24 April Wednesday

മുക്കുപണ്ടം പണയപ്പെടുത്തി 
പണം തട്ടാൻ ശ്രമം 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
മണ്ണാർക്കാട്
അലനല്ലൂരിൽ മുക്കുപണ്ടം പണയപ്പെടുത്താൻ ശ്രമിച്ച രണ്ടുപേരെ നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടമംഗലത്തെ വി മുഹമ്മദ് മുഹ്‌സിൻ, കോട്ടോപ്പാടം കെ റഷീദ്‌ (വാപ്പു) എന്നിവരാണ്‌ പിടിയിലായത്‌. പണയപ്പെടുത്താൻ ശ്രമിച്ച മുഹസിനിനെ ചോദ്യം ചെയ്‌തപ്പോഴാണ്‌ പണയാഭരണം നൽകിയ റഷീദ്‌ പിടിയിലായത്‌. 
ശനിയാഴ്‌ച രാത്രി അലനല്ലൂർ സർവീസ്‌ സഹകരണ ബാങ്ക് മെയിൻ ശാഖയിലായിരുന്നു സംഭവം. 12 മണിക്കൂർ പ്രവർത്തിക്കുന്ന അലനല്ലൂർ ടൗണിലെ ബാങ്കിൽ രാത്രി എട്ടോടെയാണ്‌ ഇവരെത്തിയത്‌. 10 ഗ്രാം വരുന്ന രണ്ട്‌ പാദസരവുമായി ബാങ്കിലെത്തിയ മുഹസിൻ 60,000 രൂപ വായ്‌പ ആവശ്യപ്പെട്ടു. കൂടുതൽ സംഖ്യ ആവശ്യപ്പെട്ടതും ആഭരണത്തിന്റെ തിളക്കവും അപ്രൈസർ ചുമതലയുള്ള അക്കൗണ്ടന്റ്‌ പി നജീബിന്റെ ശ്രദ്ധയിൽപ്പെട്ടു.
വിദഗ്‌ധ പരിശോധനയിൽ സ്വർണം പൂശിയതാണെന്ന്‌ തിരിച്ചറിഞ്ഞു. ബ്രാഞ്ച് മാനേജർ പി രാധികയുടെ പരാതിയിലാണ്‌ പൊലീസ്‌ കേസെടുത്തത്‌. 
 
ഒറ്റപ്പെട്ടതല്ല; ആസൂത്രിതം
സി രാമൻകുട്ടി
മണ്ണാർക്കാട്  
മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടൽ ആസൂത്രിതമെന്ന് പൊലീസ്. നേരത്തേ മണ്ണാർക്കാടും പരിസരങ്ങളിലുമുള്ള ധനകാര്യ സ്ഥാപനങ്ങളെയാണ് തട്ടിപ്പ്‌ സംഘം ആശ്രയിച്ചിരുന്നത്. സ്വർണം പൂശിയതാണോയെന്ന് ഒറ്റനോട്ടത്തിലോ പ്രാഥമിക പരിശോധനയിലോ തിരിച്ചറിയാനാകാത്ത കയർപിരി ചെയിൻ, പാദസരം തുടങ്ങിയവയാണ്‌ പണയത്തിനായി ഉപയോഗിക്കുന്നത്. ബാങ്ക് പ്രവർത്തനത്തിന്റെ അവസാന മണിക്കൂറിലാണ് ഇക്കൂട്ടർ ബാങ്കിലെത്തുക. ആശുപത്രി ആവശ്യവുമായി പണ്ടം പണയത്തിനെത്തുന്നതും ഇവരുടെ തന്ത്രമാണ്. 
കണ്ടമംഗലം തട്ടിപ്പ്‌ കേന്ദ്രം
മുക്കുപണ്ടത്തിന്റെ ഉറവിടം കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം കേന്ദ്രീകരിച്ചാണെന്ന്‌ അറിവായിട്ടുണ്ട്. മണ്ണാർക്കാട്‌ ടൗണിലും മുക്കുപണ്ട പണയത്തട്ടിപ്പ്‌ ശ്രമമുണ്ടായെങ്കിലും ബാങ്ക് അധികൃതരുടെ ജാഗ്രതയോടെയുള്ള ഇടപെടലിൽ പ്രതിയെ പിടിച്ചു. സ്ത്രീയായിരുന്നു തട്ടിപ്പുകാരി. ആഭരണം കണ്ടമംഗലത്തുനിന്നാണ് ലഭിച്ചത്‌. ഇത്തരത്തിൽ നിരവധി ആഭരണങ്ങൾ മാഫിയയുടെ കൈവശമുണ്ടെന്നും കരുതിയിരിക്കണമെന്നും പൊലീസ്‌ മുന്നറിയിപ്പ്‌ നൽകി. ഇക്കഴിഞ്ഞ ആറ്‌ മാസത്തിനകം മണ്ണാർക്കാടും പരിസരങ്ങളിലുമായി പത്തിലധികം തട്ടിപ്പുകൾ നടന്നു. അലനല്ലൂരിലെ  മറ്റ്‌ സഹകരണ ബാങ്കുകളിലും മുക്കുപണ്ട പണയ ഇടപാടിന് ശ്രമങ്ങളുണ്ടായി. കേസാക്കാത്തതിനാൽ പുറത്തറിഞ്ഞില്ല. 
പണയക്കാരന്‌ 
കമീഷൻ 5000 
ഒരുലക്ഷം രൂപയ്‌ക്ക് പണയം വയ്‌ക്കുമ്പോൾ കൂലിയോ അല്ലെങ്കിൽ കമീഷനോ ആയി പണയം വച്ചയാൾക്ക് 5000 മുതൽ -8000 രൂപ വരെ ലഭിക്കും. ബാക്കി തുക ആഭരണം തരപ്പെടുത്തി തന്നയാൾക്ക് കൊടുക്കണം. 
ബാങ്കിൽ അവധി തെറ്റുമ്പോൾ നോട്ടീസ്‌ വരുന്നത് പണയം വച്ചയാൾക്കാണ്‌. മറ്റൊരു ആഭരണവുമായി മറ്റൊരാളെ കണ്ടെത്തി പണയപ്പെടുത്തി പ്രശ്നം ഒതുക്കുന്നവരുമുണ്ട്‌. പണയാഭരണം തിരിച്ചെടുക്കാതെ ലേലത്തിനെത്തുമ്പോൾ കുടുങ്ങുന്നവരുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top