18 April Thursday
സബ്‌സിഡി കുറച്ചു

രാസവള വിലവർധന കർഷകർക്ക് ഇരുട്ടടി

ആർ ജനാർദനൻUpdated: Thursday Jun 30, 2022

 

 
 
കുഴൽമന്ദം
രാസവളത്തിനുള്ള സബ്‌സിഡി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതോടെ വില വൻതോതിൽ വർധിച്ചു. ഇത്‌ കർഷകരുടെ ബാധ്യത ഇരട്ടിയാക്കി. കർഷകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അടിവളത്തിനും മേൽവളത്തിനും വില കൂടിയതോടെ നെൽകൃഷി ഉൾപ്പെടെ പ്രതിസന്ധിയിലായി. 10 മാസത്തിനിടെ ഒരു ചാക്ക് ഫാക്ടംഫോസിന് 500 രൂപ കൂട്ടി. 1490 രൂപയാണ് ഇപ്പോഴത്തെ വില.  ഈ വർഷം ആദ്യം 1390 രൂപയായിരുന്നു. 
      ചെറുകിട കർഷകർക്ക് വളം വീട്ടിലെത്താൻ വാടകയുംകൂടിയാകുമ്പോൾ അതിലും കൂടും. അമോണിയം സൾഫേറ്റിറ്റിന് 75 രൂപ കൂടി. ചാക്കിന് 1,100 രൂപയായി. 2021 മേയിൽ 990 രൂപയായിരുന്നു. ജൂണിൽ ഒറ്റയടിക്ക് 1,350 രൂപയായി വർധിപ്പിച്ചു. വിതരണക്കാർ സ്റ്റോക്ക് എടുക്കാതിരുന്നതോടെ 1,125 രൂപയാക്കി കുറച്ചു. ആഗസ്‌തിൽ വീണ്ടും 1,325 രൂപയാക്കി.
    ഒന്നും രണ്ടും വിള നെൽകൃഷിയുടെ സമയത്ത് യൂറിയയുടെയും പൊട്ടാഷിന്റെയും ക്ഷാമം പ്രശ്‌നമായിരുന്നു. ഇപ്പോൾ കർഷകർ ഏറ്റവുമധികം ഉപയോഗിക്കുന്ന സമ്മിശ്ര വളമായ ഫാക്ടംഫോസിന്റെ വിലക്കയറ്റമാണ് പ്രശ്‌നം. ഇഫ്‌കോ അടക്കമുള്ള മറ്റ് കമ്പനികളുടെ കോംപ്ലക്‌സ് വളം ലഭ്യമാണെങ്കിലും കൂടുതൽ ആവശ്യം ഫാക്ടംഫോസാണെന്ന് വിതരണക്കാർ പറയുന്നു.  ഫാക്ടംഫോസിനൊപ്പം യൂറിയകൂടി ചേർത്താണ് നെല്ലിന് രണ്ടാം വളപ്രയോഗം നടത്തുക. മൂന്നാം വളപ്രയോഗം നടത്തുമ്പോൾ യൂറിയക്ക്‌ പകരം പൊട്ടാഷാണ് ചേർക്കുക. 
   തോട്ടവിളകൾക്കും പച്ചക്കറി, കരിമ്പ്, കിഴങ്ങു വിളകൾക്കും ഫാക്ടംഫോസ് ആവശ്യമാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ഇറക്കുമതി ചെയ്യുന്ന ചേരുവകളുടെ ലഭ്യതക്കുറവുമാണ് വില കൂടാൻ കാരണം. 2021ലെ കേന്ദ്ര ബജറ്റിൽ രാസവളം സബ്‌സിഡിക്കായി  1,40,122 കോടി രൂപയാണ് വകയിരുത്തിയത്. ഇത്തവണ അത് 1,05,222 കോടിയായി കുറച്ചു. 25 ശതമാനം കുറവ്‌.
   യൂറിയയുടെ സബ്‌സിഡി  2021ൽ 75,930 കോടി നൽകിയ സ്ഥാനത്ത് ഇക്കുറി 63,222 കോടിയായി കുറച്ചു. 17 ശതമാനം കുറവ്. കർഷകർക്ക് ഏറ്റവുമധികം ആവശ്യമുള്ള വളമാണ് യൂറിയ.
നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ അടങ്ങിയ എൻപികെ വളങ്ങളുടെ സബ്‌സിഡിയിൽ 35 ശതമാനം കുറവ് വരുത്തി. 2021ൽ 64,192 കോടി രൂപ വകയിരുത്തിയ സ്ഥാനത്ത് ഇത്തവണ 42,000 കോടിയായാണ്‌ കേന്ദ്രസർക്കാർ കുറച്ചത്‌.  
വിലവർധന 
പിൻവലിക്കണം
കുഴൽമന്ദം
കർഷകരുടെ നട്ടെല്ലൊടിക്കുന്ന രാസവളവില വർധന കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും സബ്‌സിഡി    പുനഃസ്ഥാപിക്കണമെന്നും കേരള കർഷക സംഘം കുഴൽമന്ദം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ഏരിയ പ്രസിഡന്റ്‌ വി രാധാകൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി കെ ശിവദാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ് അബ്ദുൾ റഹ്മാൻ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top