്കാരനായ ടി ആർ ചന്ദ്രൻ ട്രൈബൽ വെൽഫെയർ ഓഫീസർ എന്ന് പരിചയപ്പെടുത്തി ചാനലുകളിലും മറ്റും ഇത്തരത്തിൽ സംസാരിച്ച് വാർത്തയാക്കുകയാണ് ഉണ്ടായത്. ഇയാൾക്ക് പട്ടികവർഗ വികസന വകുപ്പുമായി ഒരു ബന്ധവുമില്ലെന്നും ഇദ്ദേഹത്തെ നിയമിച്ചത് പട്ടികവർഗ വികസന വകുപ്പ് അല്ലെന്നും ഐടിഡിപി പ്രോജക്ട്‌ ഓഫീസർ വ്യക്തമാക്കി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top