23 September Saturday
ദേശീയ മില്ലറ്റ് കോണ്‍ക്ലേവ്‌ സമാപിച്ചു

പോഷകമാകും ഭക്ഷ്യമേഖല

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
അഗളി
ചെറുധാന്യങ്ങളുടെ പോഷകമൂല്യവും പ്രാധാന്യവും സംബന്ധിച്ച അവബോധം പകര്‍ന്ന്‌ ദേശീയ മില്ലറ്റ് കോണ്‍ക്ലേവിന് സമാപനം. ചെറുധാന്യങ്ങളുടെ ഉല്‍പ്പാദനവും വിപണനവും ഉപഭോഗവും വര്‍ധിപ്പിക്കുന്നതിലൂടെ ഭക്ഷ്യമേഖലയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ കൈവരുത്താന്‍ കഴിയുമെന്ന പ്രതീക്ഷ ഉയര്‍ത്തിയാണ്‌ കോൺക്ലേവ്‌ സമാപിച്ചത്‌. കുടുംബശ്രീ അട്ടപ്പാടി സമ്പൂർണ ആദിവാസി വികസന പദ്ധതിയുടെ നേതൃത്വത്തിലായിരുന്നു സംഘാടനം. സമാപന സമ്മേളനവും യുവജന സംഗമവും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനുകുമാരി ഉദ്ഘാടനം ചെയ്തു. 
കില ഡയറക്ടര്‍ ജോയ് ഇളമണ്‍ അധ്യക്ഷനായി. അട്ടപ്പാടി ആദിവാസി വിഭാഗത്തില്‍നിന്നും പിഎസ്‌സി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷയില്‍ വിജയിച്ചവര്‍, അനിമേറ്റര്‍മാര്‍, ട്രൈബല്‍ ഫുട്ബോള്‍ ലീഗില്‍ ജേതാക്കളായ യുവശ്രീ ആനക്കല്‍, അനശ്വര അബ്ബന്നൂര്‍, മില്ലേനിയം ആനവായ് ടീമുകള്‍, കളിക്കാര്‍, ഫുട്ബോള്‍ മേള നടത്തിയ പഞ്ചായത്ത് സമിതികള്‍ എന്നിവര്‍ക്ക്‌ ഉപഹാരം നൽകി. 
അട്ടപ്പാടിയിലെ രുചി വൈവിധ്യങ്ങളെക്കുറിച്ച് തയ്യാറാക്കിയ പുസ്തകം പ്രകാശിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തക ഡോ. ശാന്തി, കോണ്‍ക്ലേവിന്‌  സ്ഥലം നല്‍കിയ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ലത്തീഫ്,  മികച്ച സ്റ്റാളുകള്‍ ഒരുക്കിയവർ എന്നിവരെ ആദരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ബി എസ് മനോജ് സ്വാഗതവും കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ പ്രഭാകരന്‍ നന്ദിയും പറഞ്ഞു.
 
അട്ടപ്പാടി തുവര, ആട്ടുകൊമ്പ്‌ അവര...
അഗളി
അട്ടപ്പാടി തുവര, ആട്ടുകൊമ്പ്‌ അവര... അറിയുമോ അട്ടപ്പാടിയുടെ അഭിമാനങ്ങളെ. ലോകഭൗമ സൂചികയിലുള്ള അട്ടപ്പാടിയിലെ പരമ്പരാഗത ചെറു ധാന്യങ്ങളാണിവ. ദേശീയ മില്ലറ്റ്‌ കോൺക്ലേവിലെ പ്രദർശന കേന്ദ്രത്തിൽ ഇവയുണ്ട്‌. സംസ്ഥാന സർക്കാരിന്റെ അട്ടപ്പാടി ചെറുധാന്യ ഗ്രാമം പദ്ധതിയിൽ പരിപോഷിപ്പിച്ചെടുത്തവയാണിത്‌. റാഗി, ചാമ, തിന, വരഗ്‌, പനിവരഗ്‌, കുതിരവാലി, കമ്പ്‌ തുടങ്ങിയവയുമുണ്ട്‌. പോഷകാഹാരത്തിന്റെ കലവറകളാണിവ. ജീവിതശൈലീരോഗങ്ങൾ ഇവയ്‌ക്കുമുന്നിൽ തോറ്റ്‌ പിൻമാറും. അരി കൊണ്ടുണ്ടാക്കുന്നതൊക്കെയും ചെറുധാന്യങ്ങളിലും ഉണ്ടാക്കാം. 
2014–- 15 വർഷം അട്ടപ്പാടിയിൽ ശിശുമരണം കൂടിയപ്പോൾ നടത്തിയ പരിശോധനയിൽ പോഷകാഹാരക്കുറവ്‌ കാരണമാണെന്ന്‌ കണ്ടെത്തി. പാരമ്പര്യകൃഷിയിൽനിന്നുള്ള ഭക്ഷ്യധാന്യങ്ങൾ കഴിക്കുന്നത്‌ നിർത്തിയതാണ്‌ കാരണമെന്നും തിരിച്ചറിഞ്ഞു. തുടർന്നാണ്‌ ഒന്നാം പിണറായി സർക്കാർ അട്ടപ്പാടിയിൽ ‘ചെറുധാന്യ ഗ്രാമ പദ്ധതി’ ആരംഭിച്ചത്‌. 2000 ഹെക്ടറിൽ ചെറുധാന്യ കൃഷിയുണ്ട്‌. രണ്ട്‌ വിളകളായാണ്‌ കൃഷി. 
192  ഊരുകളിലായി മൂവായിരം ഹെക്ടറിലേക്ക്‌ കൃഷി വ്യാപിപ്പിക്കും. ഭക്ഷണത്തിനുവേണ്ടിയാണ്‌ കൂടുതലും കൃഷി. ബാക്കിയുള്ളത്‌ കൃഷി വകുപ്പ്‌ വാങ്ങും. നല്ല വില നൽകും. കൃഷിക്ക്‌ ഒരു ഹെക്ടറിന്‌ 12,500 രൂപ സബ്‌സിഡി നൽകുന്നുണ്ട്‌. വിള ഇൻഷുറൻസിനും തുകയുണ്ട്‌. നിലവിൽ 1,300 ഓളം കർഷകരുണ്ട്‌. വ്യാപകമാകുമ്പോൾ 4,000 പേരുണ്ടാകും. പദ്ധതിക്കായി സ്‌പെഷ്യൽ ഓഫീസറെയും 23 ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്‌. മൂല്യവർധിത ഉൽപ്പന്നങ്ങൾക്കും നല്ല ചെലവുണ്ട്‌. ആദിവാസി സംരംഭങ്ങളായി ആനക്കട്ടിയിൽ മല്ലീശ്വര മില്ലും മുക്കാലിയിൽ ഗരിമ സ്‌റ്റോറും പ്രവർത്തിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top