19 April Friday

ആരതിക്ക്‌ ഇനി നിയമം പഠിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023
പാലക്കാട്‌ 
അട്ടപ്പാടിക്കാരി ആരതിക്ക് ഇനി സന്തോഷത്തോടെ നിയമം പഠിക്കാം. അട്ടപ്പാടി മുക്കാലി മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥി സി ആരതിയാണ്‌ ദേശീയ നിയമ സർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമൺ ലോ അഡ്‌മിഷൻ ടെസ്‌റ്റിൽ (ക്ലാറ്റ്‌) ഉന്നതവിജയം നേടിയത്‌. കൊച്ചിയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ്‌ അഡ്വാൻസ്‌ഡ്‌ ലീഗൽ സ്‌റ്റഡീസിലാണ്‌ പ്രവേശനം ലഭിച്ചത്‌. ദേശീയതലത്തിൽ എസ്‌ടി വിഭാഗത്തിൽ 430–-ാം റാങ്കും സംസ്ഥാനത്ത്‌ മൂന്നാം റാങ്കുമാണ്‌.
കാട്ടുനായ്ക്കർ വിഭാഗത്തിൽപ്പെട്ട ആരതി ഈ വിഭാഗത്തിൽ നേട്ടം ഉണ്ടാക്കുന്ന രണ്ടാമത്തെ വിദ്യാർഥിയാണ്‌. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നടത്തുന്ന ക്ലാറ്റ്‌ എൻട്രൻസ്‌ പരീക്ഷയാണ്‌ ആരതിക്ക്‌ സഹായകരമായത്‌. കേരള, കേന്ദ്ര സർവകലാശാലകളിലെ നിയമ വിദഗ്‌ധരായ അധ്യാപകർ നൽകിയ ക്ലാസുകൾ ഗുണകരമായി. മലപ്പുറം മുണ്ടേരി അയ്യപ്പൻകാവ്‌ കോളനിയിലെ പരേതനായ ചന്ദ്രന്റെയും ലീലയുടെയും മകളാണ്‌. നേരത്തേ അട്ടപ്പാടി ചാവടിയൂർ മേലേ മുള്ളി ഊരിലെ വി വിനോദിനിക്കും നിയമപഠനം സാധ്യമാക്കിയത്‌ ലീഗൽ സർവീസ്‌ അതോറിറ്റിയുടെ പരിശീലനത്തിലൂടെയാണ്‌.
ഗോത്രവിഭാഗം വിദ്യാർഥികളെ നിയമപഠനത്തിലൂടെ ശാക്തീകരിക്കാൻ വരും വർഷങ്ങളിലും പരിശീലനം സജീവമാക്കുമെന്ന്‌ അതോറിറ്റി ചെയർമാൻ ഡോ. ബി കലാംപാഷയും സെക്രട്ടറി വി ജി അനുപമയും അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top