20 April Saturday
പറമ്പിക്കുളം അണക്കെട്ട്‌

ഷട്ടർ നിർമാണം 
ട്രിച്ചിയിൽ തുടങ്ങി

പ്രത്യേക ലേഖകൻUpdated: Wednesday Sep 28, 2022
പാലക്കാട്‌
പറമ്പിക്കുളം അണക്കെട്ടിന്റെ തകർന്ന ഷട്ടർ ഒക്‌ടോബർ 25നകം സ്ഥാപിക്കാൻ തമിഴ്‌നാട്‌ ജലവിഭവ വകുപ്പ്‌ ശ്രമം തുടങ്ങി. ട്രിച്ചിയിലെ കമ്പനിക്കാണ്‌ നിർമാണചുമതല. ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന താജ്‌ ഇൻഡസ്‌ട്രീസാണ്‌ ഷട്ടർ നിർമിക്കുന്നത്‌. 27 അടി ഉയരവും 35 ടൺ ഭാരവും ഷട്ടറിനുണ്ടാകും. ഇതിനെ താങ്ങുന്ന ചെയിനും നിർമിക്കണം. ഷട്ടറിനെ താങ്ങിനിർത്തുന്ന ഭീമും തകർന്നിട്ടുണ്ട്‌. 
എത്രയും വേഗം ഷട്ടർ പുനഃസ്ഥാപിച്ചില്ലെങ്കിൽ തുലാമഴയിൽ ലഭിക്കേണ്ട വെള്ളം സംഭരിക്കാനാവില്ലെന്ന്‌ കേരളം ആശങ്ക അറിയിച്ചിട്ടുണ്ട്‌. 20 ദിവസത്തിനകം ഷട്ടർ പുനഃസ്ഥാപിക്കണമെന്ന്‌ കേരളം ആവശ്യപ്പെട്ടിരുന്നു. 25 ദിവസത്തിനകം സ്ഥാപിക്കാമെന്ന്‌ തമിഴ്‌നാട്‌ ഉറപ്പ്‌ നൽകി. 1,825 അടി ജലനിരപ്പുള്ള അണക്കെട്ടിൽ പത്ത്‌ സെന്റിമീറ്റർ വീതം ഷട്ടർ തുറന്ന സമയത്താണ്‌ ഷട്ടർ തകർന്നത്‌. 1,798 അടിയായാൽ മാത്രമേ നിർമാണം തുടങ്ങാനാവൂ. ചൊവ്വാഴ്‌ച 1805.53 അടിയായി. അന്തർസംസ്ഥാന നദീജല കരാർ പ്രകാരം അണക്കെട്ട്‌ കേരളത്തിലാണെങ്കിലും പരിപാലനവും നിയന്ത്രണവും തമിഴ്‌നാടിനാണ്‌. ഇവിടെനിന്നുള്ള വെള്ളം ഉപയോഗിച്ചാണ്‌ ചിറ്റൂർമേഖലയിലെ 20,000 ഏക്കറിലും തമിഴ്‌നാട്ടിലെ 6,400 ഏക്കറിലും കൃഷി ചെയ്യുന്നത്‌. 
30ന്‌ ചേരുന്ന പറമ്പിക്കുളം –- ആളിയാർ പദ്ധതി ഡയറക്ടർ ബോർഡ്‌ യോഗത്തിലാണ്‌ ഷട്ടർ സ്ഥാപിക്കുന്ന തീയതി രേഖാമൂലം അറിയിക്കുക. തമിഴ്‌നാട്‌ ചീഫ്‌ എൻജിനിയർ, കെഎസ്‌ഇബി ഡാം സേഫ്‌റ്റി ചീഫ്‌ എൻജിനിയർ, ഇറിഗേഷൻ ചീഫ്‌ എൻജിനീയർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. 
 
തകർന്ന ഷട്ടർ അവശിഷ്ടങ്ങൾ 
മാറ്റിത്തുടങ്ങി
കൊല്ലങ്കോട്
പറമ്പിക്കുളം അണക്കെട്ടിലെ തകർന്ന ഷട്ടറിന്റെ അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി. ഷട്ടർ നിന്ന ഭാഗത്തെ അവശിഷ്ടങ്ങൾ യന്ത്രസഹായത്തോടെയാണ്‌ നീക്കുന്നത്‌. മൂന്ന് ഷിഫ്റ്റുകളിലായി 60 വിദഗ്ധ തൊഴിലാളികൾ ഷട്ടർ പുനർനിർമിക്കാൻ പറമ്പിക്കുളത്തെത്തും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top