20 April Saturday

മണ്ണുഴുത്‌ വിത്തെറിഞ്ഞ്‌ ആടിപ്പാടി ഒരുമയുടെ ‘കമ്പളം’

സ്വന്തം ലേഖകൻUpdated: Sunday May 28, 2023

നാഷണൽ മില്ലറ്റ് കോൺക്ലേവിന്റെ ഭാഗമായി കള്ളക്കര ഊരിൽ സംഘടിപ്പിച്ച വിത്ത്, നടീൽ ഉത്സവമായ കമ്പളം

അഗളി
ഉഴുതുമറിച്ച മണ്ണിൽ ഗോത്രതാളത്തിൽ ആട്ടവും പാട്ടുമായി ഒരുമയോടെ വിത്തെറിഞ്ഞ്‌ കമ്പളം. കൃഷിഭൂമിയെ ആദരിക്കുന്നതിന്റെ ചുമതല ഊരിന്റെ ഭരണക്കാരിൽ പ്രധാനിയായ മണ്ണൂക്കാരന്‌. റാഗി, ചാമ, തിന, വരഗ്, അമര, തുവര തുടങ്ങിയ ചെറുധാന്യങ്ങളുടെ വിത്ത് കൂട്ടി കലർത്തി മണ്ണൂക്കാരൻ വിത്തെറിഞ്ഞു. പിന്നെ കൊട്ടുംപാട്ടും ആട്ടവുമായി വിത്തിടീൽ. അട്ടപ്പാടിയിലെ ഗോത്ര സമൂഹത്തിന്റെ പരമ്പരാഗത വിത്തുനടീൽ ഉത്സവമായ കമ്പളം കുടുംബശ്രീയുടെ നേതൃത്വത്തിൽ ഷോളയൂർ പഞ്ചായത്തിലെ കള്ളക്കര ഊരിലാണ്‌ നടത്തിയത്‌. ആദിമ ഗോത്രസംസ്കൃതികളും മഹാശിലായുഗ ശേഷിപ്പുകളും നിലനിൽക്കുന്ന മണ്ണിൽ കൃഷിയും മനുഷ്യനും തമ്മിലുളള അഭേദ്യമായ ബന്ധമാണ്‌ കമ്പളം. 
കുടുംബശ്രീ അഗളി അട്ടപ്പാടി ക്യാമ്പ് സെന്ററിൽ സംഘടിപ്പിക്കുന്ന ദേശീയ മില്ലറ്റ്‌ കോൺക്ലേവിന്റെ ഭാഗമായിരുന്നു കമ്പളം. ആദിവാസി സമൂഹം പിന്തുടർന്ന പരമ്പരാഗത കാർഷിക രീതികളെ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. 
 കോൺക്ലേവിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും വിത്തിടാനെത്തി. ഊരിലെ സ്‌ത്രീകൾ വരവേറ്റു. സെമിനാറിൽ പങ്കെടുക്കാനെത്തിയ ഷർമിള ഓസ്വാൾ, നിഖില, എൻആർഎൽഎം ഡെപ്യൂട്ടി ഡയറക്ടർ രമൺ വാദ്ധ്വ, നാഷണൽ മിഷൻ മാനേജർ ജയറാം കില്ലി, മില്ലറ്റ് മാജിക് ഫൗണ്ടർ ശ്യാമ ജാ എന്നിവരും പങ്കാളികളായി.
അട്ടപ്പാടി ദ് ലാൻഡ് ഓഫ് മില്ലറ്റ്സ്- റീസ്റ്റോറിങ് ട്രഡീഷണൽ മില്ലറ്റ്സ് ഇൻ അട്ടപ്പാടി, മില്ലറ്റ്സ് ആൻഡ് ബിസിനസ് ഓപ്പർച്യൂണിറ്റീസ്, ലൈവ്‌ലി ഫുഡ്സ് ത്രൂ മില്ലറ്റ്സ് എന്നീ വിഷയങ്ങളിൽ സെമിനാർ നടന്നു. വിവിധ കലാപരിപാടികളും ഉണ്ടായി. കോൺക്ലേവ് ഞായറാഴ്‌ച സമാപിക്കും. സെമിനാർ, യുവജന സംഗമം, സമാപന സമ്മേളനം, സമ്മാനവിതരണം എന്നിവ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top