19 April Friday
ഹോട്ടൽ വ്യാപാരിയുടെ കൊല

ഷിബിലിക്ക് ജോലിവാങ്ങി കൊടുത്തത്‌ ഫർഹാനയെന്ന്‌ ഉമ്മ

സ്വന്തം ലേഖകൻUpdated: Sunday May 28, 2023
ഒറ്റപ്പാലം
കോഴിക്കോട്‌ കൊല്ലപ്പെട്ട സിദ്ദിഖിനോട്‌ പറഞ്ഞ്‌ പ്രതി മുഹമ്മദ് ഷിബിലിക്ക്  ഹോട്ടലിൽ ജോലിവാങ്ങി കൊടുത്തത്‌ കൂട്ടുപ്രതി ഖദീജത്ത് ഫർഹാനയെന്ന് ഉമ്മയുടെ വെളിപ്പെടുത്തൽ. സിദ്ദിഖിനെ ഫർഹാനക്ക്‌ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും ഉമ്മ ഫാത്തിമ വ്യക്തമാക്കി.
ഫർഹാന ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഷിബിലിയുമായി അടുപ്പത്തിലായിരുന്നു. ഇതിനിടയിൽ 2021 ജനുവരിയിൽ ചെർപ്പുളശേരി പൊലീസ് സ്റ്റേഷനിൽ ഷിബിലി പീഡിപ്പിച്ചെന്നാരോപിച്ച് ഫർഹാന നൽകിയ പരാതിയിൽ ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കേസിനു ശേഷം ഇവർ വീണ്ടും സൗഹൃദത്തിലായി. ഷിബിലുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പറഞ്ഞെങ്കിലും ഫർഹാന കൂട്ടാക്കിയില്ലെന്ന്  ഉമ്മ ഫാത്തിമ പറഞ്ഞു. ചെന്നൈയിൽ ജോലി ചെയ്‌തിരുന്ന ഷിബിലി മേയ് ആദ്യവാരം തിരിച്ചെത്തി ഒളവണ്ണയിലെ സിദ്ദിഖിന്റെ ഹോട്ടലിൽ ജീവനക്കാരനായി. മേയ് 18ന് ഷിബിലിയെ പിരിച്ചുവിട്ടു. 
സിദ്ദിഖിനെ ഫർഹാനക്ക്‌ നേരത്തെ അറിയാമായിരുന്നുവെന്നും ഫാത്തിമ പറഞ്ഞു. ഒരു റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പരിചയപ്പെട്ടത്‌. കഴിഞ്ഞ 23നാണ് ഫർഹാന കോഴിക്കോട്ടേക്ക് പോയത്. ആധാർ കാർഡ് ശരിയാക്കാൻ ഷിബിലി  വിളിച്ചുവരുത്തുകയായിരുന്നുു. ഷിബിലി ആവശ്യപ്പെടുമ്പോഴെല്ലാം സാമ്പത്തികമായി ഫർഹാന സഹായിച്ചിട്ടുണ്ട്. ഷിബിലിയുമായുള്ള ബന്ധത്തിൽനിന്ന് പിന്തിരിയണമെന്ന്‌ പല തവണ ആവശ്യപ്പെട്ടതായി ഫർഹാനയുടെ  ഉപ്പ വീരാൻകുട്ടി പറഞ്ഞു. വിവാഹം നടത്തി കൊടുക്കണമെന്നാവശ്യപ്പെട്ട് ഷിബിലി സമീപിച്ചിരുന്നുവെന്നും അയാളുടെ മഹല്ലിലെ കത്തില്ലാത്തതിനാൽ നടത്താനാകില്ലെന്നറിയിച്ചതായും മഹല്ല് കമ്മിറ്റി സെക്രട്ടറി ഹസൻ പറഞ്ഞു.

ആസൂത്രണം ഷിബിലിയുടേത്‌
വിനോദ്‌ തലപ്പള്ളി
തിരൂർ
ഹോട്ടൽ വ്യാപാരിയായ സിദ്ദിഖിനെ ഹണി ട്രാപ്പിൽപ്പെടുത്താൻ ഫർഹാനയുമായി ചേർന്ന്‌ ആസൂത്രണം നടത്തിയത്‌ ഷിബിലിയെന്ന്‌ പൊലീസ്‌. ഫർഹാനയാണ്‌ ആഷിഖിനെ കൂട്ടുപിടിച്ചത്‌. ചെർപ്പുളശേരിയിലാണ് ഇതിനായി തന്ത്രങ്ങൾ മെനഞ്ഞത്. 
സൗദിയിൽവച്ച്‌ സിദ്ദിഖിന്‌ ഫർഹാനയുടെ ബാപ്പയുമായി സൗഹൃദമുണ്ടായിരുന്നു. അങ്ങനെയാണ്‌ ഫർഹാനയുമായുള്ള പരിചയം തുടങ്ങുന്നത്‌. ആ ബന്ധം ഉപയോഗിച്ചാണ്‌ ഷിബിലിയെ സിദ്ദിഖിന്‌ പരിചയപ്പെടുത്തിയതും സിദ്ദിഖിന്റെ ഹോട്ടലിൽ ജീവനക്കാരനാക്കിയതും. കൊലപാതകത്തിന് 15 ദിവസംമുമ്പാണ് ഷിബിലി ഹോട്ടലിൽ ജോലിക്ക് കയറിയത്. പ്രധാന തൊഴിലാളിയായിരുന്നതിനാൽ തന്ത്രപൂർവം സിദ്ദിഖിന്റെ എടിഎം പാസ്‌വേർഡ് ഇയാൾ മനസ്സിലാക്കി. 
പതിനെട്ടിന്‌ പകൽ ഷൊർണൂരിൽനിന്ന്‌ ഫർഹാന കോഴിക്കോട്ടെത്തി. അടുത്ത ട്രെയിനിൽ ആഷിഖും വന്നു.  മൂവരും ആലോചിച്ച്‌ സിദ്ദിഖിനോട്‌ കോഴിക്കോട്‌ എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുക്കാൻ ആവശ്യപ്പെട്ട്‌  വിളിച്ചുവരുത്തുകയായിരുന്നു. 
ഭീഷണിപ്പെടുത്താനായി ഷിബിലി മൂർച്ചയേറിയ കത്തി കരുതിയിരുന്നു. എതിർ ആക്രമണമുണ്ടായാൽ തടയാൻ ഫർഹാന ബാഗിൽ ചുറ്റികയും സൂക്ഷിച്ചിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top