29 March Friday
സ്‌കൂളുകൾ ഒരുങ്ങി

വരൂ കുട്ടികളെ

സ്വന്തം ലേഖകൻUpdated: Tuesday May 30, 2023
പാലക്കാട്
ജൂൺ ഒന്നിന് സ്‌കൂൾ തുറക്കാനിരിക്കെ ഒരുക്കങ്ങൾ പൂർത്തിയായി. യൂണിഫോമും പുസ്തകങ്ങളും നേരത്തെ ലഭിച്ചതോടെ കുട്ടികളും രക്ഷിതാക്കളും സന്തോഷത്തോടെയാണ് പുതിയ അധ്യയനവർഷത്തെ വരവേൽക്കുന്നത്. ജില്ലയിലെ 1002 സ്കൂളുകളും സജ്ജമായി. 333 സർക്കാർ സ്കൂളും 585 എയ്ഡഡ് സ്കൂളും 84 അൺ എയ്ഡഡ് സ്കൂളുമാണുള്ളത്. പെയിന്റിങ്ങും അറ്റകുറ്റപണികളും പൂർത്തിയാക്കി പ്രവേശനോത്സവത്തിന്‌ തയ്യാറായി. 
ജൂൺ മാസത്തിലെ ഉച്ചക്കഞ്ഞിക്കുളള അരി വിതരണം പൂർത്തിയായി. പാചകതൊഴിലാളികൾക്കുള്ള പരിശീലനവും പൂർത്തിയാക്കി. പ്രവേശനോത്സവത്തിന്റെ ജില്ലാ ഉദ്ഘാടനം മലമ്പുഴ ​ഗവ. ഹ​യർ സെക്കൻഡറി സ്കൂളിൽ രാവിലെ ഒമ്പതിന് മന്ത്രി എം ബി രാജേഷ്‌ നിർവഹിക്കും. സ്കൂൾ ശുചീകരിക്കാൻ ഡിവൈഎഫ്ഐ, എസ്എഫ്ഐ, കെഎസ്ടിഎ പ്രവർത്തകരും സജീവമായി രം​ഗത്തുണ്ട്.
യൂണിഫോമും 
പാഠപുസ്തകവും 
നേരത്തെ
സ്കൂൾ തുറക്കുന്നതിന് അഴ്ചകൾക്ക് മുന്നേ യൂണിഫോമും പാഠപുസ്തകവും റെഡിയായി. നവാഗതർക്ക്‌ പ്രവേശനോത്സവ ദിവസം മുതൽ ഇവ ലഭിക്കും. യൂണിഫോം 98 ശതമാനം സ്കൂളുകളിലും പാഠപുസ്തകം 91 ശതമാനവും വിതരണത്തിനെത്തി. ജൂൺ ആദ്യവാരത്തിൽ തന്നെ മുഴുവൻ കുട്ടികൾക്കും ലഭിക്കും. 
സേഫാക്കി ബസുകൾ
സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന പുരോഗമിക്കുകയാണ്. 678 വാഹനങ്ങൾ പരിശോധിച്ച് സ്റ്റിക്കർ നൽകി. മാനദണ്ഡപ്രകാരമുള്ള ക്രമീകരണങ്ങൾ ഒരുക്കാത്തതിനാൽ 37 വാഹനങ്ങൾക്ക് ഫിറ്റനസ് സർട്ടിഫിക്കറ്റ് നൽകിയില്ല. ജില്ലയിലാകെ രണ്ടായിരത്തോളം സ്‌കൂൾ ബസുകളാണുള്ളത്. ബുധനാഴ്ചക്കുള്ളിൽ എല്ലാവരും പരിശോധന നടത്തി സ്റ്റിക്കർ സ്വീകരിക്കണമെന്ന് ആർടിഒ അറിയിച്ചു.
മുന്നൊരുക്ക യോഗം ഇന്ന്
സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ അന്തിമ രൂപം ചർച്ച ചെയ്യുന്നതിന് ചൊവ്വാഴ്ച രാവിലെ 10ന് കലക്ടറുടെ ചേംബറിൽ യോ​ഗം ചേരും. കലക്ടർ ഡോ. എസ് ചിത്ര അധ്യക്ഷയാകും. 
കാലവർഷത്തിൽ 
സുരക്ഷ ഉറപ്പാക്കും
വിവിധതലങ്ങളിൽ യോ​ഗങ്ങൾ ചേരുകയും മുന്നൊരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു. കുറച്ച് സ്കൂളുകൾക്ക് ഫിറ്റ്നസ് ലഭിക്കാനുണ്ട്. പരിശോധന പു​രോ​ഗമിക്കുകയാണ്. കാലവർഷം കൂടി മുന്നിൽക്കണ്ട് എല്ലാവിധ സുരക്ഷാ മുൻകരുതലുകളും സ്കൂളുകളിൽ ഒരുക്കും.
പി വി മനോജ് കുമാർ
ഡിഡിഇ
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top