23 April Tuesday
തോക്കിടപാടിൽ പറ്റിച്ചതിന്റെ വൈരാഗ്യം

യുവാക്കളെ മർദിച്ചുകൊന്ന കേസിൽ ഒളിവിലിരുന്ന പ്രതി പിടിയിൽ

സ്വന്തം ലേഖകൻUpdated: Wednesday Sep 28, 2022
അഗളി 
തോക്ക് ഇടപാടിന്റെ പേരിൽ അട്ടപ്പാടി നരസിമുക്കിൽ രണ്ടുപേരെ മർദിച്ചുകൊന്ന കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പതിനൊന്നാം പ്രതി തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അക്ഷയ്(അജീഷ്, അനന്തു–- 21)ആണ് അഗളി പൊലീസിന്റെ പിടിയിലായത്. കണ്ണൂർ ഒടുവാർളി വിനയവിലാസത്തിൽ വിനയൻ(വിനായകൻ–- 26), കൊടുങ്ങല്ലൂർ അഞ്ചങ്ങാടി താന്നിക്കൽ ബസാർ പീടികപ്പറമ്പിൽ നന്ദകിഷോർ(22)എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. ലൈസൻസുള്ള തോക്ക്‌ നൽകാമെന്ന്‌ പറഞ്ഞ്‌ പണംവാങ്ങി വഞ്ചിച്ചെന്ന്‌ ആരോപിച്ചായിരുന്നു കൊലപാതകം. ജൂലൈ ഒന്നായിരുന്നു സംഭവം. 
തിരുവനന്തപുരം ഫോർട്ട് കോ–-ഓപ്പറേറ്റീവ് കോളേജിന് സമീപത്തുനിന്നാണ് അഗളി ഡിവൈഎസ്‌പി എൻ മുരളീധരന്റെ നേതൃത്വത്തിലാണ്‌ അക്ഷയ്‌യെ അറസ്റ്റ് ചെയ്തത്. തോക്കിനായി പണം വാങ്ങിയതും തോക്ക് അന്വേഷിച്ച് തിരുവനന്തപുരത്തെത്തിയ വിനായകനെ മർദ്ദിക്കുകയും മൊബൈൽഫോൺ തട്ടിയെടുക്കുകയും ചെയ്‌തത്‌ അക്ഷയ് ആണെന്ന് ഡിവൈഎസ്‌പി പറഞ്ഞു. ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കില്ല. 
പത്തുപേരടങ്ങുന്ന സംഘം വിനയനെ നരസിമുക്ക്‌ ഇരട്ടക്കുളത്തെ സ്വകാര്യ കൃഷിയിടത്തിലെ ഷെഡിലെത്തിച്ച് രണ്ടുദിവസം കെട്ടിയിട്ട് മർദിച്ചു. കാണാതായ വിനയനെ അന്വേഷിച്ച് രാത്രി കൃഷിയിടത്തെത്തിയ നന്ദകിഷോറിനെ സംഘം തലയ്‌ക്കടിച്ചു. ഭൂതിവഴിയിൽ വിപിൻപ്രസാദിന്റെ കുടുംബക്ഷേത്രത്തിലെ ശാന്തിക്കാരനായ ഋഷിനന്ദന്റെ സഹോദരനാണ് മരിച്ച നന്ദകിഷോർ. ഇവർക്കൊപ്പം ക്ഷേത്രംജോലികളിൽ സഹായിയായി എത്തിയതാണ് വിനയൻ. ഭിന്നശേഷിക്കാരനായ നന്ദകിഷോർ അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുംമുമ്പ്‌ മരിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അവശനിലയിൽ കണ്ടെത്തിയ വിനയനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ 10 ദിവസത്തിനുശേഷമാണ്‌ മരിച്ചത്‌.
ഭൂതിവഴി വിപിൻ പ്രസാദ്(24), ദോണിഗുണ്ട് അഖിൽ(24), മേലെ കണ്ടിയൂർ ജോമോൻ(22), താവളം അനന്തു(19), ഭൂതുവഴി പ്രവീൺ(മാരി–-23), രജീവ് (22), ചെർപ്പുളശേരി നാഫി (24), ഒറ്റപ്പാലം സ്വദേശികളായ അഷറഫ് (33), സുനിൽകുമാർ (24), ജെല്ലിപ്പാറ ദോണിഗുണ്ട് പ്രശാന്ത് (രാഹുൽ, അമ്പലം -24)എന്നീ പ്രതികൾ റിമാൻഡിലാണ്‌.അഗളി ഡിവൈഎസ്‌പിയോടൊപ്പം എഎസ്ഐ നാസർ, സിപിഒമാരായ ദേവസ്യ, സുന്ദരി, ശ്രീനിവാസൻ എന്നിവരും ചേർന്നാണ് പ്രതിയെ പിടിച്ചത്. മണ്ണാർക്കാട് പട്ടികജാതി, പട്ടികവർഗ പ്രത്യേക കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top