19 April Friday

ഒത്തൊരുമയുടെ വിജയം: കെഎസ്‌ടിഎ

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021
പാലക്കാട്‌
മഹാമാരിക്കാലത്ത്‌ ഒത്തൊരുമയിലൂടെ നേടിയ വിജയമാണിതെന്ന്‌ കെഎസ്‌ടിഎ ജില്ലാകമ്മിറ്റി. വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ പരിശ്രമമാണ്‌ ഹയർ സെക്കൻഡറി ഫലത്തിൽ പാലക്കാട്‌ ജില്ലയുടെ മുന്നേറ്റത്തിന്‌ കാരണമായത്‌. കഴിഞ്ഞ വർഷം 13ാം സ്ഥാനത്തായിരുന്ന ജില്ല ഈ പ്രതികൂല സാഹചര്യത്തിലും  ഒമ്പതാം സ്ഥാനത്തേക്ക്‌ കയറിയത്‌ വിജയത്തിന്റെ തിളക്കമേറുന്നു. 
മുൻ വർഷത്തിൽനിന്ന് വ്യത്യസ്‌തമായി ഗ്രേസ്‌ മാർക്കിന്റെ പോലും പിൻബലമില്ലാതെയാണ് ഈ നേട്ടം. 
നാൽപ്പത്തിയാറോളം വിഷയങ്ങൾ ഹയർ സെക്കൻഡറിക്കുണ്ട്‌. രണ്ട്‌ മാസം മാത്രമാണ്‌ വിദ്യാർഥികൾ സ്‌കൂളിലെത്തിയത്‌. 50 ശതമാനം വീതം വിദ്യാർഥികൾ രണ്ട്‌ ഷിഫ്‌ടുകളിലായി രാവിലെയും ഉച്ചയ്‌ക്കും സ്‌കൂളിൽ എത്തി. ഇതര ജില്ലകളിൽ നിന്നുള്ള അധ്യാപകർപോലും കോവിഡിനെ മാറ്റി നിർത്തി ക്ലാസെടുക്കാനെത്തി. മാറ്റിവച്ച പ്രാക്ടിക്കൽ പരീക്ഷ അതീവ സുരക്ഷിതമായി നടത്തി. വിദ്യാർഥികൾക്ക്‌ ഗ്ലൗസും മാസ്‌ക്കും നൽകാൻ പൊതുസമൂഹവും കൈകോർത്തു. അധ്യാപകരില്ലാത്ത സ്‌കൂളുകളിൽ എസ്‌എസ്‌കെ വഴി താൽക്കാലിക അധ്യാപകരെ നിയമിച്ചു. ജില്ലാ പഞ്ചായത്തിന്റെ വിജയശ്രീ പദ്ധതിയും ജില്ലയുടെ വിജയത്തിന്‌ പ്രധാന കാരണമായി. കോവിഡിന്റെ ഈ സാഹചര്യത്തിലും ജില്ലയ്‌ക്ക്‌ അഭിമാനനേട്ടമുണ്ടാക്കിയ എല്ലാ വിദ്യാർഥികളും അഭിനന്ദനം അർഹിക്കുന്നതായി കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി എം ആർ മഹേഷ്‌കുമാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top