20 April Saturday
മണ്ണാര്‍ക്കാട് മേഖലയിൽ വന്യമൃ​ഗ ശല്യം രൂക്ഷം

പുലിപ്പേടി

സി രാമൻകുട്ടിUpdated: Monday Jan 30, 2023
മണ്ണാർക്കാട്
പുലിപ്പേടിയിൽ വിറങ്ങലിച്ചിരിക്കുകയാണ് മണ്ണാർക്കാട്ടെ മലയോര മേഖല. വനാതിർത്തികളും ​ഗ്രാമങ്ങളും കടന്ന്‌ പ്രധാന പാതകളിൽ വരെ പുലിയുടെ സാന്നിധ്യം കണ്ടതോടെ ആശങ്കയിലാണ് ഇവിടത്തെ ജനങ്ങൾ. ഒരു പുലി ചത്തെങ്കിലും ഭീതിക്ക്‌ ഒട്ടും കുറവില്ലെന്ന് നാട്ടുകാർ പറയുന്നു.
ഒരാഴ്ച മുമ്പാണ് തെങ്കരയിലെ തത്തേങ്ങലത്ത് പുലിയേയും കുഞ്ഞുങ്ങളേയും വഴിയാത്രക്കാർ കണ്ടത്. വൈകിട്ട് ഏഴിനുണ്ടായ സംഭവത്തെ തുടർന്ന് വനം വകുപ്പ് അധികൃതരും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്തിയില്ല. വനത്തിന് നടുവിലൂടെയാണ് തത്തേങ്ങലം റോഡ് കടന്നു പോകുന്നത്. നിരവധി പേർ ദിവസേന കടന്നുപോകുന്ന പാതയിൽ പുലിയെ കണ്ടതോടെ നേരം ഇരുട്ടിയാൽ ആളുകൾ ഈ വഴിയുള്ള യാത്ര ഉപേക്ഷിക്കുകയാണ്. എടത്തനാട്ടുകര ഉപ്പുകുളത്തും പുലിയെ കണ്ടെന്ന് നാട്ടുകാർ പറയുന്നു. 
റബർ ടാപ്പുകാരനെയും കാടുവെട്ടുകാരനായ ഒരു തൊഴിലാളിയേയും കഴിഞ്ഞ വർഷം പുലി ആക്രമിച്ചിരുന്നു. രണ്ടു പേരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. നാട്ടുകാർ പുലിയെ കണ്ടെന്ന് പറയുന്ന സ്ഥലങ്ങളിൽ വനംവകുപ്പ് കൂടുകൾ സ്ഥാപിക്കുന്നുണ്ടെങ്കിലും ഒന്നുപോലും കൂട്ടിൽ കുടുങ്ങുന്നില്ല. മൈലാമ്പാടത്ത് വച്ച കൂട്ടിൽ മാത്രം പുലി അകപ്പെട്ടു. കരിമ്പയിലെ കല്ലടിക്കോട് ഒരു വീട്ടുകിണറ്റിൽ കരടിപ്പെട്ടതും കഴിഞ്ഞ വർഷമാണ്. ഈ കരടിയെ പിടികൂടുന്നതിന് പകരം സുരക്ഷിതമായി വഴിയൊരുക്കി കാട്ടിലേക്ക് അയക്കുകയാണ് വനംവകുപ്പ് ചെയ്തത്. പ്രദേശത്ത് ഇപ്പോഴും കരടി പേടിയുണ്ട്. കാട്ടാനകളുടെ ആക്രമണവും പ്രദേശത്ത് വ്യാപകമാണ്. പ്രദേശത്തെ വന്യമൃ-​ഗ ശല്യം പരിഹരിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വന്യമൃഗങ്ങളിൽനിന്ന് സാധാരണ മനുഷ്യരെ സംരക്ഷിക്കാൻ നടപടി വേണമെന്ന് കേരള കർഷക സംഘം മണ്ണാർക്കാട് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.  
വനത്തോടുചേർന്ന് ശാശ്വതമായി വൈദ്യുതി വേലി, സോളാർ ഫെൻസിങ് തുടങ്ങിയ സംവിധാനങ്ങൾ കുറ്റമറ്റ രീതിയിൽ സ്ഥാപിക്കണമെന്നും ഏരിയ സെക്രട്ടറി എൻ മണികണ്ഠൻ ആവശ്യപ്പെട്ടു.
 
ജനങ്ങളുടെ ഭാ​ഗത്തുനിന്ന് 
നിസ്സഹകരണമുണ്ടായി: എ കെ ശശീന്ദ്രൻ
മണ്ണാർക്കാട്
കോഴിക്കൂട്ടില്‍ കുടുങ്ങിയ പുള്ളിപ്പുലി ചത്തതിൽ ജനങ്ങളുടെ ഭാഗത്തുനിന്ന്‌ നിസ്സഹകരണം ഉണ്ടായെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. 
പുലിയെ മയക്കുവെടിവയ്‌ക്കാനുള്ള എല്ലാ തയ്യാറെടുപ്പും വകുപ്പ് എടുത്തിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ജനം ഉദ്യോഗസ്ഥരുമായി സഹകരിക്കുകയാണ് വേണ്ടത്. ഫോട്ടോയെടുത്തും മറ്റും പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കരുത്. മണ്ണാർക്കാട്ട്‌ ചിലർ ഫോട്ടോയെടുത്തതും മറ്റും പുലിയെ പ്രകോപിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
 
പുലിയെ കണ്ട അനുഭവം പങ്കുവച്ച് ഫിലിപ്പ്
പുലി രക്ഷപ്പെട്ടിരുന്നുവെങ്കില്‍ എന്താകുമായിരുന്നു..?
മണ്ണാർക്കാട്
പേടിച്ചുവിറച്ച ഒരു രാത്രിയാണ് കടന്നുപോയത്. ആ കുരുക്കില്‍നിന്ന് പുലി രക്ഷപ്പെട്ടിരുന്നെങ്കില്‍ എന്താകുമായിരുന്നുവെന്ന് ഫിലിപ്പിന് ഓര്‍ക്കാനേ കഴിയുന്നില്ല. ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി വീണത്. പുലിയാണെന്ന് കൂട്ടിലുള്ളതെന്ന് തിരിച്ചറിഞ്ഞശേഷം പേടിയോടെയാണ് പിന്നീടെല്ലാം ചെയ്തത്. എങ്ങനെയോ കൂടിന്റെ വാതില്‍ അടച്ചു. എന്നിട്ടും ഭീതി ഒഴിഞ്ഞില്ല. പുലി കൂട്‌ തകര്‍ത്തുവരുമോ എന്ന ആശങ്ക. വനം വകുപ്പ് അധികൃതര്‍ എത്തിയപ്പോഴാണ് കുറച്ചെങ്കിലും ആശ്വാസമായതെന്ന് ഫിലിപ്പ് പറഞ്ഞു.
പുലി ചത്തപ്പോള്‍ താല്‍ക്കാലിക ആശ്വാസമായെങ്കിലും പുലിപ്പേടിക്ക് ശാശ്വതപരിഹാരം വേണമെന്നാണ് പുവത്താണി വീട്ടിൽ ഫിലിപ്പ് പറയുന്നത്. മലയോര മേഖലയിലുള്ളവരെ പുനരധിവസിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ഒരു വർഷത്തിനിടയിൽ ഒന്നിലേറെ തവണ പുലി കോഴിക്കൂട്ടിൽനിന്ന് കോഴികളെ പിടിച്ചു. അതിനുശേഷമാണ് പ്ലാസ്റ്റിക് നെറ്റ് മാറ്റി കൂട്ടില്‍ ഇരുമ്പുനെറ്റ് അടിച്ചത്. ഉറപ്പുള്ള കൂടൊരുക്കിയത് പുലിയെ പേടിച്ചുതന്നെയാണ്‌. 
കൂടിന്റെ മുകൾഭാഗത്തുകൂടി ഉള്ളിലേക്കിറങ്ങിയ പുലി കോഴികളെ പിടിച്ച് പുറത്ത് പോകുന്നതിനിടയിലാണ് കുരുങ്ങിയത്. കൂടിന്റെ മുകളിലെ ഒരു കമ്പിയിൽ കാൽ കുടുങ്ങുകയായിരുന്നു. വനാതിർത്തിയോട് ചേർന്ന് താമസിക്കുന്നതിനാൽ വന്യമൃ​ഗശല്യം രൂക്ഷമാണ്. കാട്ടാനയുടെ ആക്രമണവും വീടിനോട് ചേര്‍ന്ന കൃഷിസ്ഥലത്തുണ്ടായിട്ടുണ്ട്. 
പുലി, കടുവ, കരടി എന്നിവയും പ്രദേശത്ത് വരാറുണ്ട്. നിരവധി കര്‍ഷകരുടെ കൃഷിയാണ് വന്യമൃ​ഗങ്ങള്‍ നശിപ്പിക്കുന്നത്. ഇതിന് നഷ്ടപരിഹാരം ലഭ്യമാക്കണം. കര്‍ഷകരെ മറ്റൊരു സ്ഥലത്തേക്ക് പുനരധിവസിപ്പിക്കണമെന്നും ഫിലിപ്പ് ആവശ്യപ്പെട്ടു.
■ രക്ഷപ്പെട്ടത് 
തലനാരിഴയ്‌ക്ക് 
മലയോര മേഖലയിലെ ജനങ്ങൾക്ക് സ്വൈരമായി അന്തിയുറങ്ങാൻ സാഹചര്യം ഒരുക്കണമെന്ന്‌ കണ്ടമംഗലം കുന്തിപ്പാടത്ത് മൈക്കിൾ പറഞ്ഞു. മൂന്നുമാസംമുമ്പ് കടുവയുടെ മുന്നിൽനിന്ന് തലനാരിഴയ്‌ക്കാണ്‌ മൈക്കിൾ രക്ഷപ്പെട്ടത്‌. കാട്ടിലെ മൃഗങ്ങളെ സംരക്ഷിക്കാൻ കോടികൾ ചെലവിടുന്ന സർക്കാരുകൾ മനുഷ്യന്‌ പ്രഥമ പരിഗണന നൽകണമെന്നും  മൈക്കിൾ ആവശ്യപ്പെട്ടു.
 
മരണകാരണം 
"ക്യാപ്ചര്‍ മയോപ്പതി'
മണ്ണാർക്കാട്
മണ്ണാർക്കാട് പുലിയുടെ മരണകാരണം ക്യാപ്ചർ മയോപ്പതിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചീഫ് വെറ്ററിനറി ഓഫീസർ അരുൺ സഖറിയയുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. കോഴിക്കൂട്ടിൽ കാലുകുടുങ്ങി തൂങ്ങിക്കിടന്നതാണ് ക്യാപ്ചർ മയോപ്പതി എന്ന അവസ്ഥയിൽ എത്തിച്ചതെന്ന് അരുൺ സഖറിയ പറഞ്ഞു.
ആറ് മണിക്കൂറോളം തൂങ്ങിക്കിടന്നതോടെ ആന്തരികാവയവങ്ങൾക്ക് ബലക്ഷയം ഉണ്ടായി. തുടർന്ന് ഹൃദയാഘാതം സംഭവിച്ചു. ഈ അവസ്ഥയാണ് ക്യാപ്ചർ മയോപ്പതി. കോഴിക്കൂട്ടിൽ കുടുങ്ങിയതിനാൽ വലതുകൈയ്ക്ക് പൊട്ടലുണ്ടായി. മുകളിലത്തെ നിരയിൽ ഒരു പല്ല് ഇല്ലെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. പുലിക്ക് മൂന്നിനും നാലിനും ഇടയിലാണ് പ്രായം.മരണകാരണത്തെക്കുറിച്ച് വിശദമായി പഠിക്കാൻ ടോക്സികോളജി പരിശോധനയ്ക്കായി സാമ്പിൾ അയച്ചു. കോഴിക്കോടോ, കാക്കനാടോ ഉള്ള ലാബിൽ പരിശോധന നടത്തും. ഫലം ലഭിച്ചശേഷം ഡോ. അരുൺ സഖറിയ വിശദമായ റിപ്പോർട്ട് വനം വകുപ്പിന് കൈമാറും. തിരുവിഴാംകുന്നിലെ മണ്ണാർക്കാട് റേഞ്ച് ഓഫീസിൽവച്ചാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. 
ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പ്രതിനിധി നമശിവായ, സുവോളജിസ്റ്റ് പ്രൊഫ. പി എം റഷീദ്, ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻമാരായ ഡോ. അരുൺ സഖറിയ, ഡോ. ഡേവിഡ്, മണ്ണാർക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ സുബൈർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
 
 
 
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top