25 April Thursday
ബംഗളൂരു–കൊച്ചി വ്യവസായ ഇടനാഴി

പുതുശേരിയിൽ 
സ്ഥലമെടുപ്പ്‌ വേഗത്തിൽ

സ്വന്തം ലേഖകൻUpdated: Sunday May 28, 2023
പാലക്കാട്‌
വ്യവസായ വികസന രംഗത്ത് വൻ മുന്നേറ്റമുണ്ടാക്കുന്ന ബംഗളൂരു–-കൊച്ചി വ്യവസായ ഇടനാഴിക്ക്‌ പുതുശേരിയിൽ സാമൂഹ്യാഘാത പഠനം പൂർത്തിയായി. തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ്‌ ഡെവലപ്‌മെന്റ്‌ ഏജൻസിയാണ്‌ പഠനം നടത്തിയത്‌. ഇതോടെ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാർ ഉത്തരവിട്ടു. 
പുതുശേരി സെൻട്രൽ വില്ലേജിൽ ബ്ലോക്ക്‌ 31, 34 എന്നിവയിൽപ്പെട്ട 4.52 ഹെക്‌ടർ ഏറ്റെടുക്കാനുള്ള പ്രാരംഭനടപടി തുടങ്ങി. പദ്ധതിപ്രദേശത്തേക്ക്‌ എൻഎച്ച്‌ 544ൽനിന്ന്‌ ഗതാഗതസൗകര്യം ലഭ്യമാക്കുന്നതിനാണ്‌ സ്ഥലമേറ്റെടുക്കുന്നത്‌.
പ്രദേശത്ത്‌ വ്യവസായ പാർക്ക്‌, മെഗാ ഫുഡ്‌പാർക്ക്‌, ഐഐടി, ദേശീയപാത, റെയിൽവേ ലൈൻ എന്നിവയുള്ളതിനാൽ സ്ഥലം പദ്ധതിക്ക്‌ ഏറ്റവും അനുയോജ്യമാകും. 15 ഭൂവുടമകളെ നേരിട്ടും ഒരു വീടിനെ ഭാഗികമായും മാത്രമേ ബാധിക്കുന്നുള്ളൂ. ഇവർക്ക്‌ ന്യായമായ നഷ്‌ടപരിഹാരവും പുനരധിവാസ പാക്കേജും നടപ്പാക്കും. ഭൂമി നഷ്‌ടപ്പെടുന്ന കുടുംബങ്ങൾക്കായി പബ്ലിക്‌ ഹിയറിങ്ങും നടത്തി. 
തണ്ണീർത്തടം, വരണ്ട ഭൂമി, വനഭൂമി എന്നീ വിഭാഗങ്ങളിലാണ്‌ ഭൂമി ഉൾപ്പെടുക. വനഭൂമി കൂടുതലും പാറയാണ്‌. പൊതുവായി ഉപയോഗിക്കുന്ന ഭൂമിയോ ആരാധനാലയങ്ങളോ ഉൾപ്പെടുന്നില്ല. അന്തിമ റിപ്പോർട്ട്‌ സർക്കാർ വെബ്‌സൈറ്റിലും ജില്ലാ ഭരണകേന്ദ്രം വെബ്‌സൈറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്‌. 
സാമൂഹ്യാഘാത പഠനം വിലയിരുത്തി കലക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയും സർക്കാരിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചതോടെയാണ്‌ ഭൂമി ഏറ്റെടുക്കാൻ നടപടിയായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top