ചെർപ്പുളശേരി 
പാഠപുസ്‌കങ്ങളിലും ചരിത്രത്തിലും ഫാസിസ്‌റ്റുകൾ കാവി പടർത്തുമ്പോൾ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചും വിദ്യാർഥികളുടെ സംഘാടക കരുത്തുകാട്ടിയും എസ്‌എഫ്‌ഐ 47–--ാം ജില്ലാ സമ്മേളനം. പ്രതിനിധി സമ്മേളനത്തിന് ചെർപ്പുളശേരിയിൽ തുടക്കം. ജില്ലാ പ്രസിഡന്റ് പി ജിഷ്‌ണു പതാക ഉയർത്തി.  
പ്രതിനിധി സമ്മേളനം രക്തസാക്ഷി റോഷൻ നഗറിൽ  (ചൈതന്യ ഓഡിറ്റോറിയം) സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത  ഉദ്‌ഘാടനം ചെയ്‌തു. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എൻ രശ്മി രക്തസാക്ഷി പ്രമേയവും കെ സി നിമേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹസൻ മുബാറക് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി എസ് വിപിൻ  റിപ്പോർട്ടും അവതരിപ്പിച്ചു. 
പി ജിഷ്ണു, സി ജിഷ്ണു, എൻ രശ്മി, ഉത്തര എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സംസ്ഥാന സെക്രട്ടറി പി എം ആർഷോ, കേന്ദ്ര നിർവാഹക സമിതി അംഗം വി വി ചിത്ര, പി മമ്മിക്കുട്ടി എംഎൽഎ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ എസ് സലീഖ,  മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി കെ സുധാകരൻ, ചെർപ്പുളശേരി നഗരസഭാ ചെയർമാൻ പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. 
സംഘാടക സമിതി ചെയർമാൻ കെ നന്ദകുമാർ സ്വാഗതം പറഞ്ഞു. വിവിധ ഏരിയകളിൽനിന്ന് തെരഞ്ഞെടുത്ത 350 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.
 
ചെർപ്പുളശേരി ചരിത്രമെഴുതിയ നാട്
സ്വന്തം ലേഖകൻ
ചെർപ്പുളശേരി
പോർവീഥികളിലെ അനുഭവങ്ങൾ കരുത്താക്കി പുതിയ പോരാട്ടങ്ങൾക്ക് കർമരൂപങ്ങൾ തയ്യാറാക്കാനെത്തിയ വിദ്യാർഥി  പോരാളികളെ ഹൃദയത്തോട് ചേർത്ത് ചെർപ്പുളശേരി. സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ തീപ്പന്തങ്ങൾ ജ്വലിപ്പിച്ച് രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി  രണ്ട് തവണയെത്തിയ മണ്ണ്. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ ഏറനാട്ടിലും വള്ളുവനാട്ടിലും അലയടിച്ചുയർന്ന ചെറുത്തുനിൽപ്പിന്റെ ചരിത്രം പേറുന്ന മലബാർ കലാപം ആരംഭിച്ചത് കൊണ്ടോട്ടിയിലും അവസാനിച്ചത് ചെർപ്പുളശേരിയിലുമാണ്. ജനാധിപത്യവും ഭരണഘടനയും ഫാസിസ്‌റ്റുകൾ പൊളിച്ചെഴുതുമ്പോൾ സ്വാതന്ത്ര്യസമര പോരാളികൾ പടുത്തുയർത്തിയ രാജ്യത്തിന്റെ കാവൽഭടന്മാരായി തങ്ങളുണ്ടെന്ന് പ്രഖ്യാപിക്കുകയാണ് ഇവിടെ.   
എസ്എഫ്ഐയുടെ 38 –-ാമത് ജില്ലാ സമ്മേളനം ചെർപ്പുളശേരിയിൽ   നടന്നത് 2012 ഫെബ്രുവരിയിലാണ്. പതിറ്റാണ്ടിന് ശേഷം ജില്ലാ സമ്മേളനം  വീണ്ടും നടക്കുമ്പോൾ ചെർപ്പുളശേരിയിലെ മുഴുവൻ സ്കൂളുകളും കോളേജുകളും ശുഭ്രപതാകയ്‌ക്ക് കീഴിലാണ്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്‌മരണകളിരമ്പുന്ന നാട്ടിൽ വിദ്യാഭ്യാസരംഗത്തെ സ്വകാര്യവൽക്കരണത്തിനെതിരായ പോരാട്ടവും ധൈഷണികരംഗത്തെ ഇടപെടലും കൊണ്ട് കരുത്താർജിച്ച വിദ്യാർഥി പ്രസ്ഥാനത്തിന്റെ സമ്മേളനം  ചരിത്രത്തിന് പകിട്ടേറ്റുന്നു.
 
മോദിയുടെ കോപ്രായങ്ങൾ രാജ്യത്തിന് നാണക്കേട്: സി എസ് സുജാത 
ചെർപ്പുളശേരി
ഇന്ത്യയെ മതരാഷ്‌ട്രമാക്കാനുള്ള അജൻഡയുടെ ഭാഗമാണ്  പുതിയ പാർലമെന്റ് ഉദ്‌ഘാടനത്തിന്റെ പേരിലുള്ള കോപ്രായങ്ങളെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത. എസ്‌എഫ്‌എ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. 
ആർഎസ്‌എസ് രൂപീകരിച്ച്  100 വർഷമാകുന്ന 2025ൽ  ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാനാണ് പദ്ധതി. ഇതിനായി കള്ളക്കഥകൾ മെനഞ്ഞ് ചെങ്കോൽ സ്ഥാപിക്കുന്നു. ഇതിന് മുന്നിൽ സാഷ്ടാംഗം വണങ്ങുന്ന പ്രധാനമന്ത്രി ലോകത്തിന് മുന്നിൽ രാജ്യത്തെ പരിഹാസ്യമാക്കി. സ്വാതന്ത്ര്യസമരത്തെ ഒറ്റിയ സവർക്കറുടെ ജന്മദിനം തന്നെ ഇതിന് തെരഞ്ഞെടുത്തത് ആസൂത്രിതമാണ്. മോദി ആദ്യമായി അധികാരത്തിൽ വന്നപ്പോൾ പരവതാനിയിൽ സാഷ്ടാംഗം പ്രണമിച്ചാണ് പാർലമെന്റിലേക്ക് കടന്നുവന്നത്. അന്നേ ഇവരുടെ അജൻഡ ഇടതുപക്ഷം വ്യക്തമാക്കിയിരുന്നു. 
ആദിവാസി വിഭാഗത്തിൽ നിന്നുള്ള രാഷ്‌ട്രപതിയെയാണ് ബിജെപി അവഹേളിച്ചത്.  ലോകസഭയും രാജ്യസഭയും ചേർന്ന പാർലമെന്റ് വിളിച്ച് ചേർക്കുന്നത് രാഷ്‌ട്രപതിയാണ്.  37 ശതമാനം മാത്രം പേരുടെ പിന്തുണയുള്ള ബിജെപി രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന്  ആലോചിക്കുമ്പോൾ ഭീതിയാണുണ്ടാക്കുന്നത്.  യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന മോദി അവരെയും വഞ്ചിച്ചു. കഴിഞ്ഞ 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്‌മ നിരക്കാണ് ഇന്ന് രാജ്യതത്തുള്ളതെന്നും അവർ പറഞ്ഞു.
 
കാവിവൽക്കരണം 
പ്രതിരോധിക്കണം 
ചെർപ്പുളശേരി
വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനും ശാസ്ത്രബോധത്തെ നിഷേധിക്കാനും കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന മാറ്റങ്ങൾക്കെതിരെ പ്രതിരോധം തീർക്കണമെന്ന് എസ്എഫ്ഐ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയെയും ചരിത്രരചനയെയും കാവിവൽക്കരിച്ച് വർഗീയ വിദ്വേഷത്തിന്റെ വിഷവിത്തുകൾ സമൂഹത്തിൽ നട്ടുവളർത്താനുള്ള ശ്രമവുമായി ആർഎസ്എസ് മുന്നോട്ടുപോകുകയാണ്. ഇന്ത്യയുടെ വൈവിധ്യത്തെയും ജനാധിപത്യ ഘടനയെയും ശാസ്ത്രബോധത്തെയും ബാധിക്കുന്ന വിഷയങ്ങളെ ഒഴിവാക്കി അവിടെയെല്ലാം യുക്തിരഹിതമായ കപടശാസ്ത്രങ്ങളെയും ഭൂതകാലത്തെ മിഥ്യബോധത്തെയും പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 
ഗാന്ധിവധത്തെക്കുറിച്ച്, ഗുജറാത്ത് കലാപത്തെക്കുറിച്ച്, മുഗൾ സാമ്രാജ്യത്തെക്കുറിച്ച്, ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാന അബ്ദുൽ കലാം ആസാദിനെക്കുറിച്ചും, പരിണാമ ശാസ്ത്രത്തെക്കുറിച്ചുമുള്ള പാഠഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
 
 
 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..