25 April Thursday
കഞ്ചിക്കോട്– കോയമ്പത്തൂർ റെയിൽപ്പാതയില്‍ അപകടം പതിവ്

കുരുതിക്കളം

എസ്‌ നന്ദകുമാർUpdated: Sunday Nov 28, 2021
വാളയാർ
വാളയാർ–- കോയമ്പത്തൂർ മേഖലയിൽ ഈ വർഷം ഇതുവരെ ട്രെയിൻ തട്ടി ചരിഞ്ഞത് നാല് കാട്ടാനകൾ. രണ്ടുവർഷത്തിനിടെ പൊലിഞ്ഞത്‌ ആറ് മനുഷ്യജീവനും. റെയിൽവേയുടെ അനാസ്ഥയ്‌ക്ക്‌ കുപ്രസിദ്ധമായി ഈ റൂട്ടിലെ എ, ബി റെയിൽപ്പാതകൾ. 
വെള്ളിയാഴ്‌ച കോയമ്പത്തൂർ നവക്കരയിൽ രണ്ട് കുട്ടിയാനകളും ഒരു പിടിയാനയും ട്രെയിനിടിച്ച് ചരിഞ്ഞതാണ് ഒടുവിലത്തെ സംഭവം. കഞ്ചിക്കോട് വനമേഖലയിൽ കഴിഞ്ഞ ആറുമാസമായി നിലയുറപ്പിച്ച 16 അംഗ കാട്ടാനക്കൂട്ടത്തിലെ മൂന്ന് ആനകളാണ് കൊല്ലപ്പെട്ടത്. കൊട്ടേക്കാട് മുതൽ വാളയാർ നവക്കരവരെയുള്ള 26 കിലോമീറ്ററാണ് അപകടമേഖല. വാളയാർ വനത്തിലൂടെ കടന്നുപോകുന്ന എ, ബി ട്രാക്കുകളിലാണ് അപകടം ഏറെയും. 13 വർഷത്തിനിടെ 23 ആനകളാണ്‌ കഞ്ചിക്കോട്‌ മുതൽ അതിർത്തി മേഖലയായ മധുക്കരവരെയുള്ള ഭാഗങ്ങളിൽ ട്രെയിനിടിച്ച്‌ ചരിഞ്ഞത്. ആറുവർഷത്തിനിടെ 11 ആനകളും. 2008 ൽ ആനയെ ഇടിച്ച് ട്രെയിൻ പാളംതെറ്റിയത് കഞ്ചിക്കോട് പയറ്റുക്കാട് മേഖലയിലായിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തിൽ ഏഴ്‌ ആനകൾ ഇരു ട്രാക്കിലുമായി കൊല്ലപ്പെട്ടു. 1992 ൽ പ്രോജക്ട് എലിഫന്റ്‌ പദ്ധതി മേഖലയായി തെരഞ്ഞെടുത്ത കഞ്ചിക്കോട് -നവക്കര ഭാഗത്ത്‌ ഭൂരിഭാഗം അപകടങ്ങളും രാത്രിയാണ് ഉണ്ടായത്‌. ഇവിടെ ട്രെയിൻ 45 കിലോമീറ്റർ വേഗത്തിൽ മാത്രമേ സഞ്ചരിക്കാവൂ. കാട്ടാനയ്‌ക്കുപുറമെ മറ്റ്‌ മൃഗങ്ങൾ ട്രെയിൻ തട്ടി ചാകുന്നതും പതിവാണ്. കഴിഞ്ഞ ഒരുവർഷം പശുക്കൾ, കാട്ടുപന്നി എന്നിങ്ങനെ മുപ്പതിലേറെ മൃഗങ്ങൾ ട്രെയിൻതട്ടി മരിച്ചു. ലോക്കോ പൈലറ്റുമാരുടെ സാമർഥ്യംകൊണ്ടാണ്‌ പലപ്പോഴും ട്രെയിൻ പാളംതെറ്റാതെ രക്ഷപ്പെടുന്നത്. വനമേഖലയിലൂടെ കടന്നുപോകുന്ന പാളത്തിൽ ട്രെയിൻ വേഗം കുറയ്‌ക്കണമെന്നും റെയിൽ ഫെൻസിങ് സ്ഥാപിക്കണമെന്നുമുള്ള ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം കടലാസിൽ ഒതുങ്ങി.
  
വന്യമൃഗങ്ങളെ നിരീക്ഷിക്കാൻ ഡ്രോൺ 
വന്യമൃഗശല്യമുള്ള കഞ്ചിക്കോട്, വാളയാർ വനമേഖലയിൽ ഇവയെ സ്ഥിരമായി നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനം വേണമെന്ന് ജനങ്ങൾ. മദപ്പാടുള്ളതും പ്രശ്നക്കാരുമായ ആനകളെ നിരീക്ഷിക്കാൻ മാത്രമാണ് വനംവകുപ്പിന്‌ ഡ്രോൺ ഉള്ളത്. സംസ്ഥാനത്ത് വന്യമൃഗ ശല്യമുള്ള 17 കേന്ദ്രങ്ങളിൽ സ്ഥിരം ഡ്രോൺ സംവിധാനം ഏർപ്പെടുത്തുമെന്ന് ഒക്ടോബറിൽ മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചിരുന്നു. ഡ്രോൺ നിരീക്ഷണത്തിൽ കാടിറങ്ങുന്ന ആനകളെ കാണാമെന്നും ഇവയിൽ പറെയിൽപ്പാതവർ വീഡിയോ ട്രാൻസ്‌മിറ്റർ ഘടിപ്പിച്ചാൽ 10 കിലോമീറ്റർ ചുറ്റളവിൽ പോലും ആനയുടെ നീക്കങ്ങൾ തൽസമയം വീക്ഷിക്കാൻ സാധിക്കുമെന്നും പ്രതിരോധസേനയ്‌ക്ക് പാഴ്‌വസ്തുക്കളിൽനിന്ന്‌ ഡ്രോൺ നിർമിച്ച് നൽകി പേറ്റന്റ്‌ സ്വന്തമാക്കിയ പുതുശേരി സ്വദേശി റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ഗിരീഷ് നാരായണൻ  പറഞ്ഞു.
 
ട്രെയിൻ തട്ടി 
ചരിഞ്ഞ ആനകളെ സംസ്കരിച്ചു
കോയമ്പത്തൂരിന് സമീപം നവക്കരയിൽ ട്രെയിൻ തട്ടി ചരിഞ്ഞ മൂന്ന്‌ കാട്ടാനകളുടെ ജഡം സംസ്കരിച്ചു. ശനിയാഴ്‌ച പകൽ പോസ്റ്റുമോർട്ടത്തിന് ശേഷം വൈകിട്ട്‌ വനത്തിനകത്താണ്‌ സംസ്കരിച്ചത്. കോയമ്പത്തൂർ സിസിഎഫ് സെന്തിൽകുമാർ, ഡിഎഫ്ഒ ബി എൽ അശോക്, റേഞ്ച് ഓഫീസർ എം സന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടി.
വെള്ളി രാത്രി 8.45ന്‌ മരപ്പാലത്തോട്ടത്തിൽ രണ്ട് കുട്ടിയാനയും ഒരു പിടിയാനയും പാലക്കാട് വഴി കടന്നുപോയ മംഗളൂരു–- ചെന്നൈ എക്‌സ്‌പ്രസ്‌ തട്ടി ചരിഞ്ഞത്. പിടിയാനയെ അരകിലോമീറ്റർ ട്രെയിൻ മുന്നോട്ട് വലിച്ചിഴച്ചു. ഇവയ്ക്ക് 25, 12, 8 എന്നിങ്ങനെയാണ് പ്രായമെന്ന്‌ അധികൃതർ പറഞ്ഞു. ആറുമണിക്കൂർ എ ലൈൻ ട്രാക്കിൽ ഗതാഗതം നിലച്ചു. ട്രെയിനുകൾ ബി ലൈൻ ട്രാക്കുവഴി താൽക്കാലികമായി കടത്തിവിട്ടു. റെയിൽപ്പാത
രാത്രി ഒന്നോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആനകളുടെ ജഡം പാളത്തിൽനിന്ന് നീക്കി. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടൽ വലിയ അപകടം ഒഴിവാക്കി. ട്രെയിൻ വേഗതകുറച്ചാണ് ഓടിച്ചതെങ്കിലും ലോക്കോ പൈലറ്റിനെതിരെ വനംവകുപ്പ് കേസെടുത്തു. കഞ്ചിക്കോട് മേഖലയെ വിറപ്പിച്ച കാട്ടാനക്കൂട്ടത്തിലെ ആനകളാണിതെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസമാണ്‌ മലമ്പുഴയിൽ ഈ കൂട്ടത്തിലെ കുട്ടിക്കൊമ്പൻ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞത്‌.
 
റെയില്‍വേയും തമിഴ്നാട് വനംവകുപ്പും തമ്മില്‍ തര്‍ക്കം
പാലക്കാട്
നവക്കരയിൽ ട്രെയിൻ ഇടിച്ച് മൂന്ന് കാട്ടാനകൾ ചരിഞ്ഞ സംഭവത്തിൽ റെയിൽവേയും തമിഴ്നാട് വനംവകുപ്പും തമ്മിൽ തർക്കം. അപകടത്തിനുശേഷം ലോക്കോ പൈലറ്റുമാരെ തമിഴ്നാട് വനംവകുപ്പ് തടഞ്ഞുവച്ചതിനു പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആർപിഎഫും തടഞ്ഞുവച്ചു. 
‌ലോക്കോ പൈലറ്റുമാരെ തമിഴ്നാട് വനംവകുപ്പ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. തുടർന്ന്, വിവരം ശേഖരിക്കാൻ തമിഴ്നാട് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥനായ രാമസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ നാലംഗ സംഘം വാളയാറിലെത്തി. ഇവരുടെ കൈയിൽ അപകടത്തിനുശേഷം മാറ്റി നിർത്തിയിട്ട റെയിൽവേ എൻജിന്റെ വേഗതാചിപ്പും ഉണ്ടായിരുന്നു. തുടർന്ന് ഒലവക്കോട് ജങ്‌ഷനിലെത്തി അന്വേഷകസംഘം ചിപ്പില്‍നിന്ന് വേഗത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇവർ എത്തിയ ശേഷമാണ് ട്രെയിനിൽനിന്ന് അനധികൃതമായി ചിപ്പ് എടുത്ത വിവരം റെയിൽവേ അറിയുന്നത്. റെയിൽവേയുടെ അനുമതി ഇല്ലാതെ ചിപ്പ് കൈക്കലാക്കിയതിനാണ്‌ റെയിൽവേ സംരക്ഷണസേന വനപാലകരെ തടഞ്ഞുവച്ചത്‌. 
ചർച്ചയ്‌ക്കൊടുവിൽ ചിപ്പ് റെയിൽവേക്ക് നൽകുകയും കസ്റ്റഡിയിൽവച്ച ലോക്കോ പൈലറ്റുമാരെ വിട്ടയക്കുകയും ചെയ്തു. ഇതോടെ തമിഴ്നാട് ഉദ്യോഗസ്ഥരെയും വിട്ടയച്ചു. ട്രെയിൻ ഇടിച്ച് കാട്ടാനകൾ ചരിയാൻ കാരണം ട്രെയിനിന്റെ അമിതവേഗമാണെന്നാണ്‌ വനം ഉദ്യോഗസ്ഥരുടെ വാദം. ഇതിനെത്തുടർന്നാണ് ലോക്കോ പൈലറ്റിനെയും സഹ പൈലറ്റിനെയും വനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top