ഒറ്റപ്പാലം
സ്വകാര്യ ആശുപത്രിയുടെ ഭീമമായ ചികിത്സാച്ചെലവിനുമുന്നിൽ പതറിയ കുടുംബത്തിന് കൈത്താങ്ങായി സർക്കാർ ആതുരാലയം. വല്ലപ്പുഴ ചെമ്മംകുഴി എഎംഎൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി വല്ലപ്പുഴ പാറക്കണ്ണി വീട്ടിൽ അബ്ദുൾ കരീമിന്റെ മകൻ പി കെ ഉമറുൽ ഫാറൂഖിനാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ കരുതലൊരുക്കിയത്. ബുധനാഴ്‌ച സ്‌കൂളിൽ ഓടിക്കളിക്കുന്നതിനിടെ വീണ ഉമറുൽ ഫാറൂഖിന്റെ വായ്ക്കുള്ളിൽ വലിയ മുറിവുപറ്റി. അധ്യാപകർ ഉടൻ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വലിയ സാമ്പത്തികച്ചെലവ് വരുമെന്നും വായിക്കകത്ത് തുന്നിക്കെട്ടും പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ ചെയ്യണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. ഇതിനകം ആശുപത്രിയിലെത്തിയ രക്ഷിതാക്കൾക്കും ഭീമമായ ചികിത്സാച്ചെലവും സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ അഭിപ്രായവും ഉൾക്കൊള്ളാനായില്ല. സ്വകാര്യ ആശുപത്രിയിൽനിന്നുണ്ടായ അനുഭവം താലൂക്ക് ആശുപത്രിയിലെ ലേ സെക്രട്ടറി ശ്രീലതയെ അറിയിച്ചു. അവരുടെ നിർദേശാനുസരണം പകൽ മൂന്നോടെ കുട്ടിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റുഡോക്ടർമാർ ഒപി കഴിഞ്ഞുപോയതിനാൽ ആ സമയം കാഷ്വാലിറ്റിയിലെ ഡോക്ടർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആശുപത്രി ജീവനക്കാർ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായ ഡോ. സുരാജ് സുരേന്ദ്രനെ ഉടൻ വിവരമറിയിച്ചു. ഡ്യൂട്ടി കഴിഞ്ഞ് ചെർപ്പുളശേരിയിൽ കുടുംബസംബന്ധമായ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്ന ഡോക്ടർ അതൊഴിവാക്കി ചികിത്സാച്ചുമതല ഏറ്റെടുത്തു. കുട്ടിയുടെ വായിക്കകത്ത് ചുണ്ടിനോടുചേർന്നുള്ള മുറിവ് തുന്നിച്ചേർത്തു. ചികിത്സയ്ക്കുപുറമേ അഞ്ചുദിവസത്തേക്കുള്ള മരുന്നുകൂടി നൽകിയാണ് ഉമറുൽ ഫാറൂഖിനെയും കുടുംബത്തെയും ആശുപത്രിയിൽനിന്ന് യാത്രയാക്കിയത്.
ഒരു കുഴപ്പവും ഉണ്ടാകില്ല മരുന്നു കൃത്യമായി കഴിച്ചാൽ മതിയെന്ന് ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ രക്ഷിതാക്കൾക്ക് മതിയായ സന്തോഷം. മികച്ച ചികിത്സയും ഒരുവിധ ഭയപ്പെടുത്തലും ഇല്ലാതെ കാര്യം വിശദീകരിച്ച് നൽകി സമാധാനിപ്പിക്കുകയും ചെയ്ത ഡോ. സുരാജ് സുരേന്ദ്രനും ആശുപത്രി ജീവനക്കാർക്കും നന്ദിയും പറഞ്ഞാണ് രക്ഷിതാക്കളും അധ്യാപകരും മടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..