20 April Saturday

വീണ്ടും ചുരുളിക്കൊമ്പനെത്തി 
കൂടെ കുട്ടിക്കൊമ്പനും

സ്വന്തം ലേഖകൻUpdated: Sunday May 28, 2023

ഇതിനപ്പുറം ചാടിക്കടന്നവനാണീ.. പന്നിമട ആറങ്ങോട്ടുകുളമ്പ് പ്രദേശത്ത് ജനവാസമേഖലയ്ക്ക് സമീപം ഊരോലി വനത്തിൽ നിലയുറപ്പിച്ച ചുരുളിക്കൊമ്പനും (പാലക്കാട് ടസ്കർ–-5) കുട്ടിക്കൊമ്പനും വനപാലകർ പടക്കംപൊട്ടിച്ച് കാട്ടിലേക്ക് ഓടിക്കുന്നതിനിടെ റെയിൽപ്പാളം മുറിച്ചുകടക്കുന്നു ഫോട്ടോ: ശരത് കൽപ്പാത്തി

മലമ്പുഴ
ചുരുളിക്കൊമ്പനൊപ്പം കുട്ടിക്കൊമ്പനും, ഉറക്കമില്ലാതെ ആറങ്ങോട്ടുകുളമ്പുകാർ. പ്ലാവും മാവും മുറിച്ചിട്ട്‌ കഴിഞ്ഞ നാല്‌ ദിവസത്തിലധികമായി ആറങ്ങോട്ടുകുളമ്പിൽ ചുറ്റിക്കറങ്ങുന്ന ചുരുളിക്കൊമ്പൻ (പിടി 5) ശനിയാഴ്ച പുലർച്ചെ ആനക്കുട്ടിയെയും കൂട്ടിയാണ്‌ എത്തിയത്‌. നേരത്തെ കരടിയോട്ടിൽ മാവിൻ തോട്ടത്തിൽ കറങ്ങുകയായിരുന്നു ആനക്കുട്ടി. ഊരോളി കാട്ടിനുള്ളിൽ നിന്നെത്തിയ ആനകൾ രാത്രിയായപ്പോൾ വീടുകൾക്കിടയിലൂടെ നടന്ന്‌ നാശമുണ്ടാക്കി. മനോഹരന്റെ വീട്ടുമുറ്റത്തെ പ്ലാവിലെ ചക്ക തിന്നു. കുടിവെള്ള പൈപ്പ്‌ പൊട്ടിച്ച് പിഴുതെറിഞ്ഞു.
ജനങ്ങൾക്ക്‌ രാത്രി മുഴുവൻ വീട്ടിൽനിന്ന് പുറത്തിറങ്ങാനായില്ല. സാധാരണക്കാരാണ്‌ ഇവിടെ കൂടുതലും. കുളിമുറിയും ശുചിമുറിയും വീടിന് പുറത്താണ്. രാത്രി പുറത്തിറങ്ങനാവാതെ പ്രായമായവർ ബുദ്ധിമുട്ടി. വനം വകുപ്പിന്റെ ആർആർടി സംഘം രാവിലെ 8.25 മുതൽ ആനകളെ തുരത്താൻ തുടങ്ങി. പകൽ 12ന് മലമ്പുഴ, കഞ്ചിക്കോട് പാത കടത്തി ഓടിച്ചു. അയ്യപ്പൻ മലയുടെ താഴെ വരെയെത്തിച്ചാണ് സംഘം മടങ്ങിയത്‌. രാത്രി വീണ്ടമെത്തുമോയെന്ന ഭയത്തിലാണ് നാട്ടുകാർ. 
നേരത്തെ കൊന്നത്‌ 
രണ്ടുപേരെ 
കാട്ടാനകൾ രണ്ട്‌  മനുഷ്യജീവനെടുത്തത് ഇവിടെയാണ്. ഏക്കർ കണക്കിന് കൃഷിഭൂമി നശിപ്പിച്ചു. തെങ്ങ്, കവുങ്ങ്, വാഴ, മാവ്, പ്ലാവ് എന്നിവ നശിപ്പിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ വാളയാർ മുതൽ ആറങ്ങോട്ടുകുളമ്പ് വരെയുള്ള 18 കിലോമീറ്റർ വൈദ്യുതി വേലി സ്ഥാപിച്ചു. 
ആനക്കല്ല്–--മലമ്പുഴ പാതയോരത്ത് കരടിയോട്ടിൽ രണ്ടാഴ്‌ച മുമ്പ്‌ കാട്ടാനശല്യം രൂക്ഷമായിരുന്നു. മാവിൻ തോട്ടം പൂർണമായി നശിപ്പിച്ചു. ആനയെ കണ്ട് ഓടുന്നതിനിടയിൽ മത്സ്യത്തൊഴിലാളികളായ മൂന്നുപേർക്ക് പരിക്കേറ്റു. ആനക്കൂട്ടത്തെ കോഴിമലവഴി അയ്യപ്പൻകാട്ടിലേക്ക് കയറ്റി വിട്ടിട്ട്‌ ഒരാഴ്-ചയായതേയുള്ളൂ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top