20 April Saturday

വന്യമൃഗ ശല്യം 
അട്ടപ്പാടി ഭീതിയിൽ

അരുൺ എം സുനിൽUpdated: Monday Nov 28, 2022
അഗളി
വർധിക്കുന്ന വന്യജീവി ആക്രമണങ്ങളിൽ പൊറുതിമുട്ടി അട്ടപ്പാടി. കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ 15 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ മിക്കവാറും ഇരുട്ടിൽ കാട്ടാനയ്‌ക്ക് മുന്നിൽ അകപ്പെട്ടുപോയതാണ്. 
     കഴിഞ്ഞ ഞായറാഴ്ച അർധരാത്രി മേലേ ഉമ്മത്താംപടിയിൽനിന്ന്‌ പട്ടണക്കല്ല് ഊരിലേക്കുള്ള യാത്രയിൽ വരഗാർപ്പുഴ കടന്ന് വിശ്രമിക്കുന്നതിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മുരുകൻ (45) ആണ് അവസാന ഇര. തൊട്ടടുത്ത കൃഷിയിടത്തിൽ കയറിയ കാട്ടാനയെ വനം വകുപ്പിന്റെ ദ്രുതപ്രതികരണ സേനയും നാട്ടുകാരും ചേർന്ന് തുരത്തുന്നതിനിടെയാണ് സംഭവം. 2022ൽ ഇതേവരെ മരിച്ച അഞ്ചുപേരും പുതൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ളവരാണ്. 10 വീടും 600 ഹെക്ടർ കൃഷിയുമാണ് ഈ വർഷം കാട്ടാനകളും മറ്റ് വന്യജീവികളും നശിപ്പിച്ചത്.
വന്യജീവികൾ കാടിറങ്ങുന്നത് പതിവായതോടെ പൊറുതിമുട്ടിയ ജനങ്ങളും പലായനം തുടങ്ങി. 2011ൽ 72,000 ഉണ്ടായിരുന്ന അട്ടപ്പാടിയിലെ ജനസംഖ്യ ഇപ്പോൾ 64,318 ആയി ചുരുങ്ങിയെന്ന് സർക്കാർ ബെയ്സ് ലൈൻ സർവേ സൂചിപ്പിക്കുന്നു. 2005ൽ അഹാഡ്‌സിന്റെ സർവേ പ്രകാരം ജനസംഖ്യ 85,000 ആയിരുന്നു. 
കാട്ടുപന്നിയും വിവിധയിനം മാനുകളും കുരങ്ങുകളും മയിലും കാട്ടുപോത്തും പുലിയും കാട്ടാനയുമെല്ലാം അട്ടപ്പാടിയിലെ കൃഷിയിടങ്ങളിൽ നിരന്തര സാന്നിധ്യമായതോടെ കർഷകർ കൃഷി ഉപേക്ഷിക്കുന്നു. അട്ടപ്പാടിയുടെ പ്രകൃതി മനോഹാരിതയിൽ ആകൃഷ്ട്രരായി വൻതുകയ്ക്ക് തമിഴ്നാട്ടുകാർ ഇവിടെ കൃഷിഭൂമി വാങ്ങിക്കൂട്ടാൻ തുടങ്ങി. ജനങ്ങൾ സുരക്ഷയും മറ്റ് സൗകര്യങ്ങളും പരിഗണിച്ച് പട്ടണങ്ങളിലേക്ക് ചേക്കേറിയും തുടങ്ങി. സ്ഥലം വാങ്ങിയ തമിഴ്നാട്ടുകാർ ഇവിടെ സ്ഥിരതാമസമില്ലാത്തതും ജനസംഖ്യ കുറയ്ക്കാൻ ഇടയാക്കി. 
മനുഷ്യ–-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ശാശ്വത പദ്ധതികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മന്ത്രിയുടെ നിർദേശ പ്രകാരം അട്ടപ്പാടിയിലെ സാഹചര്യങ്ങൾ പഠിക്കാൻ വേൾഡ് വൈഡ് ഫൗണ്ടേഷൻ പ്രതിനിധികളെ നിയോഗിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top