29 March Friday

വാളയാർ മേഖലയിൽ സൗരോർജ തൂക്കു വേലി ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

വാളയാർ–കഞ്ചിക്കോട് വനയോര മേഖലയിൽ ഒരുക്കിയ 
സൗരോർജ തൂക്കുവേലി

വാളയാർ
കാട്ടാനകളെ വിരട്ടാൻ വാളയാർ–കഞ്ചിക്കോട് വനയോര മേഖലയിൽ സൗരോർജ തൂക്കുവേലി സജ്ജമാകുന്നു. വനം വകുപ്പ്‌ അനുവദിച്ച 60 ലക്ഷം രൂപ ചെലവഴിച്ചാണ്‌ നിർമാണം. ആദ്യഘട്ടത്തിൽ നിർമിക്കുന്ന വാളയാർമുതൽ കഞ്ചിക്കോട് ഐഐടിവരെയുള്ള 9.5 കിലോമീറ്ററിൽ വേലി അടുത്തമാസം ഉദ്‌ഘാടനം ചെയ്യും.     ക്യാമ്പസിനു സമീപത്തുള്ള വനയോര മേഖലയിലെ 5.5 കിലോമീറ്ററിൽ ഐഐടി അധികൃതർ തൂക്കുവേലി ഒരുക്കിയിട്ടുണ്ട്. ഇതോടെ വാളയാർ–കഞ്ചിക്കോട് വനയോര മേഖലയിലെ 15 കിലോമീറ്ററിൽ തൂക്കുവേലി സജ്ജമാകും. ഒരു കിലോമീറ്റർ വേലി ഒരുക്കാൻ 5.5 ലക്ഷം രൂപയാണ്‌ ചെലവ്. 
       വാളയാർ റേഞ്ചിനു കീഴിൽ ഈ വർഷം ടെൻഡർ പൂർത്തിയായത് 9.5 കിലോമീറ്ററിലാണ്. അടുത്തഘട്ടത്തിൽ ധോണി മുതൽ ചെറാട്‌ വരെയുള്ള 14 കിലോമീറ്ററിലും തൂക്കുവേലി ഒരുക്കുമെന്ന്‌ റേഞ്ച് ഓഫീസർ ആഷിക് അലി അറിയിച്ചു. കഞ്ചിക്കോട് ഐഐടിയിൽ ഉൾപ്പെടെ കാട്ടാനക്കൂട്ടമെത്തി നാശനഷ്ടമുണ്ടാക്കിയിരുന്നു. ഇതോടെയാണ് തൂക്കുവേലി ഒരുക്കിയത്. വേലി ഒരുക്കിയ ഭാഗങ്ങളിൽ ആനകൾ എത്തുന്നത്‌ കുറഞ്ഞതോടെയാണ്‌ കൂടുതൽ മേഖലയിലേക്ക്‌ വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
കാട്ടാനശല്യം കൂടിയ റേഞ്ചായി വാളയാർ
       സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാട്ടാനശല്യമുള്ളതും ആനകളെ ട്രെയിൻ ഇടിച്ചുണ്ടാകുന്ന അപകടം റിപ്പോർട്ട് ചെയ്തിട്ടുള്ളതും വാളയാർ റേഞ്ചിനു കീഴിലാണ്. ഇവിടെയുള്ള ആറ്‌ സെക്‌ഷനുകളിലും കാട്ടാനശല്യം രൂക്ഷമാണ്. കഞ്ചിക്കോട്–കോയമ്പത്തൂർ പാതയിലെ 13 കിലോമീറ്ററോളം ആനത്താര അടങ്ങിയ വനത്തിലൂടെയാണ്. കാട്ടാനകളെ ട്രെയിൻ തട്ടുന്ന അപകടങ്ങൾ കൂടിയതിന്റെ പശ്ചാതലത്തിൽ വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവരെ ഇടപെട്ടിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top