25 April Thursday

എലിപ്പനി: പേടി വേണ്ട;
ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

 

പാലക്കാട്‌
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എലിപ്പനി സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ്‌ നിരീക്ഷണം ഊർജിതമാക്കി. നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത വേണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മഴക്കാലത്താണ് രോഗം കൂടുതൽ. എലികളാണ് രോഗവാഹകർ. ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയാണ് രോഗകാരി. 
   എലിയുടെ വൃക്കകളിൽ പെരുകുന്ന ഇവ മൂത്രത്തിലൂടെ പുറത്തെത്തുന്നു. ഈ രോഗാണുക്കൾ കലർന്ന വെള്ളവുമായി സമ്പർക്കം ഉണ്ടാകുമ്പോഴാണ്‌ മനുഷ്യരിലേക്ക്‌ രോഗം ബാധിക്കുന്നത്‌. കെട്ടിക്കിടക്കുന്ന ജലത്തിലും ഈർപ്പമുള്ള മണ്ണിലും രണ്ടു മൂന്ന് മാസമെങ്കിലും എലിപ്പനി ഭീഷണി നിലനിൽക്കും.
എങ്ങനെ പടരും
രോഗാണുക്കൾ കലർന്ന മലിന ജലത്തിൽ ചവിട്ടുകയോ, കളിക്കുകയോ ചെയ്യുമ്പോൾ മുറിവുകളിലൂടെ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാം. മുറിവുകൾ ഇല്ലെങ്കിലും ദീർഘനേരം മലിനജലത്തിൽ നിന്ന് പണിയെടുത്താൽ രോഗാണു ശരീരത്തിൽ പ്രവേശിക്കാം. കണ്ണ്, മൂക്ക്, വായ, ജനനേന്ദ്രിയം എന്നിവയിലൂടെയും രോഗാണു ഉള്ളിൽ കടക്കാം.രോഗാണു കലർന്ന വെള്ളം കുടിക്കുന്നതിലൂടെയും രോഗം ഉണ്ടാകാം. 
 ലക്ഷണങ്ങൾ 
രോഗാണു ശരീരത്തിൽ പ്രവേശിച്ച്‌ 10-–-14 ദിവസങ്ങൾക്കകം രോഗലക്ഷണം കാണും. ശക്തമായ പനി, തലവേദന, പേശിവേദന (പ്രത്യേകിച്ച് നടുവിനും കാലുകളിലെ പേശികൾക്കും), അമിതമായ ക്ഷീണം, കണ്ണിന് ചുവപ്പുനിറം (കണ്ണുകളിൽ ഉണ്ടാകുന്ന രക്തസ്രാവമാണ് ചുവപ്പുനിറത്തിന് കാരണം), രോഗം ഗുരുതരമായാൽ മൂക്കിലൂടെ രക്തസ്രാവം, രക്തം ഛർദ്ദിക്കുക, മലം കറുത്ത നിറത്തിൽ പോകുക എന്നിവ ഉണ്ടാകാം. രക്തപരിശോധനയിലൂടെയാണ് എലിപ്പനി സ്ഥിരീകരിക്കുക. 
    ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളെയും രോഗം ബാധിക്കാം. വൃക്കകളെ ബാധിച്ചാൽ അവയുടെ പ്രവർത്തനം നിലച്ച് മരണം സംഭവിക്കാം.
ചികിത്സ
പെൻസിലിൻ പോലുളള ആന്റിബയോട്ടിക് മരുന്നുകൾ ഫലപ്രദം. എന്നാൽ ആരംഭത്തിൽ രോഗനിർണയം ആവശ്യം. രോഗലക്ഷണമുള്ളവർ സ്വയംചികിത്സ ഒഴിവാക്കി ആരോഗ്യ പ്രവർത്തകരുടെ നിർദേശം തേടണം.
പ്രതിരോധം പ്രധാനം
 കെട്ടിക്കിടക്കുന്ന ജലവുമായി സമ്പർക്കം ഒഴിവാക്കുക, കുട്ടികളെ മലിനജലത്തിൽ കളിക്കാൻ അനുവദിക്കരുത്, ശരീരത്തിൽ മുറിവുള്ളവർ ശുചീകരണ പ്രവർത്തനത്തിൽ ഇറങ്ങരുത്, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, പശു, മറ്റ് കന്നുകാലികൾ, ഓമനമൃഗങ്ങൾ തുടങ്ങിയ മൃഗങ്ങളുമായി ഇടപഴകുന്നവർ മുൻകരുതലുകൾ സ്വീകരിക്കണം, കൃഷിപ്പണിക്കാർ കൈയുറകൾ, ബൂട്‌സ് എന്നിവ ധരിക്കുക, ഡോക്‌സിസൈക്ലിൻ പ്രതിരോധമരുന്ന്‌ കഴിക്കുക. കുടിവെള്ളം തിളപ്പിച്ചാറ്റി ഉപയോഗിക്കുക എന്നിവ ശ്രദ്ധിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top