19 April Friday

ഒ വി വിജയൻ സ്മരണയിൽ 
‘ചിതലിയിലെ ആകാശം’ നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

 പാലക്കാട്‌

ഖസാക്കിന്റെ ഇതിഹാസകാരൻ ഒ വി വിജയന്റെ ചരമ വാർഷികം ‘ചിതലിയിലെ ആകാശം’ എന്ന പേരിൽ വ്യാഴാഴ്‌ച തസ്രാക്ക്‌ ഒ വി വിജയൻ സ്‌മാരകത്തിൽ വിവിധ പരിപാടികളോടെ ആചരിക്കും. ഒ വി വിജയൻ സ്‌മാരക സമിതിയും സാംസ്‌കാരിക വകുപ്പും ചേർന്ന്‌ സംഘടിപ്പിക്കുന്ന പരിപാടി രാവിലെ പത്തിന്‌ സാഹിത്യകാരി ഖദീജ മുംതാസ്‌ ഉദ്‌ഘാടനം ചെയ്യും. 
ഖസാക്കിന്റെ ഇതിഹാസം നൂറുപതിപ്പുകളുടെ കവർചിത്ര പ്രദർശനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബിനുമോൾ ഉദ്‌ഘാടനം ചെയ്യും. ഖസാക്കിന്റെ ഇതിഹാസം തമിഴിലേക്ക് വിവർത്തനം ചെയ്ത യുമ വാസുകിയെ കലക്ടർ അനുമോദിക്കും. ഉദ്‌ഘാടനത്തിന്‌ മുന്നോടിയായി ഒ വി വിജയന്റെ രചനയെ ആധാരമാക്കി സുരേഷ് നന്മ സംവിധാനം ചെയ്‌ത ഏകപാത്ര നാടകം ‘ഭഗവൽ സന്നിധിയിൽ' ലത മോഹൻ അവതരിപ്പിക്കും.  
പകൽ 12 ന്‌ ‘ഖസാക്കിന്റെ ഇതിഹാസം ഒരു ധനഋണ പത്രിക’ എന്ന വിഷയത്തിൽ പ്രൊഫ. എം എം നാരായണൻ പ്രഭാഷണം നടത്തും. പകൽ 2.15ന്‌ ‘ഹൈന്ദവനും അതിഹൈന്ദവനും’ ഒ വി വിജയന്റെ ലേഖന സമാഹാരത്തെ ആധാരമാക്കിയുള്ള ചർച്ച സാഹിത്യകാരൻ അശോകൻ ചരുവിൽ ഉദ്‌ഘാടനം ചെയ്യും.
 വൈകിട്ട്‌ 4.45ന്‌ സമാപന പരിപാടിയിൽ ജനാധിപത്യവും ബഹുസ്വരതയും എന്ന വിഷയത്തിൽ  കെ ഇ എൻ കുഞ്ഞഹമ്മദ്‌ സംസാരിക്കും. വൈകിട്ട്‌ 6.15ന്‌ ഒ വി വിജയന്റെ ചിന്തകളും ഇടശേരിയുടെ പൂതപ്പാട്ടും സമ്മേളിപ്പിച്ച്‌ നന്ദജൻ സംവിധാനം ചെയ്‌ത ‘പൂതപ്രബന്ധം’ നാടകം അരങ്ങേറും.
കഥ, കവിത, നോവൽ, ചിത്രകല വിഭാഗങ്ങളിലായി ജില്ലയിലെ 50 യുവ സാഹിത്യപ്രതിഭകളെ അനുമോദിക്കും. സമാപന സമ്മേളനത്തിൽ എ പ്രഭാകരൻ എംഎൽഎ ഉപഹാരങ്ങളും  കെ ഇ എൻ പ്രശസ്തിപത്രവും നൽകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top