26 April Friday

ലഹരിവിമുക്തമാകാൻ 
നാടൊരുങ്ങുന്നു

സ്വന്തം ലേഖികUpdated: Friday Sep 30, 2022
 
പാലക്കാട്‌
ലഹരിയിൽനിന്ന്‌ നാടിനെ മുക്തമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക്‌ പിന്തുണ നൽകാനുള്ള തയ്യാറെടുപ്പിലാണ്‌ ജില്ലയിലെ പൊതുസമൂഹം. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും പൊതുസമൂഹത്തിലും ഇതിന്റെ സന്ദേശം എത്തിക്കാനുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. അധ്യാപകർ, സന്നദ്ധ സംഘടനകൾ, എക്‌സൈസ്‌, പൊലീസ്‌ സേനകൾ തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമാകും. 
മദ്യലഹരിയിൽനിന്ന്‌ കഞ്ചാവിലേക്കും മറ്റ്‌ വീര്യംകൂടിയ ലഹരിവസ്‌തുക്കളിലേക്കും യുവതലമുറ നീങ്ങുമ്പോൾ വീണ്ടെടുപ്പിനായി നാടൊന്നിക്കുകയാണ്‌. ഗാന്ധിജയന്തി മുതൽ കേരളപ്പിറവിവരെയാണ്‌ ക്യാമ്പയിൻ.
സ്‌ത്രീപീഡനങ്ങളും ലൈംഗിക അതിക്രമങ്ങളുമൊക്കെ വർധിക്കുന്നതിനും പുതുതലമുറയുടെ ബന്ധം മറന്നുള്ള പെരുമാറ്റത്തിനും പിന്നിൽ ലഹരിയുണ്ട്‌. അതിനാൽ വിദ്യാർഥികൾക്കിടയിൽനിന്നാണ്‌ ബോധവൽക്കരണം തുടങ്ങുന്നത്‌. അധ്യാപകരുടെയും വിവിധ വകുപ്പുകളുടെയും സഹായത്തോടെയാണ്‌ പ്രവർത്തനം. ലഹരിക്കെതിരെ യോദ്ധാവാകാനുള്ള തയ്യാറെടുപ്പിലാണ്‌ അധ്യാപകർ. ഇതിനുള്ള പരിശീലനം തുടങ്ങി. ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ലഹരിക്കെതിരെ ജനകീയ കവചം ക്യാമ്പയിനും തുടങ്ങി. ജനകീയ സദസ്സുകൾ സംഘടിപ്പിച്ചാണ്‌ ക്യാമ്പയിൻ.  
എക്‌സൈസ്‌ വകുപ്പിന്റെ വിമുക്തി ക്യാമ്പയിനും വിപുലമാക്കി. ജില്ലയിൽ സ്‌കൂളുകളിൽ 350 ലഹരിവിരുദ്ധ ക്ലബ്ബും കോളേജുകളിൽ 80 ക്ലബ്ബും പ്രവർത്തിക്കുന്നുണ്ട്‌. ജനുവരിമുതൽ സെപ്‌തംബർവരെ ആയിരത്തിലേറെ ലഹരിവിരുദ്ധക്ലാസ്‌ നടത്തി. 
ഗാന്ധിജയന്തിദിനത്തിൽ ലഹരിക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യാമ്പയിൻ നടക്കും. നവംബർ ഒന്നിന്‌ വിദ്യാലയങ്ങളിൽ അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർഥികളുംചേർന്ന്‌ ലഹരിവിരുദ്ധചങ്ങല സംഘടിപ്പിക്കും. പൊലീസ്‌, വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ്‌, സാമൂഹ്യനീതി, തദ്ദേശവകുപ്പുകൾ ചേർന്ന്‌ ജനങ്ങളുടെ സഹകരണത്തോടെയാണ്‌ ലഹരിവിമുക്തപരിപാടി നടപ്പാക്കുന്നത്‌. കുടുംബശ്രീ, റസിഡന്റ്‌സ്‌ അസോസിയേഷനുകൾ, സ്‌കൂൾ പിടിഎ, ലൈബ്രറി കൗൺസിൽ, മദ്യവർജന സമിതികൾ, സന്നദ്ധ സംഘടനകൾ, വിദ്യാർഥി-–-യുവജന–--മഹിളാ സംഘടനകൾ എന്നിവരുടെ പങ്കാളിത്തവുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top