25 April Thursday
രണ്ടുമാസത്തെ പെൻഷനായ 2400 രൂപയാണ്‌ വിതരണം ചെയ്യുന്നത്‌

ക്ഷേമ പെൻഷൻ വിതരണം ഊർജിതം

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020
പാലക്കാട്‌
കോവിഡ്‌–-19 മഹാമാരി രാജ്യത്ത്‌ പിടിമുറുക്കുമ്പോൾ ജനങ്ങൾക്ക്‌ സമാശ്വാസമാകാൻ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നടത്താനുള്ള  എൽഡിഎഫ്‌ സർക്കാർ തീരുമാനം യുദ്ധകാല അടിസ്ഥാനത്തിൽ മുന്നോട്ട്‌.  1200 രൂപ വീതം ഒക്ടോബർ, നവംബർ മാസത്തെ ക്ഷേമ പെൻഷൻ 2400 രൂപയാണ്‌ ഇപ്പോൾ സഹകരണ സംഘങ്ങൾ മുഖേന  വിതരണം ചെയ്യുന്നത്‌.  
ഇക്കഴിഞ്ഞ ബജറ്റിൽ സർക്കാർ വർധിപ്പിച്ച 100 രൂപ ഏപ്രിൽ മാസത്തെ പെൻഷനൊപ്പം ലഭിക്കും. അടുത്ത മാസം അഞ്ച്‌മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌. വർധിപ്പിച്ച 100 രൂപ ഉൾപ്പെടെ ഏപ്രിൽ മാസത്തെ പെൻഷൻ തുകയായ 1300  രൂപയും ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലെ 1200 രൂപ വീതം ആകെ 6100 രൂപ അടുത്തമാസം ഗുണഭോക്താക്കൾക്ക്‌ വീടുകളിൽ ലഭിക്കും.  അതോടെ ഓരോ ഗുണഭോക്താവിനും 8500 രൂപ പണമായി കൈകളിലെത്തും. വെള്ളിയാഴ്‌ച മുതലാണ്‌ വിതരണം നിശ്‌ചയിച്ചതെങ്കിലും വ്യാഴാഴ്‌ച തന്നെ സഹകരണ സംഘങ്ങൾ വഴിയുള്ള പെൻഷൻവിതരണം തുടങ്ങി. 31ന്‌ മുമ്പ്‌ വിതരണം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. 
ഏപ്രിലിലാണ്‌ ക്ഷേമ പെൻഷൻ വിതരണം തുടങ്ങേണ്ടിയിരുന്നത്‌. ലോക്ക്‌ ഡൗൺ മൂലമുണ്ടാകുന്ന ജനങ്ങളുടെ പ്രതിസന്ധി കണക്കിലെടുത്താണ്‌ മാർച്ചിൽ തന്നെ രണ്ട്‌ മാസത്തെ പെൻഷൻ നൽകാൻ സർക്കാർ തീരുമാനിച്ചത്‌. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മാസ്‌ക്‌, കൈയ്യുറ, സാനിറ്റൈസർ തുടങ്ങി എല്ലാ സുരക്ഷാമുൻകരുതലുമായാണ്‌ ആളുകൾക്ക്‌ നേരിട്ട്‌ വീടുകളിൽ പെൻഷൻ എത്തിക്കുന്നത്‌. 
106 സഹകരണസംഘങ്ങളിലെ 1500 ഏജന്റുമാർ നേരിട്ട്‌ വീടുകളിലെത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top