19 April Friday

ജനമുന്നേറ്റമായി 
സിപിഐ എം റാലി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
പാലക്കാട്‌
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വിലക്കയറ്റത്തിനുമെതിരെ സിപിഐ എം സംഘടിപ്പിച്ച ജനകീയ പ്രതിഷേധത്തിൽ പാലക്കാട്ടും വൻ ജനാവലി. ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിലെ പ്രതിഷേധത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്‌ ഉദ്‌ഘാടനം ചെയ്തു. 
ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, കെ എസ് സലീഖ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ പി മമ്മിക്കുട്ടി എംഎൽഎ, വി ചെന്താമരാക്ഷൻ, എൻ ഉണ്ണിക്കൃഷ്ണൻ, പുതുശേരി ഏരിയ സെക്രട്ടറി എസ്‌ സുഭാഷ് ചന്ദ്രബോസ്, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ ഡി പ്രസേനൻ എംഎൽഎ, കെ പ്രേംകുമാർ എംഎൽഎ, പി പി സുമോദ് എംഎൽഎ എന്നിവർ സംസാരിച്ചു. പാലക്കാട് ഏരിയ സെക്രട്ടറി കെ കൃഷ്ണൻകുട്ടി സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ടി കെ നൗഷാദ് നന്ദിയും പറഞ്ഞു.
 
നോട്ടുകെട്ടിനുമുന്നിൽ വീഴുന്നവരായി കോൺഗ്രസ്‌ അധഃപതിച്ചു: എം സ്വരാജ്
പാലക്കാട്
ബിജെപി നീട്ടുന്ന നോട്ടുകെട്ടുകൾക്ക്‌ മുന്നിൽ എല്ലാ ആദർശവും പണയപ്പെടുത്തി കമിഴ്‌ന്നടിച്ച്‌ വീഴുന്നവരായി കോൺഗ്രസ്‌ അധഃപതിച്ചെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്‌. 
വിലക്കയറ്റത്തിനെതിരെ ദേശവ്യാപകമായി സിപിഐ എം സംഘടിപ്പിക്കുന്ന ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായി പാലക്കാട്‌ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസ്‌ പരിസരത്ത്‌ സംഘടിപ്പിച്ച റാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോവയിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കൾ പ്രകടനമായി പോയി ബിജെപിയിൽ ചേർന്നു. 
ബിജെപിക്ക്‌ ഭൂരിപക്ഷം ഉറപ്പിക്കാൻ ഓടിനടക്കുന്നവരായി കോൺഗ്രസ്‌ എംഎൽഎമാർ മാറി. ഇവരെല്ലാം ബിജെപിയിൽ ചേർന്നത്‌ പണം വാങ്ങിയിട്ടാണെന്ന വിവരങ്ങളും പുറത്തുവരുന്നു. മേഘാലയയിൽ എംഡിഎ മുന്നണിയിൽ കോൺഗ്രസും ബിജെപിയും ഒരുമിച്ചാണ്‌. ആർഎസ്‌എസ്‌ സ്ഥാപകൻ ഗോൾവാർക്കറുടെ ചിത്രത്തിന്‌ മുന്നിൽ നിലവിളക്ക്‌ കൊളുത്തിയ നേതാക്കളാണ്‌ കേരളത്തിലെ കോൺഗ്രസിലുള്ളത്‌. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിനാകില്ലെന്ന്‌ ആവർത്തിച്ച്‌ ഉറപ്പിക്കുന്ന നിലപാടുകളാണിതൊക്കെ. 
രാജ്യം നേരിടുന്ന വെല്ലുവിളികളൊന്നും ജോഡോ യാത്രയിൽ ചർച്ചയാകുന്നില്ല. കത്തുന്ന രാഷ്ട്രീയ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടാൻ രാഷ്ട്രീയത്തെ പൈങ്കിളിവൽക്കരിച്ച് മുഖ്യധാരാ മാധ്യമങ്ങളും കോൺഗ്രസിനെ രക്ഷപ്പെടുത്തുന്നു –- സ്വരാജ്‌ പറഞ്ഞു.
 
സംഘപരിവാർ മതനിരപേക്ഷതയ്ക്ക് 
മരണവാറണ്ട് ഒരുക്കുന്നു
പാലക്കാട്
രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് സംഘപരിവാർ മരണവാറണ്ട് ഒരുക്കുന്നുവെന്ന് എം സ്വരാജ് പറഞ്ഞു. വർത്തമാന ഇന്ത്യ ഗൗരവമായ വെല്ലുവിളികളുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കൃത്രിമമായി നേടിയെടുത്ത മേൽക്കൈകൊണ്ട് ഭരണകൂടത്തെയും രാജ്യത്തെയും പൂർണമായി മാറ്റിയെടുക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, പട്ടിണി എന്നിങ്ങനെ ഭരണകൂട വിരുദ്ധ നടപടികൾ രാജ്യം നേരിടുന്നു. കോൺഗ്രസിന്റെ നയങ്ങൾ ഒരുമാറ്റവുമില്ലാതെ ബിജെപി നടപ്പാക്കുന്നു. രാജ്യത്തെ വിൽക്കാനുള്ള നടപടി അതിതീവ്രമായി നടപ്പാക്കുകയാണെന്നും സ്വരാജ് പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top