20 April Saturday
സർവകക്ഷി അനുശോചനം

ടി ശിവദാസമേനോന്‌ സ്‌മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

ടി ശിവദാസമേനോന്റെ നിര്യാണത്തിൽ അനുശോചിച്ച് ചേർന്ന സർവകക്ഷി യോഗത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ സംസാരിക്കുന്നു

 പാലക്കാട്‌

പാലക്കാടിന്റെ പ്രിയ ജനനേതാവിന് നാടിന്റെ സ്മരണാഞ്ജലി. അന്തരിച്ച സിപിഐ എം നേതാവും മുൻമന്ത്രിയുമായ ടി ശിവദാസമേനോന്റെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു.  പാലക്കാട്‌ ആയുർവേദ ആശുപത്രിക്ക്‌ സമീപം ചേർന്ന യോഗത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ അനുസ്മരണപ്രഭാഷണം നടത്തി. 
ജനമനസുകളിൽ പടർന്നുകയറിയ നേതാവായിരുന്നു ടി ശിവദാസമേനോനെന്ന്‌  എ കെ ബാലൻ പറഞ്ഞു. തലയെടുപ്പുള്ള നേതാവും മികവുറ്റ സംഘാടകനുമായിരുന്നു ശിവദാസമേനോൻ. ഏതു മേഖലയായാലും ഒരു മാഷിന്റെ കണിശതയോടെ അദ്ദേഹം കാര്യങ്ങൾ കൈകാര്യം ചെയ്തു. പ്രസംഗത്തിലൂടെ പാർടി പ്രവർത്തകരെ ആവേശത്തിലാക്കാനും കേട്ടുനിൽക്കുന്ന മറ്റുള്ളവരെ ചിന്തിപ്പിക്കാനും എതിർ പാർടിക്കാരെ പരിവർത്തനപ്പെടുത്താനും അദ്ദേഹത്തിന്‌ കഴിഞ്ഞുവെന്നും- എ കെ ബാലൻ പറഞ്ഞു. 
രാഷ്ട്രീയത്തിലും ഒരു പ്രധാനാധ്യാപകനെപ്പോലെയായിരുന്നു ടി ശിവദാസമേനോനെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ കെ എ ചന്ദ്രൻ പറഞ്ഞു. പാലക്കാട്ടെ രാഷ്‌ട്രീയരംഗത്തെ ഭീഷ്‌മാചാര്യനായിരുന്നു ശിവദാസമേനോനെന്ന്‌ ബിജെപി  നേതാവ്‌ എൻ ശിവരാജൻ പറഞ്ഞു. ജില്ലയിലെ ജന്മി–- ഭൂപ്രഭുത്വത്തിനെതിരെ ശക്തമായി പോരാടിയ നേതാവായിരുന്നെന്ന്‌ സിപിഐ ജില്ലാ സെക്രട്ടറി ടി സിദ്ധാർഥൻ അനുസ്മരിച്ചു. യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു അധ്യക്ഷനായി. 
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ എൻ കൃഷ്ണദാസ്‌, സി കെ രാജേന്ദ്രൻ, സിപിഐ ജില്ലാ അസിസ്റ്റന്റ്‌ സെക്രട്ടറി കെ കൃഷ്ണൻകുട്ടി, കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ കെ കുശലകുമാർ, എൻസിപി ജില്ലാ സെക്രട്ടറി എ രാമസ്വാമി, ജെഡിഎസ്‌ നേതാവ്‌ കെ ആർ ഗോപിനാഥ്‌, കേരള  കോൺഗ്രസ്‌ സ്കറിയ തോമസ്‌ നേതാവ്‌ നൈസ്‌ മാത്യു, എ ഭാസ്കരൻ, അസീസ്‌ പരിത്തിപ്ര, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി കെ കൃഷ്ണൻകുട്ടി സ്വാഗതവും  ജില്ലാ കമ്മിറ്റി അംഗം ടി കെ നൗഷാദ്‌ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top