പാലക്കാട്
മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ടുകാർ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങിയേക്കും. നിലവിൽ കസ്റ്റഡിയിലുള്ള പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ഇയാളുമായുള്ള തെളിവെടുപ്പുകൾ പൂർത്തിയായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെക്കുറിച്ചും ഇവരെ സഹായിച്ചവരെക്കുറിച്ചും കൃത്യമായ വിവരം പൊലീസിന് ലഭിച്ചു. മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കി. ഒന്നാം പ്രതിയുമായി മമ്പറം, കണ്ണനൂർ, കുഴൽമന്ദം, ആലത്തൂർ, കൊഴിഞ്ഞാമ്പാറ അത്തിക്കോട്, അടിപ്പെരണ്ട, നെന്മാറ എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തി. ഡിവൈഎസ്‌പിയുടെയും ഇൻസ്പെക്ടറുടെയും നേതൃത്വത്തിൽ അന്വേഷകസംഘം അഞ്ചു ദിവസം തെളിവെടുത്തു. 23നാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തത്. നവംബർ 15ന് കൊലപാതകത്തിനുശേഷം പിറ്റേന്ന് പൊള്ളാച്ചി കുമാരപാളയം തിരിവിലെ സ്വകാര്യ വർക്ക്‌ഷോപ്പിൽ പ്രതികൾ കാർ വിറ്റതായി പൊലീസ് കണ്ടെത്തി. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ പ്രതികളുടെ പേരും വിവരവും പുറത്തുവിട്ടിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..